യാത്രയ്ക്കായി ഊബര്‍ ടാക്‌സി ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ ഊബറില്‍ യാത്ര ചെയ്യവെ തനിക്കുണ്ടായ മോശം അനുഭവമാണ് നടി പങ്കുവച്ചത്. യാത്രക്കായി ഊബര്‍ ടാക്‌സി തെരഞ്ഞെടുത്ത തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായെന്നും വിദേശത്ത് യാത്രചെയ്യാന്‍ കഴിവതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നുമായിരുന്നു സോനത്തിന്റെ ട്വീറ്റ്.

 

‘സുഹൃത്തുക്കളെ, എനിക്ക് ലണ്ടനിലെ ഊബര്‍ യാത്രക്കിടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. നല്ലപോലെ കരുതിയിരിക്കൂ. കഴിയുമെങ്കില്‍ പൊതുഗതാഗത സൗകര്യം തന്നെ ഉപയോഗപ്പെടുത്തൂ. ഞാനാകെ അസ്വസ്ഥയാണ്..’ ഇതായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.

 

സോനം കപൂറിന്റെ ട്വീറ്റ് കണ്ട് സംഭവിച്ചതെന്തെന്ന് ആരാഞ്ഞ് ആരാധകരും സിനിമാസുഹൃത്തുക്കളും രംഗത്തു വന്നു. സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് സോനം സംഭവം ഒന്നുകൂടി വിശദീകരിച്ചു.  

താന്‍ വിളിച്ച ഊബര്‍ ടാക്‌സിയുടെ ഡ്രൈവര്‍ സമനിലതെറ്റിയ പോലെയായിരുന്നു. അയാള്‍ അലറിവിളിക്കുകയായിരുന്നു. അയാളുടെ പെരുമാറ്റം കണ്ട് ഞാനാകെ വിരണ്ടുപോയെന്നും സോനം പറഞ്ഞു. 

 

ട്വീറ്റ് വൈറലായതോടെ  ഊബര്‍ സോനത്തിന് ക്ഷമാപണവുമായി ട്വീറ്റ് ചെയ്തു. നടിയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ഇമെയില്‍ ഐഡി സഹിതം ഒരു പരാതി എഴുതിത്തരുമോ എന്നും കര്‍ശന നടപടി സ്വീകരിക്കാമെന്നും ട്വീറ്റിലുണ്ട്. 

 

ഈമാസം ആദ്യം  സോനം കപൂര്‍ ബ്രിട്ടീഷ് എയര്‍വൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ നിന്നും ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഞാന്‍ പഠിക്കേണ്ടത് പഠിച്ചു ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയര്‍വൈസ് ഉപയോഗിക്കില്ല എന്നായിരുന്നു സോനം പ്രതികരിച്ചത്.