''തേങ്ങുമീകാറ്റ് നീയല്ലേ തഴുകാൻ

ഞാനാരോതീരുമോ ദാഹമീ മണ്ണിൽ

നിന്നോർമായിൽ ഞാൻ ഏകയായ്''

 

'ദേവസംഗീതമായി' മാറിയ അമ്മ രാധികയ്ക്ക് ആദരം അർപ്പിച്ച് മകൾ ദേവിക ചെയ്ത പാട്ട് ഇതിനോടകം മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഒരുപാട് പേർവിളിച്ച്  ദേവികയെ ആശംസകൾ അറിയിക്കുന്നുണ്ട്. വിഡിയോ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദേവിക മനോരമന്യൂസിനോട് മനസു തുറക്കുന്നു.

 

സെപ്തംബർ ആകുമ്പോൾ അമ്മമരിച്ച് 5വർഷം തികയുകയാണ്. അമ്മയ്ക്കുള്ള ആദരം എന്നരീതിയിൽ കുറെ നാളായി ഇങ്ങനെയൊരു ആശയം മനസിലുണ്ടെങ്കിലും ലോക്ക് ഡൗൺ കാലത്താണ് അതിനുള്ള ധൈര്യവും സമയവും കിട്ടിയത്. 

 

കുറച്ച് നാളായി ആഗ്രഹിച്ച വിഡിയോ ആണ്. പക്ഷെ ചെയ്യാൻ ധൈര്യമില്ലായിരുന്നു. ഞാനൊരു പാട്ടുകാരിയല്ല, പാട്ട് പഠിച്ചിട്ടുമില്ല, അച്ഛനും അമ്മയും എന്നെ നിർബന്ധിച്ചിട്ടില്ല. ഇഷ്ടമുള്ളത് പഠിച്ചോളൂ എന്നാണ് പറഞ്ഞത്. എനിക്ക് എഴുതാനും വായിക്കാനും വാദിക്കാനുമൊക്കെ ആയിരുന്നു ഇഷ്ടം. അത്കൊണ്ട് ലോ പഠിച്ചു. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ലീഗൽ അഡ്വൈസറായി ജോലി ചെയ്യുന്നു.

 

മായാമഞ്ചലിൽ,  കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നിങ്ങനെ അമ്മയ്ക്കിഷ്ടമുള്ളതും അതുപോലെ പോപ്പുലറായതുമായ മൂന്ന് പാട്ടുകളാണ് ഇൗ കവർ വിഡിയോയ്ക്കായി തിരഞ്ഞെടുത്തത്. വളരെ ചെറിയ രീതിയിൽ ചെയ്യാനാണ് വിചാരിച്ചത്. ഷൂട്ട് ചെയ്തതൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഞാൻ എന്തുണ്ടെങ്കിലും പറയുക സുജു അമ്മായിയോടും ശ്വേതച്ചേച്ചിയോടുമാണ്. അവരാണ് എനിക്ക് എന്നും പിന്തുണ നൽകുന്നത്. വിഡിയോയെക്കുറിച്ച് കേട്ടപ്പോൾ ശ്വേതച്ചേച്ചി പറഞ്ഞു പിയാനോ ചേച്ചി ചെയ്യാമെന്ന്. 

 

വിഡിയോ കണ്ട് ഒരുപാട് പേർ മെസേജുകൾ അയച്ചു. അമ്മയെ എല്ലാവരും ഇപ്പോഴും ഇത്രയധികം സ്നേഹിക്കുന്നുണ്ടല്ലോ. അമ്മയ്ക്ക് വയ്യാതെ വന്നെങ്കിലും 

അവസാനം വരെ അമ്മയ്ക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ കഴിഞ്ഞു. അവസാനകുറച്ചു നാളുകളേ അമ്മ ക്ഷീണിതയായിരുന്നുള്ളൂ. അമ്മയെ അവസാനം വരെ ആരോഗ്യത്തോടെ കാണാനാകണേ എന്നായിരുന്നു എന്റേയും അച്ഛന്റേയും പ്രാർത്ഥന. എങ്ങനെ ആകാലം ഒക്കെ തരണം ചെയ്തു എന്നു ചോദിച്ചാൽ എനിക്കും അച്ഛനും എവിടുന്നോ ഒരു ശക്തികിട്ടി എന്നുവേണം പറയാൻ.

 

അച്ഛന് ഒരുപാട് ഇഷ്ടമാണ് ഞാൻ പാടുന്നത്. സ്കൂളിലെ പ്രാർഥനയ്ക്കൊക്കെ കൂടുമായിരുന്നുവെന്നല്ലാതെ പാടി വേറെ അനുഭവമൊന്നുമില്ല. ഇൗ വിഡിയോ കണ്ടിട്ട് എല്ലാരും പറഞ്ഞത് അമ്മപാടുന്നതുപോലെ തോന്നി എന്നാണ്. അമ്മയുടെ ആത്മാവ് ഉള്ളിലിരുന്നു പാടുന്നതുപോലെ തോന്നിയെന്ന്. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം.

 

ഇപ്പോൾ എല്ലാരും പറയുന്നുണ്ട് പാട്ട് പഠിക്കാൻ. ഇനി പഠിക്കണം. ദേവസംഗീതം നീയല്ലേ എന്ന പാട്ട് പാടാൻ കുറച്ച് സമയമെടുത്തു. കുറച്ചധികം തവണ പാടിക്കഴിഞ്ഞപ്പോഴാണ് ശരിയായത്. അത്കൊണ്ട് തന്നെ വിഡിയോ കണ്ട് അഭിപ്രായം പറയുന്നവരൊക്കെ ആ പാട്ടിനെക്കുറിച്ചാണ് കൂടുതൽ പറയുന്നത്.  ദേവ സംഗീതം എന്ന ഗാനം വേണമെന്ന് സുജു അമ്മായിക്ക് നിർബന്ധമായിരുന്നു.

 

അമ്മയെ ചിരിച്ചുകൊണ്ടേ എന്നും കണ്ടിട്ടുള്ളൂ,  സംതൃപ്തയായിരുന്നു അമ്മ. കുറേ നല്ല ഗാനങ്ങളും അമ്മയ്ക്ക് പാടാനായി.  അമ്മയുടെ പാട്ടുകൾക്ക് താഴെ വന്ന് ആളുകൾ കമന്റ് ചെയ്യുന്നുണ്ട് അമ്മയ്ക്ക് കുറച്ച് കൂടി അവസരങ്ങൾ ലഭിക്കണമായിരുന്നുവെന്ന്. പക്ഷെ ഞങ്ങൾ അങ്ങനെയൊന്നും ചിന്തിച്ചിട്ടേ ഇല്ല. ദേവിക പറഞ്ഞു നിർത്തി.