veedu-one

സ്വന്തമായി ഒരു വീട്... ഏതൊരു മലയാളിയുടെയും സ്വപ്നമാണിത്. സ്വപ്നത്തിൽ നിന്നും വീടെന്ന യാഥാർത്ഥ്യത്തിലേക്ക് എത്തുമ്പോഴേക്കും ഭൂരിഭാഗം ആളുകൾക്കും പറയാനുണ്ടാകുക 'വീട് പണി കൈവിട്ട് പോയി', 'ജീവിതകാലം മുഴുവനും അധ്വാനിച്ചാലും തീരാത്ത ബാധ്യതയായി', 'ഉദ്ദേശിച്ച പോലെ ഒന്നും ശരിയായില്ല', 'കുറച്ചുകൂടി നന്നാക്കാമായിരുന്നു', 'ആർക്കിടെക്ട് നമ്മുടെ ഒരു ടേസ്റ്റിനു പറ്റുന്ന ആളായിരുന്നില്ല', 'കോൺട്രാക്ടർ നല്ല രീതിയിൽ പറ്റിച്ചു'... ഇങ്ങനെയൊക്കെ പല കാര്യങ്ങളാണ്.  ഇനി പറയുന്ന ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീടുപണി കഴിഞ്ഞ് നമുക്ക് ദുഖിക്കേണ്ടി വരില്ല. 

 

1.ഗൃഹപാഠം: വീടു നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നവർ ആദ്യം നടത്തേണ്ടത് ഒരു ഹോം വർക്കാണ്. വലിയ ഒരു കടക്കെണിയിലാവാതെ തങ്ങൾക്ക് സ്വരൂപിക്കാവുന്ന ബജറ്റ്, വീട്ടിൽ വേണ്ട മുറികൾ, മുറികൾക്കുള്ളിലെ സൗകര്യങ്ങൾ, ഡിസൈൻ ശൈലി, മുറികളുടെ ഏകദേശ വലുപ്പം, ഇൻ്റീരിയർ അലങ്കാരങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഗൃഹപാഠം ചെയ്യണം.

 

2.കുടുംബം ഒന്നിച്ചുള്ള ചർച്ച: കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നാണ് പണിയാൻ ആഗ്രഹിക്കുന്ന വീടിനെ കുറിച്ചുള്ള ചർച്ച നടത്തേണ്ടത്. 

വീട്ടിലെ മുതിർന്നവരുടെയും, ഭാര്യ / ഭർത്താവിന്‍റെയും മക്കളുടെയും ഇഷ്ടങ്ങളും, ആവശ്യങ്ങളും കാഴ്ച്ചപ്പാടുകളും ഒക്കെ ചർച്ച ചെയ്ത് വേണം വീടിനെക്കുറിച്ചുള്ള പ്രാഥമികമായ ആശയത്തിലേക്ക് എത്തിച്ചേരേണ്ടത്. ഇഷ്ടപ്പെട്ട വീടുകളുടെ മാതൃകകൾ യൂട്യൂബിൽ നിന്നോ, ടിവി പ്രോഗ്രാമുകളിൽ നിന്നോ, മാഗസിനുകളിൽ നിന്നോ കുടുംബാംഗങ്ങൾക്ക് കാണിച്ച് മനസ്സിലാക്കി നല്‍കി ചർച്ച ചെയ്യണം. ആവശ്യങ്ങൾ, ആശയങ്ങൾ നിങ്ങൾക്കറിയാവുന്ന രീതിയിൽ എഴുതിയോ വരച്ചോ തയ്യാറാക്കണം. 

 

3.സാമ്പത്തിക മുന്നൊരുക്കങ്ങൾ: വീട് നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തികം ഏതൊക്കെ വഴികളിലൂടെ കണ്ടെത്താനാകുമെന്ന് പ്ലാൻ ചെയ്യണം. നിർമ്മാണത്തിനു വേണ്ടി മാറ്റി വച്ചിട്ടുള്ള പണം തികയുന്നില്ലെങ്കിൽ എളുപ്പം പണം ആകാവുന്ന മറ്റു മാർഗ്ഗങ്ങളെക്കുറിച്ചും ചിന്തിക്കണം. നിക്ഷേപങ്ങൾ, സ്വർണ്ണം, ഏതെങ്കിലും വസ്തു വില്പന തുടങ്ങിയ കാര്യങ്ങളും ആവശ്യമെങ്കിൽ തുടക്കത്തിലെ ചിന്തിച്ചു വക്കേണ്ടതും അനുയോജ്യമായ സമയത്ത് പണമാക്കിയെടുക്കുകയും വേണം. ഹൗസിങ് ലോൺ ആവശ്യമെങ്കിൽ അനുയോജ്യമായ ബാങ്കിനെ കുറിച്ചും ലോൺ ഉപാധികൾ, പലിശ നിരക്ക് എന്നിവയെ കുറിച്ചും പഠനം നടത്തുന്നതും നല്ലതാണ്.

 

4.ആർക്കിടെക്റ്റിന്‍റെ തിരഞ്ഞെടുപ്പ്: അടുത്ത ഘട്ടം നമ്മുടെ വീടിനെക്കുറിച്ചുള്ള അഭിരുചികളോടും ഡിസൈൻ കാഴ്ച്ചപ്പാടുകളോടും ബജറ്റിനോടും ഒക്കെ ഇണങ്ങുന്ന അനുയോജ്യനായ ഒരു ആർക്കിടെക്ടിനെയോ ഡിസൈനറേയോ കണ്ടെത്തുക എന്നതാണ്. ഓരോ ആർക്കിടെക്ടും വീട് രൂപകൽപ്പനയിൽ വിത്യസ്ത ആശയങ്ങളും ഡിസൈൻ കാഴ്ച്ചപ്പാടും ഉള്ളവരാണ്. ചിലർ ഏതെങ്കിലും ഡിസൈൻ ശൈലി മാത്രം പിന്തുടരുന്നവരും ആകാം. ഇത് കൃത്യമായി മനസിലാക്കുകയും മുൻപ് ഇവർ ചെയ്തിട്ടുള്ള വീടുകൾ, അതിന്റെ ഡിസൈൻ ഇതൊക്കെ വിലയിരുത്തി നമ്മുടെ വീടെന്ന സങ്കൽപ്പങ്ങളോട് ചേരുന്നതാണോ എന്ന് അറിഞ്ഞിരിക്കണം. 

 

ആർക്കിടെക്ടിന്റെ ഫീസ്, അതിന്റെ പേയ്മൻറ് ഘട്ടങ്ങൾ, അവർ നൽകുന്ന സേവനങ്ങൾ, നിർമാണ ഘട്ടങ്ങളിൽ സൈറ്റിൽ അവർ എത്ര തവണ സന്ദർശിക്കും, എഗ്രിമെന്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡിസൈൻ തുടങ്ങും മുമ്പ് ചർച്ച ചെയ്യണം. ഫ്ലോർ പ്ലാൻ, ത്രീഡി, വർക്കിങ് ഡ്രോയിങ്ങ്, സ്ട്രക്ച്ചറൽ ഡിസൈൻ ഡ്രോയിങ്ങ്, നിർമാണ അനുമതി നേടിയെടുക്കാൻ വേണ്ട ഫയലുകൾ, നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള വിശദമായ ഡ്രോയിങ്ങുകൾ, ഇലക്ട്രിക്കൽ, പ്ലംബിങ്ങ് ഡ്രോയിങ്ങുകൾ, ഇന്റീരിയർ ഡിസൈൻ ഡ്രോയിങ്ങുകൾ തുടങ്ങി വിവിധ കാര്യങ്ങൾ ഒരു വീട് പണിക്ക് ആവശ്യമാണ്. ഇതിൽ ഏതൊക്കെ സേവനങ്ങൾ ആണ് നമുക്ക് വേണ്ടത് എന്നും ഏതൊക്കെ സേവനങ്ങൾ ആർക്കിടെക്ടിൽ നിന്ന് ലഭിക്കും എന്നും കൃത്യമായി മനസിലാക്കിയിരിക്കണം. 

 

5.ആർക്കിടെക്ടുമായുള്ള ചർച്ച: ഇനി അടുത്ത ഘട്ടം ആർക്കിടെക്ട് / ഡിസൈനറുമായി നടത്തുന്ന തുറന്ന ചർച്ചയാണ്. വീടിനെ കുറിച്ച് കുടുംബാംഗങ്ങളുമായി നടത്തിയ ഹോം വർക്കിന്റെ അവതരണമാണ് ഇത്. നമ്മുടെ സങ്കൽപ്പങ്ങളോട് ചേരുന്ന വീടിന്റെ പടങ്ങളോ വിഡിയോയോ ആർക്കിടെക്ടിനെ ഒരു റഫറൻസിനു കാണിക്കാം. ബജറ്റ് എത്രയാണെന്ന് ആദ്യമേ കൃത്യമായി പറഞ്ഞിരിക്കണം. ഏതുതരത്തിലുള്ള വീടാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങൾ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കിയത് നൽകുകയോ ചെയ്യാം. വീട് നിർമ്മിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈൽ ഒക്കെ ആർക്കിടെക്റ്റ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈൻ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും. 

 

6.കോൺട്രാക്ടറെ കണ്ടെത്തൽ: ആർക്കിടെക്ടിന്റെ തിരഞ്ഞെടുപ്പിനും ചർച്ചകൾക്കും ശേഷമുളള അടുത്തഘട്ടം അനുയോജ്യനായ ഒരു കോൺട്രാക്ടറെ കണ്ടെത്തുക എന്നതാണ്. നിർമ്മാണത്തിന് വിവിധ കോൺട്രാക്ടർമാരിൽ നിന്ന് കൊട്ടേഷൻ എടുക്കുന്നത് നല്ലതായിരിക്കും. 

ആർക്കിടെക്റ്റിൻ്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് കോൺട്രാക്ടറിനെ തീരുമാനിക്കേണ്ടത്. കോൺട്രാക്ടർ മുൻപ് ചെയ്തിട്ടുള്ള വീടുകൾ വിലയിരുത്തുകയും ഗുണനിലവാരത്തെപറ്റി വിശദമായി അന്വേഷിക്കുകയും വേണം. ‍

 

കൃത്യവും വ്യക്തവുമായ ഉടമ്പടി കോൺട്രാക്ടറുമായി ഉണ്ടാക്കി വേണം വീട് നിർമ്മാണം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ മെറ്റീരിയലുകൾ, അവയുടെ ഗുണനിലവാരം, ഓരോ ഘട്ടങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന കാലാവധി, പണമിടപാടിന്റെ വ്യവസ്ഥകൾ എന്നിവയെല്ലാം കരാറിൽ ഉണ്ടായിരിക്കണം. മെറ്റീരിയൽ കോൺട്രാക്ട് ആണോ ലേബർ കോൺട്രാക്ട് ആണോ എന്ന കാര്യവും ആദ്യം തന്നെ തീരുമാനിക്കണം. വിദഗ്ധരായ തൊഴിലാളികളാണ് കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്നത് എന്നുള്ള കാര്യവും ഉറപ്പുവരുത്തണം.