എല്ലാവരും പഠിക്കുമ്പോൾ കുറച്ച് കലാപരിപാടിയുമായി മുന്നോട്ടു പോകും. എന്നാല്‍ അമൽ കലയ്ക്ക് വേണ്ടി വീണ്ടും പഠിക്കുകയായിരുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഒന്നാംസ്ഥാനം നേടി മിമിക്രിയിൽ സലിംകുമാര്‍ ഇട്ട റെക്കോര്‍ഡ് ഇനിയില്ല. അതാണ്  നാലാമത്തെ വിജയത്തിലൂടെ അമല്‍ എന്ന മിടുക്കന്‍ തിരുത്തിയത്. ചരിത്രം കുറിക്കാനുള്ള മോഹത്തോടെ വീണ്ടും ബിരുദ പഠനത്തിന് ചേര്‍ന്ന അമല്‍ ഇത്തവണ അത് സ്വന്തമാക്കുകയായിരുന്നു. 25 വർഷം പഴക്കമുള്ള നടൻ സലിംകുമാറിന്റെ റെക്കോർഡ് തിരുത്തിയ കഥ ഇങ്ങനെ. പുലർവേളയിൽ അതിഥിയായി എത്തിയാണ് അമൽ തന്റെ ജീവിതം പറഞ്ഞത്. ആ കഥ പറയുമ്പോള്‍ പലപ്പോഴും അമലിന് വാക്കുകള്‍ ഇടറി. 

 

ഡിഗ്രിപഠനശേഷം ജോലിക്കുപോകാനായിരുന്നു ശ്രമം. പക്ഷെ  ആത്യന്തികമായി നടനാകുകയായിരുന്നു ലക്ഷ്യം. ഇതറിയാവുന്ന അടുത്ത സുഹൃത്തുക്കളും അധ്യാപകരും പറഞ്ഞു, ജോലിക്കുപോയാൽ സിനിമ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുമെന്ന്. പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതൽ അവസരങ്ങൾ വന്നുചരുക. അഞ്ചാം ക്ലാസിൽ വച്ചാണ് ആദ്യമായി മിമിക്രി അവതരിപ്പിക്കുന്നത്. ഒമ്പതാംക്ലാസിൽ വച്ചാണ് മത്സരത്തിൽ പങ്കെടുത്തു തുടങ്ങുന്നത്. പിന്നീടെപ്പോഴും ഒന്നാംസ്ഥാനമായിരുന്നു മിമിക്രിക്ക്.

 

രണ്ടാം വർഷം ബിരുദത്തിന് പഠിക്കുമ്പോഴാണ് നടൻ സലിംകുമാറിന് ഇത്തരമൊരു റെക്കോഡ്‍ കിട്ടിയിട്ടുണ്ടെന്ന് അറിയുന്നത്. അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞതായിരുന്നു അത്. സലിമേട്ടൻ റെക്കോഡിടുമ്പോൾ ഞാൻ ജനിച്ചിട്ടുപോലുമില്ല. ആദ്യം ബിരുദമെടുത്തത്  കാലടി ശ്രീശങ്കരാ സർവകലാശാലയിൽ നിന്നാണ്. എംഎസ് സിക്ക് പഠിക്കാൻ കോളജിലെ അധ്യാപകൻ നിർബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ വീട്ടിലെ അവസ്ഥ സാമ്പത്തികമായി മോശമായതിനാൽ ജോലിക്കുപോകാൻ തന്നെ ആയിരുന്നു തീരുമാനം. 

 

പിന്നീട് ആലോചിച്ചപ്പോഴാണ് പഠിക്കാതെ ഒരിടത്തുമെത്തില്ലെന്ന് മനസിലായത്. അങ്ങനെ കോളജിലെ സാറിനെ വിളിക്കുകയായിരുന്നു., പക്ഷെ അപ്പോഴേക്ക് പിജി യുടെ അഡ്മിഷൻ കഴിഞ്ഞിരുന്നു. എന്തെങ്കിലുമൊരു ചെറിയ സബ്ജക്ട് മതി പഠിക്കാൻ എന്ന് തീരുമാനിക്കുകയായിരുന്നു. ഒരു വേദിക്കുവേണ്ടി കുറേ അലഞ്ഞിട്ടുണ്ട്. പക്ഷെ ആരും അവസരം തന്നിരുന്നില്ല. ഇപ്പോൾ പത്രവാർത്തകൾ ഒക്കെ കണ്ട് ഒരുപാട് വേദികളിലൊക്കെ വിളിക്കുന്നുണ്ട്. 

 

അമലിന് ആശംസനേരാൻ മനോരമ ന്യൂസില്‍ തല്‍സമയം ഫോൺകോളിലൂടെ സലിംകുമാറെത്തി. ‘പത്രക്കാരാണ് വിളിച്ചുപറയുന്നത് അമലിന്റെ നേട്ടത്തെക്കുറിച്ച്. കഴിഞ്ഞവർഷമേ എനിക്ക് ഉറപ്പുണ്ടായിരുന്നു അമൽ എന്റെ റെക്കോർഡ് തിരുത്തുമെന്ന്. അമലിന് നിശ്ചയദാർഢ്യമുണ്ടായിരുന്നു. നമ്മളുടെ മനസിൽ ഒരു ആഗ്രഹമുണ്ടെങ്കിൽ, നിശ്ചയദാർഢ്യമുണ്ടെങ്കിൽ അത് നടന്നിരിക്കും...’ സലീംകുമാര്‍ പറഞ്ഞു. എന്റെ ഒരേ ഒരു ആഗ്രഹം നടനാകണമെന്നായിരുന്നും സലീംകുമാർ പറഞ്ഞു. 

 

അപ്പോള്‍ ഞാനൊരു നടനാകുമെന്ന് സലീമേട്ടൻ കരുതുന്നുണ്ടോ എന്ന് അമൽ ചോദിച്ചു. നീ നടനായിക്കഴിഞ്ഞു, മനസുകൊണ്ട് നീ നടനായിക്കഴിഞ്ഞു എന്ന് സലിം കുമാർ പറഞ്ഞു, ഇതോടെ അമലിന്റെ കണ്ണുകൾ നിറയുകയായിരുന്നു. നേരിൽ കാണാമെന്ന് പറഞ്ഞാണ് സലിംകുമാർ ഫോൺ വച്ചത്. വിഡിയോ സ്റ്റോറി കാണാം.