വിവാദങ്ങളുടെ വലിയ മേളത്തിലും ഇടയ്ക്ക് കെഎസ്ആർടിസിയുടെ രക്ഷകന്റെ േവഷത്തിലും മലയാളി കേട്ട പേരുകാരന്‍. ആ മനുഷ്യന്റെ മറ്റൊരു മുഖം മലയാളി തിരിച്ചറിയുകയാണ്. മനോരമ ന്യൂസിലെ ക്രിസ്മസ് പ്രത്യേക അഭിമുഖത്തിലെ ടോമിന്‍ തച്ചങ്കരിയുടെ വാക്കുകളും വെളിപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ടോമിൻ‌ ജെ തച്ചങ്കരി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ മറ്റൊരു ഏടാണ് അഭിമുഖത്തില്‍. ഭാര്യ അനിതയോടുള്ള അടങ്ങാത്ത ഇഷ്ടവും അവരുടെ മരണം സമ്മാനിച്ച വലിയ മാറ്റങ്ങളും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഡെൻസിൽ ആന്റണിയോട് അദ്ദേഹം തുറന്നു പറഞ്ഞു.

‘കാൻസർ ബാധിച്ചാണ് അഞ്ചുമാസം മുൻപ് അവൾ മരിച്ചത്. പെട്ടെന്നാണ് രോഗം അവളെ കീഴ്പ്പെടുത്തിയത്. ഞാൻ വിരമിച്ചൊക്കെ വന്നശേഷം അവൾക്കൊപ്പം പങ്കിടാൻ വച്ച സ്നേഹവും സൗഹൃദവും പിണക്കങ്ങളും ഇപ്പോൾ ബാക്കിയായി. അറിഞ്ഞിരുന്നില്ലല്ലോ അവൾ ഇങ്ങനെ പോകുമെന്ന്. മൂന്നുമാസം കൂടി ആയുസ് പറഞ്ഞതോടെ എനിക്ക് അത് താങ്ങാവുന്നതിനും അപ്പുറമായി. വെട്ടിപ്പിടിക്കുന്നതിനൊന്നും അർഥമില്ലെന്നും തോന്നി. അവൾ പോകുന്നതിന് മുൻപ് മക്കളുടെ കല്യാണം ഒക്കെ നടത്തി...’

‘അവളെ കൃത്യമമായി പിടിച്ച് നിർത്തരുതെന്ന് പറയുമായിരുന്നു. എന്നെ പോകാൻ അനുവദിക്കണം. വെന്റിലേറ്ററിന്റെ സഹായത്തോടെയൊന്നും എന്നെ പിടിച്ചിടരുതെന്ന് പറഞ്ഞിരുന്നു. വെറും 15 ദിവസം മാത്രമാണ് അവൾ വേദന തിന്നത്. മരിച്ച് കഴിഞ്ഞ് അവളെ പള്ളിയിൽ അടക്കാൻ കൊണ്ടുപോയ ആ യാത്ര അത് വല്ലാത്ത കണ്ണീരാണ് എപ്പോഴും. സമയമാം രഥത്തിൽ എന്ന പാട്ടാണ് ആദ്യം കേൾക്കുന്നത്. അപ്പോൾ ഞാനും മക്കളും അവളുടെ അരികിലുണ്ട്...’

‘അടുത്ത പാട്ടായി വന്നത് ഞാൻ സംഗീതം നൽകി എം.ജി ശ്രീകുമാർ ആലപിച്ച ‘പോകുന്നേ ഞാൻ എൻ ഗൃഹം തേടി..’ എന്ന പാട്ടും. അവളുടെ അരികിലിരുന്ന് ഞാനിത് കേൾക്കുവാണ്. അതിലൊരു വരിയുണ്ട്. ‘ദേഹമെന്ന വസ്ത്രം ഉൗരി ഞാൻ ആറടി മണ്ണിൽ താഴ്ത്തവെ..’ അന്ന് അതുപാടിയപ്പോൾ ശ്രീകുമാർ തന്നെ പറഞ്ഞു. സാറെ എനിക്ക് പേടിയാവുന്നു എന്ന്. പക്ഷേ അത് എന്റെ ജീവിതത്തിൽ വരുമെന്ന് അന്ന് കരുതിയിരുന്നില്ല. അവളായിരുന്നു എല്ലാം. എന്നെ രാഷ്ട്രീയക്കാർ വേട്ടയാടുമ്പോൾ പേടിച്ചിരുന്നു അവൾ. ഞാൻ ആദ്യം മരിക്കുമെന്നാ കരുതിയേ. നമ്മുടെ ജോലി അങ്ങനെയാണല്ലോ. അതൊക്കെ തമാശയായിട്ട് പറയുമ്പോൾ ഞാൻ അവളോട് ചോദിക്കും. നീ വേറെ കല്യാണം കഴിക്കുമോ എന്ന്. പിന്നെ ഒന്ന് കെട്ടിയത് തന്നെ ഇങ്ങനെ... എന്ന് തമാശയോടെ അവൾ മറുപടി പറയുമായിരുന്നു. എന്നാൽ...’ വാക്കുകളിൽ വിതുമ്പി, കണ്ണീരണിഞ്ഞ് ടോമിൻ പറഞ്ഞു. വിഡിയോ കാണാം.