ബഹളക്കാരിയായും പരദൂഷണക്കാരിയായും സ്വഭാവവേഷങ്ങളില്‍ നിറഞ്ഞു നിന്ന നടി ഉഷാറാണിയുടെ വേര്‍പാട് സിനിമാലോകത്തെ വീണ്ടും വേദനയിലാഴ്ത്തി. ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. മുപ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഉഷ റാണിയുടെ അന്ത്യം. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിനിമാലോകത്തു തനിക്കുള്ള തിളക്കമേറിയ സൗഹൃദങ്ങളെക്കുറിച്ചും എന്നും അഭിമാനത്തോടെയാണ് ഉഷാറാണി സംസാരിച്ചിരുന്നത്. മോഹന്‍ലാലിനോടുള്ള തന്റെ കടപ്പാടും അവര്‍ മറച്ചു വയ്ക്കുന്നില്ല. ഭര്‍ത്താവ് എന്‍. ശങ്കരന്‍ നായരുടെ മരണത്തിനു ശേഷം മകന്റെ പഠനച്ചിലവുകള്‍ ഏറ്റെടുത്തത് മോഹന്‍ലാലായിരുന്നു. അത് തുറന്നു പറയുന്നതില്‍ ഒരു മടിയുമില്ലെന്നും അഭിമാനം മാത്രമേ ഉള്ളുവെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അന്ന് നടി പറഞ്ഞിരുന്നു. പ്രതിസന്ധികളില്‍ കൂടെ നില്‍ക്കുന്നവരെ മറക്കാന്‍ തനിക്കു സാധിക്കില്ല. ഇപ്പോള്‍ തന്റെ മകന്‍ ജോലിയൊക്കെ കിട്ടി കുടുംബം പുലര്‍ത്തുന്നു.
ലോക്ഡൗണ്‍ കാലത്തും മോഹന്‍ലാല്‍ കരുണയുടെ കരങ്ങളുമായെത്തി. ‘ ഞാന്‍ ലാല്‍ ആണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ? എന്താണെങ്കിലും പറയാന്‍ മടിക്കരുത് ’ എന്ന് ലാല്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. തന്നെ മാത്രമല്ല, മറ്റുപലരേയും ലാല്‍ ഇതുപോലെ സഹായിച്ചെന്ന് പിന്നീടറിഞ്ഞു. ലാലിനോടു തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്നും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. അദ്ദേഹത്തേയും കുടുംബത്തേയും ഈശ്വരന്‍ കാത്ത് രക്ഷിക്കട്ടെ. ഒപ്പം സിനിമാരംഗത്ത് തനിക്കു അവസരങ്ങള്‍ നല്‍കിയ സംവിധായകരോടും നിർമാതാക്കളോടും കൂടി ഞാൻ നന്ദി പറയുന്നതായും ഉഷാറാണി പറഞ്ഞു.