ഹജ്ജിനു പോകാന്‍ സ്വരുക്കൂട്ടിവെച്ച പണം കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ ആഹാരത്തിനായി നല്‍കിയ അബ്ദുൽ റഹ്മാനെ പ്രശംസിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍. മംഗലാപുരത്തിനടുത്തുള്ള ബന്തവാൽ താലൂക്കിലെ ഒരു കൂലി പണിക്കാരനാണ് അബ്ദുൽ റഹ്മാൻ. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിർവിക്കാൻ പോകണമെന്നായിരുന്നു അബ്ദുൽ റഹ്മാന്റെ ആഗ്രഹം. എന്നാൽ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലാണ് അബ്ദുൽ റഹ്മാൻ സമ്പാദ്യം മുഴുവൻ ദാനം ചെയ്തത്. 

റഹ്മാനെ പ്രശംസിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്:

''മംഗലാപുരം ബന്തവാൽ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരനായ മനുഷ്യൻ മനസ്സ് നിറക്കുന്ന നന്മയുടെ വസന്തമായി മാറിയിരിക്കുന്നു. വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുക എന്ന ലക്ഷ്യത്തിൽ തന്റെ ജീവിത ലക്ഷ്യം കേന്ദ്രീകരിച്ച സാത്വികനായ മനുഷ്യൻ. അരവയർ മുറുക്കിയും കഠിനാദ്ധ്വാനം ചെയ്തും ഹജ്ജ് എന്ന ചിരകാല സ്വപ്നത്തിനായി താൻ സ്വരൂപിച്ച തുകയത്രയും അശരണന്റെ ശൂന്യമായ വയറിന്റെ വിളിക്കുത്തരം നൽകാൻ ആ മഹാ മനുഷ്യൻ മാറ്റി വെച്ചിരിക്കുന്നു. എന്തൊരത്ഭുതമാണത്.

ഇബ്നു കസീർ (റ) രേഖപ്പെടുത്തിയ ഒരു ചരിത്രം സാന്ദർഭികമായി ഓർത്തു പോവുന്നു.

ഇബ്നു മുബാറക്(റ) ഒരിക്കൽ തന്റെ ശിഷ്യന്മാരുമൊത്ത് വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുവാനായി യാത്ര ചെയ്യുകയാണ്. വഴിമദ്ധ്യേ അവരുടെ കൂടെയുണ്ടായിരുന്ന ഒരു പക്ഷി ചത്തുപോയി. പക്ഷിയുടെ ജഡം ഏതെങ്കിലും കുപ്പത്തൊട്ടിയിൽ കളയാൻ ഇബ്നു മുബാറക് (റ) ശിഷ്യന്മാരോട് പറയുന്നു.അങ്ങനെ ശിഷ്യർ പോയി ആളുകൾ പാഴ്വസ്തുക്കൾ ഒഴിവാക്കുന്ന ഒരിടത്ത് ആ ജീവനറ്റ പക്ഷിയേയും ഒഴിവാക്കി.ഇബ്നു മുബാറക് (റ) അവരെ അനുഗമിച്ചു.അനന്തരം ഒരു സ്ത്രീ വന്ന് തങ്ങൾ ഒഴിവാക്കിയ ചത്ത പക്ഷിയെ കുപ്പതൊട്ടിയിൽ നിന്നുമെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.ഇബ്നു മുബാറക് (റ) അവരുടെ പിന്നാലെ ചെന്ന് അതെന്തിനാണെന്ന് അന്വേഷിച്ചു.അപ്പോഴവർ പറഞ്ഞു. 'ഞാനും എന്റെ സഹോദരനുമാണിവിടെയുള്ളത്. ഞങ്ങൾ ധരിച്ചിരിക്കുന്ന ഈ വസ്ത്രമൊഴികെ മറ്റൊന്നും കൈവശമില്ല. ഈ കുപ്പത്തൊട്ടിയിൽ ആരെങ്കിലും ഒഴിവാക്കുന്ന അവശിഷ്ടങ്ങളാണ് കുറേ ദിവസങ്ങളായിട്ട് ഞങ്ങളുടെ ജീവൻ നിലനിർത്താനുള്ള മാർഗം. മറ്റ് ഭക്ഷണങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ഈ ജീവനറ്റ മൃഗങ്ങൾ ഞങ്ങൾക്ക് ഹലാലാണ്.' അതു കേട്ട ഇബ്നു മുബാറക് (റ) തങ്ങളുടെ കയ്യിൽ എത്ര ധനമുണ്ടെന്ന് ശിഷ്യരോട് ചോദിച്ചു. ആയിരം ദിനാർ എന്ന് മറുപടി നൽകി.സ്വഭവനത്തിലേക്ക് തിരിച്ചു പോകാൻ തങ്ങൾക്ക് എത്ര ദിനാർ ആവശ്യം വരുമെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു.ഇരുപത് ദിനാർ ആവശ്യമായി വരുമെന്ന് ശിഷ്യർ പറഞ്ഞപ്പോൾ ബാക്കി വരുന്ന തൊള്ളായിരത്തി എൺപത് ദിനാറും ആ സഹോദരിക്ക് നൽകാൻ ആവശ്യപ്പെട്ട് ഇബ്നു മുബാറക് (റ) ഇപ്രകാരം പറഞ്ഞു.ഈ വർഷം നാം ഹജ്ജ് നിർവ്വഹിക്കുന്നതിനെക്കാൾ ഉത്തമമായ പ്രവർത്തി ഇവരെ സഹായിക്കലാണ്..

കൊറോണ കാലം പ്രവചനാതീതമായ അവസ്ഥകളിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഒരു പക്ഷെ ഇത് വരെ ലോകം അഭിമുഖീകരിക്കാത്ത ഇല്ലായ്മയുടെയും വറുതിയുടെയും ദിനരാത്രങ്ങളാവാം അത്. അവിടെ, സഹജീവികളുടെ വിശപ്പടക്കലാണ് പ്രഥമ കടമയെന്ന് ഒരു വിശ്വാസിയെന്ന അർത്ഥത്തിൽ മനസിലാക്കി നമുക്കോരോരുത്തർക്കും മാതൃക തീർത്ത ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന മനുഷ്യസ്നേഹിയായ ഹാജിയുടെ ഹജ്ജും അള്ളാഹു സ്വീകരിച്ച് അനുഗ്രഹിക്കുമാറാവട്ടെ...''