TAGS

'കുട്ടിക്കാലത്ത് വീഴ്ചയില്‍ സംഭവിച്ചതാണ് നെറ്റിയിലെ മുറിവ്. പ്രശസ്തനായ ഒരു ഡോക്ടര്‍ അതുമാറ്റിത്തരാമെന്ന് പറഞ്ഞതാണ്. പക്ഷേ, പ്രേക്ഷകര്‍ക്കുമുന്നില്‍ ഒരു പുതുമുഖമായി വന്ന് കുറച്ചുസിനിമകള്‍ ചെയ്തുകഴിയുമ്പോള്‍ ഏതുമുറിവും അയാളുടെ മുഖത്തിന്റെ ഭാഗമായി മാറും'- മുരളിയിലെ നടന്റെ വളര്‍ച്ച അത് ശരിവയ്ക്കുന്നതായിരുന്നു. മുറിവിന്റെ പാടുള്ള നെറ്റികൊണ്ട് കഥാപാത്രത്തിന്റെ ഭാവമാറ്റങ്ങളെ മുരളി അസാധ്യമായി പ്രതിഫലിപ്പിച്ചു. അമരവും ആധാരവും ലാല്‍സലാമും പത്രവും ഗര്‍ഷോമും കാണാക്കിനാവും... അങ്ങനെയെത്രയെത്ര സിനിമകള്‍. മുരളി എന്ന സാധാരണക്കാരന്റെ മനസ്സിന്റെ കണ്ണാടി കൂടിയായിരുന്നു യഥാര്‍ഥത്തില്‍ ആ മുഖം.

 

‘പരുക്കനായിട്ട് തോന്നാം. പക്ഷേ, ഞാന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. സ്നേഹിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഞാന്‍ കാരണം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായി എന്നുതോന്നിയാല്‍ അവരോട് മാപ്പുപറയുന്നതിലും എനിക്ക് മടി തോന്നിയിട്ടില്ല.  നരേന്ദ്രപ്രസാദും കടമ്മനിട്ടയും മരിച്ചപ്പോള്‍ എനിക്കും മരണഭീതി ഉണ്ടായി. ചുറ്റുപാടുമുള്ളവരെകുറിച്ച് ആലോചിച്ചു. വായനയിലൂടെയൊക്കെയാണ് ആ സാഹചര്യം മറികടക്കാന്‍ ശ്രമിച്ചത്'- മനോരമ ന്യൂസിന്റെ 'നേരേ ചൊവ്വേ'യില്‍  ജോണി ലൂക്കോസിനു മുന്നില്‍ അന്ന് മുരളി മനസ്സുതുറന്നു.

 

'മുടിയുടെ നരയൊന്നും മറയ്ക്കാത്തതിനെകുറിച്ച് പലരും ചോദിക്കാറുണ്ട്. രാവില മുതല്‍ വൈകിട്ടുവരെ വിഗ് വച്ച് അഭിനയിക്കുന്നതൊക്കെ അസഹനീയമാണ്. അങ്ങനെ ശ്വാസംമുട്ടി സിനിമയ്ക്കുപുറത്ത് ജീവിക്കേണ്ട കാര്യമില്ല. അഭിനയം ക്യാമറയ്ക്കുമുന്നില്‍മാത്രം മതി. പോരാത്തതിന് പടവുകള്‍ കയറിപ്പോകുമ്പോള്‍ ഒരു തിരിച്ചിറക്കമുണ്ടെന്ന് കരുതണം. അതുകൊണ്ട് സിനിമയില്ലെങ്കിലും ജീവിതത്തില്‍ അഭിനയിക്കേണ്ടിവരില്ല. 

സിനിമയില്‍ നടന് അഭിനയത്തേക്കാള്‍ വേണ്ടത് പിടിച്ചുനില്‍ക്കാനുള്ള കഴിവാണ്. അതില്‍ ഞാനൊരു പരാജയമാണ്. വിജയമാണ് മാനദണ്ഡം. സിനിമയില്‍ ആര്‍ക്കും വിജയം ലഭിക്കാം.'– നാടകം പരുവപ്പെടുത്തിയ നടന്‍ സിനിമയുടെ മാസ്മരികതെയുകുറിച്ച് പങ്കുവച്ചതിങ്ങനെ.

 

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുരളിയോട് ആവശ്യപ്പെടുന്നത് വി.എസ്. അച്യുതാനന്ദനാണ്. കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനോട് മല്‍സരിച്ചെങ്കിലും ജയിക്കാനായില്ല. ഇടതുസഹയാത്രികനായ മുരളിയോട് വീണ്ടും മല്‍സരിക്കുമോ എന്ന് പലരും ചോദിച്ചു. മുരളിയുടെ ഉത്തരം സത്യസന്ധമായിരുന്നു- ‘ഞാനതിന് പറ്റിയ ആളല്ല. ജനങ്ങള്‍ക്കിടയല്‍ നില്‍ക്കുമ്പോള്‍ എപ്പോഴും സന്തോഷത്തോടെ നില്‍ക്കണം. ചിരിക്കുക എന്നുപറഞ്ഞാല്‍ എനിക്ക് വലിയ പ്രയാസമാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയപ്പോള്‍ മുഴുവന്‍ സമയവും ചിരിക്കേണ്ടി വന്നു. സത്യത്തില്‍ എനിക്ക് മുഖത്ത് നന്നായി വേദനയുണ്ടായി ചിരിച്ചിട്ട്. അതോര്‍ക്കാന്‍ വയ്യ.’ 

 

ജീവിതത്തില്‍ എന്നും ചന്ദനക്കുറിയുമായാണ് മുരളിയെ കണ്ടിട്ടുള്ളത്. ആത്മീയതയുടെ അടയാളമായിരുന്നു അത്. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മുരളി പ്രത്യയശാസ്ത്ര സംശയങ്ങളെ ഇങ്ങനെ ലഘൂകരിച്ചു- ‘അമ്പലക്കമ്മിറ്റിയിലും പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ഞാന്‍. എനിക്കൊപ്പം ഉള്ളവരും അങ്ങനെതന്നെ. ഇതുരണ്ടും ഒന്നിച്ചുപോകില്ലെന്ന് ഇടതുസൈദ്ധാന്തികര്‍ പറയുമ്പോള്‍ ഞാനിതിനെ സാധാരണക്കാരന്റെ അവസ്ഥയില്‍നിന്നാണ് നോക്കിക്കാണുന്നത്. തികച്ചും വ്യക്തിപരവുമാണ്. ഭൗതികതയും ആത്മീയതയും പരസ്പരപൂരകങ്ങളെന്ന് ഞാന്‍ കരുതുന്നു.’

 

നക്ഷത്രങ്ങളില്‍ പിടിച്ച് ഗോളങ്ങളില്‍ ചവിട്ടി മേല്‍പ്പോട്ട് കയറിപ്പോയവന്‍... മുരളിയുടെ പ്രശസ്തമായ നാടകം ‘ലങ്കാലക്ഷ്മി’യിലെ രാവണന്‍റെ സംഭാഷണത്തില്‍ അവസാനിപ്പിക്കാം. പതിനൊന്നുവര്‍ഷം ഓര്‍മകള്‍ക്ക് കനംകൂട്ടുമ്പോഴും മലയാളി മുരളിയുടെ മുഖവും മുഴക്കമുള്ള ശബ്ദവും മറക്കുന്നില്ല.