ആശുപത്രിക്കിടക്കയിൽ കിടന്ന് പത്തുവയസ്സുകാരൻ അമൃതേഷ് സങ്കൽപിച്ചു നോക്കും, ‘ലൂസിഫറി’ലെ നെടുമ്പള്ളി സ്റ്റീഫനെപ്പോലെ ഒരു മാസ് എൻട്രി. ആ തിരിച്ചുവരവിനു സിനിമയിലെപ്പോലെത്തന്നെ ‘നെടുമ്പള്ളി’ എന്നു പേരിട്ട കുഞ്ഞൻ ജീപ്പ് തയാറാക്കിയിരിക്കുകയാണു തൊടുപുഴ സ്വദേശി അരുൺകുമാർ. സിനിമയിൽ ഹിറ്റായ വില്ലീസ് ജീപ്പിന് ഫുൾ ഫങ്ഷൻ ചെറുമാതൃക തയാറാക്കിയതു കണ്ട് അരുണിനെ അന്വേഷിക്കുകയാണ് മറ്റൊരാ‍ൾ; വാഹനനിർമാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ സാക്ഷാൽ ആനന്ദ് മഹീന്ദ്ര. മക്കളായ കേശിനിക്കും മാധവിനും വേണ്ടി ‘ഏയ് ഓട്ടോ’ സിനിമയിലെ ‘സുന്ദരി’ ഓട്ടോ ഉൾപ്പെടെയുള്ളവയുടെ മാതൃക നിർമിച്ചു ശ്രദ്ധ നേടിയ ആളാണ് തൊടുപുഴ വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമൻ.

ഇടുക്കി ജില്ലാ ആശുപത്രിയിൽ നഴ്സാണ്. അഞ്ചൽ സ്വദേശികളായ പ്രിയ – ബിജു ദമ്പതികളും ഏക മകനായ അമൃതേഷും ചികിത്സയ്ക്കു വേണ്ടി 2 വർഷമായി തിരുവനന്തപുരത്താണു താമസം. യൂട്യൂബിലാണ് അമൃതേഷ് അരുണിനെ കാണുന്നതും ആഗ്രഹം അറിയിക്കുന്നതും. അങ്ങനെ ജീപ്പ് ഒരുങ്ങി. അമൃതേഷ് ആശുപത്രിയിൽനിന്നെത്തിയാൽ കൈമാറും. ജീപ്പിനരികെ അരുൺകുമാറും മകനും നിൽക്കുന്ന ചിത്രമടക്കം ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതോടെ ജീപ്പ് വിശേഷം കേരളം വിട്ടു. മഹീന്ദ്രയ്ക്കു വേണ്ടി ഇത്തരം വണ്ടികൾ നിർമിക്കാമോ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ അഭ്യർഥന. ഇറക്കുമതി ചെയ്യുന്ന ടോയ് കാറുകളോടു കിടപിടിക്കുന്നതാണ് അരുണിന്റെ ഡിസൈനെന്നും അദ്ദേഹം കുറിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ആര്യയാണ് അരുണിന്റെ ഭാര്യ. 

അരുണിന്റെ വില്ലീസ് ജീപ്പ് 

നിർമാണച്ചെലവ് 25,000 രൂപ, ഭാരം 75 കിലോ, ഭാരശേഷി 150 കിലോ, 24 വോൾട്ട് ബാറ്ററിയും ചാർജറും, ന്യൂട്രൽ – റിവേഴ്സ് ഗിയറുകൾ, റഗുലർ – ഫോഗ് ലാംപുകൾ, ഇൻഡിക്കേറ്ററുകൾ, കരുത്തൻ ടയറുകൾ, ടൂൾ കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ്, യുഎസ്ബി ചാർജർ. 3 മണിക്കൂർ തുടർച്ചയായി ഓടും.