പാഞ്ഞടുത്ത കൊമ്പന്റെ തുമ്പിക്കൈപ്പിടിയിൽനിന്നു തലനാരിഴയ്ക്കു ജീവൻ തിരികെക്കിട്ടി നേരത്തോടു നേരം കഴിഞ്ഞിട്ടു രാധയ്ക്കു വിറയൽ വിട്ടുമാറിയിട്ടില്ല. തിങ്കൾ രാത്രി 11 മണിയോടെയാണു ചീയമ്പം ആനപ്പന്തി കോളനിയിലെ ബിജുവിന്റെ ഭാര്യ രാധയെ കാട്ടാന തുമ്പിക്കൈയിൽ ചുറ്റിയെടുത്തത്.

 

കുടുംബാംഗങ്ങൾക്കൊപ്പം ടിവി പരിപാടി കാണുന്നതിനിടെ ശുചിമുറിയിൽ പോകാനായി വീടിന്റെ പിൻവാതിൽ തുറന്നു പുറത്തിറങ്ങിയതായിരുന്നു രാധ. പരിസരത്തു വെളിച്ചമുണ്ടായിരുന്നില്ല. ഭാര്യയുടെ കരച്ചിൽ കേട്ടെത്തിയ ബിജു കണ്ടതു കൊമ്പന്റെ തുമ്പിക്കൈയിൽ പിടയുന്ന ഭാര്യയെ. നിലവിളിച്ച് ഓടിയെത്തിയപ്പോൾ രാധയെ പിടിവിട്ട് ആന ബിജുവിനുനേരെ തിരിഞ്ഞു.

 

തുമ്പിക്കൈ ദേഹത്തു തട്ടിയെങ്കിലും ബിജു തിരിഞ്ഞോടി അടുക്കളയിൽ കയറി പാത്രങ്ങളെടുത്തു കൊട്ടി ശബ്ദമുണ്ടാക്കി. ആന വീടിനരികിലേക്കു മാറിയതോടെ രാധ ഓടി വീടിനുള്ളിൽ കയറുകയായിരുന്നു. മുന്നോട്ടു നീങ്ങിയ ആന വീണ്ടും തിരിച്ചെത്തിയെങ്കിലും കുടുംബാംഗങ്ങളും സമീപത്തെ വീട്ടുകാരുമെല്ലാം ചേർന്നു ശബ്ദമുണ്ടാക്കിയതോടെ തേക്ക് കൂപ്പിലേക്കു നീങ്ങുകയായിരുന്നു.

 

വിവരമറിഞ്ഞു വനപാലകർ രാത്രിതന്നെ സ്ഥലത്തെത്തി. പഞ്ചായത്ത് അംഗം പ്രിയ മുരളി, ചീയമ്പം കോളനിയിലെ ഊരുമൂപ്പൻ വി.വി.ബോളൻ എന്നിവരും സ്ഥലത്തെത്തി. ഏതാനും ദിവസമായി ഈ കൊമ്പൻ പരിസരത്തു ചുറ്റിനടക്കുന്നതായി കോളനിക്കാർ പറയുന്നു.