‘റീത്ത് ഒരു അവശ്യവസ്തുവല്ലേ എന്ന് സ്വയം ചോദിച്ചുപോയത് ശശിയേട്ടന്റെ മൃതദേഹം കണ്ടപ്പോഴാണ്. ഉള്ളുവിങ്ങുന്ന കാഴ്ചയായിരുന്നു അത്. ഒരുപക്ഷേ ഈ കൊറോണ കാലം അല്ലായിരുന്നെങ്കിൽ ആ വീട് നാടക–സിനിമാ പ്രവർത്തകരുടെ കടലായേനെ... ഞാൻ ചെന്നപ്പോൾ കാണുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം ചുറ്റും. ഒരു റീത്ത് പോലും ആ മൃതദേഹത്തിൽ സമർപ്പിച്ചിട്ടല്ല..’ വിനോദ് കോവൂരിന്റെ ഈ വാക്കുകൾക്ക് യാഥാർഥ്യത്തിന്റെ മുഖമാണ്. പുറത്തിറങ്ങാൻ പറ്റാതിരിക്കുമ്പോൾ പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുക, അവരെ അവസാനമായി ഒരു നോക്കുകാണാൻ പറ്റാത്ത അവസ്ഥ. അതിനോളം വലുതെന്താണുള്ളതെന്ന് വിനോദ് ചോദിക്കുന്നു.
ലോക്ഡൗൺ നീട്ടാൻ പോകുന്നു എന്ന വാർത്ത വരുമ്പോൾ പട്ടിണിയായ കലാകാരൻമാരുടെ സങ്കടം കൂടിയാണ് വിനോദ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് തുറന്നു പറയുന്നത്.
വിനോദേ, ഒരു റീത്ത് കൂടി വാങ്ങാൻ നോക്കണേ...
ഇടവേള ബാബുച്ചേട്ടൻ വിളിച്ചു പറഞ്ഞു. പലർക്കും എത്താൻ സാധിക്കില്ല. വിനോദ് പോകണം. ശശിയേട്ടന് ആദരം അർപ്പിക്കണം. പറ്റുമെങ്കിൽ ഒരു റീത്ത് സമർപ്പിക്കണം. പക്ഷേ ഒരുപാട് അന്വേഷിച്ചു. റീത്ത് കിട്ടിയില്ല. അവിടെ നിന്ന കുറച്ച് പൂക്കളാണ് ഞാൻ അദ്ദേഹത്തിന് സമർപ്പിച്ചത്. ഒരുപക്ഷേ ഈ അവസരത്തിലല്ല അദ്ദേഹം മരിച്ചതെങ്കിൽ ഇതാകുമായിരുന്നില്ല. നാടക–സിനിമാപ്രവർത്തകരെ കൊണ്ട് നിറഞ്ഞനേ. വല്ലാത്ത ഒരു ദുർവിധിയാണ് ശശിയേട്ടന് ഉണ്ടായത്. മരിക്കുന്നതിന്റെ മുൻപത്തെ ദിവസവും അദ്ദേഹം സജീവമായിരുന്നു. ലോക്ഡൗൺ കാലത്തെ കുറിച്ച് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. ആ ആത്മാവിന് ഇത് മനസിലാക്കാൻ കഴിയുന്നുണ്ടാകും.
ഒരു മോഹം ബാക്കി വച്ച് ശശി കലിംഗ
ശശിയേട്ടന് നായകനായി ഒരു പടത്തിൽ അഭിനയിക്കണമെന്ന് വലിയ മോഹമായിരുന്നു. ഹോളിവുഡ് പടത്തിൽ അഭിനയിച്ചപ്പോൾ വലിയ തുക പ്രതിഫലം ലഭിച്ചിരുന്നു. സുധി എന്ന സംവിധായകനോട് അദ്ദേഹം ഈ മോഹം പറയുകയും ചെയ്തിരുന്നു. നിർമാതാവിനെ കിട്ടിയില്ലെങ്കിൽ ഞാൻ ഒരു കൈനോക്കാം. കുറച്ച് പണം ഉണ്ട്. എനിക്ക് നായകനായി ഒരു സിനിമ ചെയ്യണം എന്ന് സുധിയോട് അദ്ദേഹം പറഞ്ഞിരുന്നു. വിരമിച്ച പട്ടാളക്കാരന്റെ ജീവിതം അടിസ്ഥാനമാക്കി ഒരു കഥയും തയാറാക്കിയിരുന്നു. എന്നാൽ ആ മോഹം നടന്നില്ല.
പട്ടിണിയുടെ ഫോൺകോളുകൾ
ഈ രണ്ടുമാസം സാധാരണ കലാകാരൻമാർ ഒരു വർഷത്തേക്കുള്ള സമ്പാദ്യം ഉണ്ടാക്കുന്ന സമയമാണ്. അന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്കെല്ലാം ഈ ലോക്ഡൗൺ വലിയ ദുരവസ്ഥയാണ് നൽകുന്നത്. പലരും വിളിച്ച് ചോദിക്കുന്നുണ്ട്. സർക്കാർ തരുമെന്ന് പറയുന്ന 2,000 രൂപ എങ്ങനെ ലഭിക്കും എന്ന്. അതിന്റെ നിയമവശങ്ങളെന്താണെന്ന് എന്നൊക്കെ. എനിക്ക് കൃത്യമായി പറഞ്ഞുകൊടുക്കാൻ അറിയില്ല. എന്നെ െകാണ്ട് ആവുന്ന പോലെ ചെറിയ സഹായം ഒക്കെ ഞാനും ചെയ്യുന്നുണ്ട്. സർക്കാർ സൗജന്യമായി അരി കൊടുക്കുന്നുണ്ട്. അതുകാെണ്ട് പട്ടിണിയില്ലെന്ന് പറയാം എന്നാണ് പലരും പറയുന്നത്.
ഇനി ഓണം വരണം ഒന്നു നിവർന്നുനിൽക്കണമെങ്കിൽ. കഴിഞ്ഞ രണ്ടുവർഷത്തെ പോലെ ഒരു പ്രളയം കൂടി വന്നാൽ അതു വലിയ കഷ്ടമാകും. അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാർഥിക്കാം.’ വിനോദ് പറയുന്നു.