ശുചിമുറിയിലെത്തിയ വീട്ടമ്മ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മധ്യ തായ്‌ലൻഡിലാണ് സംഭവം നടന്നത്. ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയെ അവിടെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ആക്രമിക്കുകയായിരുന്നു. ആദ്യം വീട്ടമ്മയെ കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാൻ തുടങ്ങി. ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ അവിടെയുണ്ടായിരുന്ന സാധനങ്ങളെടുത്ത് തിരിച്ചാക്രമിച്ചു. 

 

ഒരുവിധത്തിൽ പാമ്പിന്റെ തലയിൽ പിടുത്തമിട്ട വീട്ടമ്മ സഹായത്തിനായി മകനെ വിളിച്ചു. പാമ്പിന്റെ തല തറയിൽ അമർത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്.  അപ്പോഴും വീട്ടമ്മയെ പാമ്പ് വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിച്ചു. 

 

കത്തിവച്ച് പാമ്പിനെ മുറിവേൽപ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്ന പാമ്പിന്റെ പിടി അയഞ്ഞു. പാമ്പിന്റെ കടിയിൽ വീട്ടമ്മയുടെ ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

 

പാമ്പിന്റെ പിടി അയഞ്ഞതും വീട്ടമ്മയെ മകൻ വലിച്ചു പുറത്തെടുത്തു. പാമ്പിനെ ശുചിമുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു ഉടൻ തന്നെ ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചു. വീട്ടമ്മയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ പാമ്പ് പിന്നീട് ചത്തു. വീട്ടമ്മയുടെ മകളായ സിറ്റിവിചായ് ആണ് ശുചിമുറിയിൽ ചത്തുകിടക്കുന്ന പാമ്പിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.