കാന്‍സറിനെ മനസുറപ്പ് കൊണ്ട് തോല്‍പ്പിച്ച അല്‍ക്ക എന്ന യുവതിയുടെ ജീവിതകഥ പങ്കുവച്ച് ലിജി എന്ന യുവതി. രക്താർബുദം ജീവിതം കീഴ്മേൽ മറിക്കുകയാണ് എന്ന് തോന്നിച്ച നിമിഷത്തിൽ പകച്ചു നിൽക്കാതെ ,ചങ്കുറപ്പോടെ കൈവിട്ടു പോയ ജീവിതത്തെ തിരിച്ചുപിടിച്ച ധീരയാണ് അൽക്കയെന്ന് ലിജി കുറിക്കുന്നു. മരണത്തിന്റെ തീരത്തു നിന്നും ഫീനിക്സ് പക്ഷിയെ പോലെ പുനർജ്ജനിച്ച വന്ന അൽക്കയുടെ കഥ ഫെയ്സ്ബുക്കിലാണ് ലിജി കുറിക്കുന്നത്.

 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

 

മരണത്തെ തോൽപിച്ച് അൽക്ക 

 

അതിജീവനത്തിന്റെ ഹോൺ മുഴക്കി ഷിബസ് യാത്ര തുടരുകയാണ്... ദുരന്തങ്ങളിൽ പകച്ചു നിൽക്കാതെ ,ചങ്കുറപ്പോടെ കൈവിട്ടു പോയ ജീവിതത്തെ തിരിച്ചുപിടിച്ച് മൂന്നേറുന്ന യുവത്വം...

 

ഷിബസിന്റെ ചുവരുകളിൽ വേദനയിൽ ചാലിച്ച കുറെ ചിത്രങ്ങളുണ്ട്. അതിലെ ചായകൂട്ടുകൾക്ക് പറയാൻ ആരെയും കണ്ണീരണിയിക്കുന്ന ഒരു കഥയുണ്ട്... അൽക്ക എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ

 

ഇക്കഴിഞ്ഞ ജൂലൈ 18 ന് തന്റെ ഇരുപത്തി ഏഴാമത് പിറന്നാളിൽ അൽക്ക ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു..' ഇന്നെനിക്ക് 27 വയസ്സ് തികയുന്നു.. എന്നാൽ ഇതെന്റെ ഫസ്റ്റ് ബെർത്ത് ഡേ ആണ്..കാരണം ഞാൻ മരിച്ചതായിരുന്നു. ഇതെന്റെ രണ്ടാം ജന്മമാണ്.'

 

ഏറെ ക്ളൈമാക്സുകൾ നിറഞ്ഞ അവളുടെ ഒന്നാം ജന്മത്തിലേക്ക് നമുക്കൊന്ന് പോകാം..

 

ജനിച്ചത് ത്രിശൂർ ആണെങ്കിലും അച്ഛന്റെ ജോലിയുടെ ഭാഗമായി ഹരിയാനയിലെ ഗുരു ഗ്രാമിലായിരുന്നു അൽക്കയുടെ പ്ലസ് ടു വരെയുള്ള പഠനവും ജീവിതവും. തുടർപഠനത്തിനായി നാട്ടിലേക്ക് തിരിച്ച അവൾ IHRD ക്ക് കീഴിലുള്ള ചേലക്കര College of Applied science ൽ BSc electronics&communication കോഴ്സിന് ചേർന്നു.കോഴ്സിന്റെ അവസാന വർഷം ക്യാമ്പസ് സിലക്ഷൻ വഴി ചെന്നൈ Wipro technologies ൽ ജോലി ലഭിച്ചു.ജോലിയോടൊപ്പം ഇൻഫർമേഷൻ ടെക്നോളജിയിൽ M tech ഉം കരസ്ഥമാക്കി.

 

2016ൽ പാലക്കാട് സ്വദേശി സോഫ്റ്റ് വെയർ എൻജിനീയറായ ( ഇൻഫോപാർക്ക് കൊച്ചി)മനോജ് കുമാറിനെ വിവാഹം കഴിച്ചു.2018ൽ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു.. വിവാൻ

 

ഭർത്താവിന്റെ അതിരറ്റ സ്നേഹവും കുഞ്ഞു വിവാന്റെ കളി ചിരികളും മാതാപിതാക്കളുടെ കരുതലും നിറഞ്ഞു നിന്ന അവളുടെ വീട് ഒരു കൊച്ചു സ്വർഗ്ഗമായിരുന്നു. ഇങ്ങനെ സ്നേഹത്തിന്റെ പറുദീസയിൽ ആർത്തുല്ലസിച്ച് നടക്കുന്നതു കണ്ട് ഈശ്വരന് പോലും അവളോട് അസൂയ തോന്നിയോ?? സാത്താൻ അവളെ പരീക്ഷിക്കാൻ ഇറങ്ങി...

 

കയ്യിൽ എവിടെയോ മുട്ടി ചതഞ്ഞ പോലെ ഒരു കരുവാളിപ്പ്.. നാക്കിൽ ചെറിയ കുരുക്കൾ.. കൺപോളയിലും കുരു.. കൊതുക് കടിച്ച് ചൊറിയും പോലുള്ള ചൊറിച്ചിൽ.. നാക്കിൽ വീണ്ടും പച്ച കളറിലുള്ള വേദനയോടു കൂടിയ പുണ്ണ്..സാധാരണ എല്ലാവരിലും വരുംപോലെ ഇതൊക്കെ മാറി മാറി അവളിൽ വന്നു പൊയ്ക്കൊണ്ടിരുന്നു.

 

2019 സെപ്റ്റംബറിൽ 9 മാസത്തെ പ്രസവാവധി കഴിഞ്ഞ് അവൾ തന്റെ പ്രാജക്റ്റിലേക്ക് തിരിഞ്ഞു. ഇൻഡ്യൻ നേവിയുടെ ഒരു പ്രോജക്റ്റായിരുന്നു കിട്ടിയത്.രാഷ്ട്രപതി ഭവനായിരുന്നു ലൊക്കേഷൻ. കുടുംബത്തോടൊപ്പം ഗുരു ഗ്രാമിൽ തന്നെ തിരിച്ചെത്തിയിരുന്ന തുകൊണ്ട് പോയി വരാൻ തീരുമാനിച്ചു. വീട്ടിൽ നിന്ന് 45 മിനിറ്റ് യാത്ര.. അവൾ വല്ലാതെ ക്ഷീണിതയായി.. കുറേ നാൾ ജോലി ചെയ്യാതിരുന്നതുകൊണ്ടാവും ക്ഷീണം എന്ന് അമ്മയുടെ ആശ്വാസവാക്ക്..

 

നല്ല ഊർജസ്വലയും സ്മാർട്ടുമായ അവൾക്ക് മനസിനൊപ്പം ശരീരം കൂടെ പോരാത്തതു പോലത്തെ ഫീലിങ്... വിശപ്പ് കെടുന്നു.. ശരീരം തളരുന്നു.. ഓഫീസ് മുറിയിലെ AC യുടെ തണുപ്പിൽ പതിവില്ലാതെ അവൾ തണുത്തു വിറങ്ങലിച്ചു.. പല്ലുകൾ കൂട്ടിയിടിച്ചു.. വേദനയോടെ മോണ വിങ്ങി..കൂട്ടത്തിൽ ഒരു പനി കൂടി കൂട്ടിനെത്തി.. മോൻ കൂടെയുള്ളതുകൊണ്ടും പാൽ കുടിക്കുന്നതു കൊണ്ടും അവന് കുഴപ്പ മുണ്ടാകരുതല്ലോ എന്ന ചിന്തയിൽ അടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങി. 3 ദിവസം കഴിച്ചിട്ട് കുറവില്ലേൽ രക്ത പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.3 ദിവസം കഴിഞ്ഞു. പനിക്ക് കുറവൊന്നും കണ്ടില്ല. ആ ക്ലിനിക്കിൽ തന്നെ രക്തം പരിശോനക്ക് കൊടുത്തു.. ഡെങ്കി.. ടൈഫോയിഡ്.. മലേറിയ തുടങ്ങിയ ടെസ്റ്റുകളും കൂട്ടത്തിൽ CBC യും

 

ഇതിനിടയിൽ തന്റെ പ്രിയപ്പെട്ട അമ്മയുടെ അമ്പതാം പിറന്നാൾ എത്തി. എല്ലാത്തിനും മുന്നിൽ നിന്ന് ആഘോഷത്തിന് കൊഴുപ്പേകുന്ന അവൾക്ക് ഒന്നിനും ഉത്സാഹം തോന്നിയില്ല.. മനസ്സാഗ്രഹിക്കുന്നിടത്ത് ശരീരം എത്തുന്നില്ല.

 

പിറ്റേദിവസം ഇ മെയിലിൽ blood result എത്തി. എല്ലാം നെഗറ്റീവ്. എന്നാൽ CBC യിൽ ഹീമോ ഗ്ളോബിന്റെ അളവ് 4.5.. പേളറ്റ്ലറ്റ് 30000.. ഡോക്ടർ അവളെ വിളിച്ചു. "ആരെങ്കിലും ക്ലിനിക്കിൽ ഉടൻ വരണം. അൽക്ക വേണ്ട' അമ്മ പോയി ഡോക്ടറുമായി സംസാരിച്ചു. എല്ലാം വിശദമായി പറഞ്ഞു കൊടുത്തതിനു ശേഷം എത്രയും വേഗം blood റിലേറ്റഡ് ആയ ഒരു ഡോക്ടറെ കാണണമെന്ന് നിർദ്ദേശിച്ച് വിട്ടു.

 

തന്റെ മോൾക്ക് ബ്ലഡ് ക്യാൻസറിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടറുടെ സംസാരത്തിൽനിന്ന് തിരിച്ചറിഞ്ഞ അമ്മയുടെ മനസ്സ് ആകെ തകർന്നു പോയി .ക്ലിനിക്കിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ തനിക്കറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ച് അമ്മ കേണു..

 

ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വീട്ടിലേക്ക് പാഞ്ഞെത്തി.. എത്രയും വേഗം ഫോർട്ടീസ് ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി എല്ലാം റെഡിയാക്കി.. അൽക്ക മാത്രം കൂളായി മേനേയും കളിപ്പിച്ചിരുന്നു.. ഒരു പനി വന്നതിന് ഇത്ര ടെൻഷൻ എന്തിനെന്ന അവളുടെ ചോദ്യം അവിടെ കൂടിയവരുടെ തേങ്ങലിൽ മുങ്ങിപ്പോയി..

 

CBC റിസൾട്ടിൽ Fortis hospital ലെ ഡോക്ടർക്ക് സംശയം. കാരണം ഹീമോ ഗ്ളോബിൻ 4.5 ഉള്ള ഒരാൾക്ക് ഇത്ര ആക്ടീവായിട്ടിരിക്കാൻ കഴിയില്ല. വീണ്ടും ചെക്ക് ചെയ്തു. റിസൾട്ടിൽ മാറ്റമൊന്നുമുണ്ടായില്ല.

 

ഡോക്ടർ പറഞ്ഞു.. ഒന്നുകിൽ വൈറ്റമിൻ B 12 ന്റെ കുറവ് അല്ലെങ്കിൽ ബ്ലഡ് ക്യാൻസർ. വൈറ്റമിൻ ഡെഫിഷ്യൻസിയാവാനേ സാധ്യതയുള്ളു എന്ന ചിന്തയിൽ അവൾ കൂളായി ഇരുന്നു. അന്ന്തന്നെ bone morrow ക്ക് ഡോക്ടർ കുറിച്ചു

 

ബോൺമാരോ ടെസ്റ്റ്.... അതിന്റെ ഓർമ്മ പോലും അവളെ ഇപ്പോഴും ഭയപ്പെടുത്തും.. അത്രയ്ക്ക് അസഹനീയമായ വേദന.. കാലുകൾ തളർന്നു പോകും പോലെ.. ഇതു വിശദീകരിക്കുമ്പോൾ അവളുടെ കണ്ണുകളിലെ നനവ് എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു..

 

ടെസ്റ്റ് റിസൾട്ട് എത്തി..acute myeloid leukemia-M2...അവൾ വാവിട്ട് കരഞ്ഞു.. ഈശ്വരനെ ചീത്ത വിളിച്ചു.. അച്ഛനും അമ്മയും അനിയത്തിയും ബന്ധുക്കളുമെല്ലാം ആകെ തകർന്നു പോയി. ഭർത്താവ് മനോജ് ധൈര്യം കൈവിടാതെ അവളെ ആശ്വസിപ്പിച്ച് കൂടെ നിന്നു.. കുഞ്ഞ് വിവാൻ മാത്രം കഥ ഒന്നുമറിയാതെ അമ്മയുടെ മാറോട് ചേർന്ന് പറ്റിപ്പിടിച്ചു കിടന്നു

 

ഒട്ടും വൈകാതെതന്നെ ബ്ളെഡും പ്ളേറ്റ്ലറ്റും കയറ്റി. എന്നിട്ടും ഹീമോ ഗ്ളോബിന്റെ അളവിൽ കാര്യമായ വ്യത്യാസം കണ്ടില്ല. കീമോതെറാപ്പിക്ക് ഡോക്ടർ നിർദ്ദേശിച്ചു. എന്നാൽ മോനെ നോക്കാനുള്ള സൗകര്യാർത്ഥം ബാക്കിയുള്ള ചികിത്സകൾ നാട്ടിൽ ചെയ്യാമെന്ന തീരുമാനത്തിൽ അന്നു തന്നെ അവിടുന്ന് എല്ലാ മെഡിക്കൽ റിപ്പോർട്ട് സുമായി വിമാനം കയറി

 

എറണാകുളം ലേക് ഷോറിൽ ഡോ.ഗംഗാധരന്റെ നേതൃത്യത്തിൽ ചികിത്സ ആരംഭിച്ചു....24 മണിക്കൂർ നീണ്ടുനിൽക്കുന്ന തുടർച്ചയായ 10 കീമോ.ആദ്യ കീമോയിൽ തന്നെ വായിലെ തൊലി പോയി.. മോണയിൽ നിന്ന് blood വരാൻ തുടങ്ങി.. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല... എഴുന്നേൽക്കാൻ വയ്യ.. ഹീമോഗ്ളോബിൻ 4.5ലും ജോലിക്കു പോവുകയും കുട്ടിയെ നോക്കുകയും യാത്ര ചെയ്യുകയും ചെയ്ത മിടുക്കി കുട്ടി ആശുപത്രി കിടക്കയിൽ ജീവശവം പോലെ കിടന്നു..

 

സാധാരണ ക്യാൻസർ രോഗികളുടെ പോലെ കീമോ കഴിഞ്ഞാലും വീട്ടിൽ പോകാൻ സാധിക്കുമായിരുന്നില്ല. 21 ദിവസം ഹോസ്പിറ്റലിൽ തന്നെ കഴിയണം. അതിശക്തമായ റേഡിയോ ആക്ടീവ് മെഡിസിനുകൾ അവളുടെ ശരീരത്തെ തളർത്തി.. വയർ അസഹനീയമായ വേദനയാൽ പുളഞ്ഞു.. ആൻറിബയോട്ടിക്കുകൾ കൊണ്ട് കീമോയുടെ സൈഡ് ഇഫക്ട്സ് കുറച്ചു കൊണ്ടുവരാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു.

 

10 കീമോ കഴിഞ്ഞപ്പഴേക്കും ഹീമോഗ്ളോബിൻ.പ്ളേറ്റ്ലറ്റ്.. WBC ... എല്ലാം വീണ്ടും താണുപോയി.. എന്നിട്ടും അവൾ തന്റെ മാന്ത്രിക വിരലുകൾക്കൊണ്ട് ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു..

 

ഈസമയം ഗംഗാധരൻ ഡോക്ടർ അവളുടെ കിടക്കയിൽ വന്നിരുന്ന് കൈപിടിച്ചിട്ട് പറഞ്ഞു.. .മോളേ കുഴപ്പമൊന്നുമില്ല. നമുക്ക് ICU വരെ ഒന്ന് പോയി വരാം.. എല്ലാം ശരിയാവും.... തന്റെ ജീവൻ തുലാസിൽ ആടുമ്പോൾ എത്ര കൂളായിട്ടാണ് ഡോക്ടർ ആ പ്രശ്നത്തെ തനിക്കു മുന്നിൽ അവതരിപ്പിച്ച തെന്നോർക്കുമ്പോൾ ഇന്നും ഡോക്ടറോട് അവൾക്ക് ഏറെ ഇഷ്ടം.

 

അങ്ങനെ നേരെ ICUവിലേക്ക്.. യൂറിൻ പോകാൻ ട്യൂബ് ഇട്ടു... മോഷൻ പോകാൻ ഡയപ്പറും കെട്ടിച്ചു... ഭക്ഷണമില്ല.. വെള്ളവുമില്ല.. ഫ്ളൂയിഡ് മാത്രം... പല പ്രാവശ്യം രക്തവും പ്ളേറ്റ്ലറ്റും കയറ്റി... കൗണ്ട് കൂടുന്നില്ല..WBC, Platelet, hemoglobin എല്ലാം താന്നു പൊക്കൊണ്ടിരുന്നു. ശ്വാസം എടുക്കാൻ അവൾ നന്നേ പാടുപെട്ടു. ഓക്സിജൻ മാസ്കി ലൂടെപോലും ശ്വസിക്കാനുള്ള ശേഷി അവളുടെ ലങ്ങ്സിനുണ്ടായിരുന്നില്ല..

 

നേരെ വെന്റിലേറ്ററിലേക്ക്.. ബോധം മറഞ്ഞു..

 

എപ്പഴോ ബോധാവസ്ഥയുടെ നേരിയ വെട്ടത്തിലേക്ക് കണ്ണുകൾ പാതി തുറന്നപ്പോൾ മുക്കിലും വായിലും വയറ്റിലും എല്ലാം തന്റെ ജീവിതം പോലെ ട്യൂബുകൾ തൂങ്ങിയാടുന്നു. ചെയ്യാത്ത കുറ്റത്തിന് കുരിശിൽ തറക്കപ്പെട്ട ഈശോയെപ്പോലെ കൈകളും കാലുകളും കട്ടിലിൽ ബന്ധിച്ചിരിക്കുന്നു.. 3 ദിവസം ഒന്നും പറയാനാവില്ലെന്ന ഡോക്ടറുടെ വിധി വാചകം..

 

കൈ മെല്ലെയൊന്നനക്കി നനവാർന്ന കണ്ണുകളിലൂടെ അടുത്ത് നിന്ന നേഴ്സിനോടവൾ കേണു.. ഈ ബന്ധനത്തിൽ നിന്ന് തന്നെ ഒന്ന് മോചിതയാക്കാൻ.. അവളോട് കരുണ തോന്നി അവർ കെട്ടുകൾ തൽക്കാലത്തേക്ക് അഴിച്ചു കൊടുത്തു.

 

അവളുടെ ചുണ്ടുകൾ വരണ്ടുണങ്ങി. ഈശോ കുരിശിൽ കിടന്ന് കേണത പോലെ അവളും കേണു.. വെള്ളം.. വെള്ളം.. 10 ദിവസത്തെ കീമോ കഴിഞ്ഞപ്പോൾ തന്നെ ഭക്ഷണവും വെള്ളവും നിഷിദ്ധമായിരുന്നു.. കുറെ ദിവസങ്ങളായി അവൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം കണ്ട് കരളലിവ് തോന്നിയ നേഴ്സുമാർ പഞ്ഞി വെള്ളത്തിൽ മുക്കി ചുണ്ടുകൾ നനച്ചു കൊടുത്തൂ... അതിനിടയിൽ വീണ്ടും പരീക്ഷണം..

 

ശരീരോഷ്മാവ് 104 ഡിഗ്രിയിൽ എത്തി..BP താണു.. heart pumping കുറഞ്ഞു.WBC 100 ലേക്ക് കൂപ്പ്കുത്തി.. പ്ളേറ്റ്ലറ്റും ഹീമോ ഗ്ളോബിനും താന്നു തന്നെ കിടന്നു.. പല പ്രാവശ്യം രക്തവും പ്ളേറ്റ്ലറ്റും കയറ്റി.. എന്നിട്ടും പനി കൂടി നിന്നതിനാൽ കൗണ്ട് കൂടിയില്ല.. ഒരേ കിടപ്പ് കിടന്ന് ശരീരമെല്ലാം ചുമന്നു തുടങ്ങി.. പിന്നെ എയർ ബെഡി ലാ യി കിടപ്പ്.

 

ജീവിതത്തിനും മരണത്തിനുമിടയിലെപ്പഴോ അവൾ മരണത്തെ മുഖാമുഖം കണ്ടു... ബോധം വീണ ചെറിയ ഇടവേളകളിൽ അച്ഛനും അമ്മയും മനോജ്യം വിവാനും എല്ലാം കാഴ്ചകളിലൂടെ മിന്നി മറഞ്ഞു... ഒപ്പം ഗംഗാധരൻ ഡോക്ടറും.. കുഞ്ഞു വിവാന്റെ മുഖം അവളുടെ നെഞ്ചിനെ കൊളുത്തി വലിച്ചു... അവനൊരു ഊർജ്ജമായി അവളിൽ കത്തിജ്വലിച്ചു..

 

ആരും അവൾക്ക് മുന്നിൽ കരഞ്ഞില്ല.. എല്ലാത്തിനേയും തരണം ചെയ്ത് തങ്ങളുടെ അൽക്ക കുട്ടി തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രാർത്ഥനയിലൂടെ അവർ നേടിയെടുത്തു കഴിഞ്ഞിരുന്നു... വിവാന്റെ കൂടെ കളിക്കുന്നതും.. അവന്റെ കൈ പിടിച്ച് തൊടിയിലൂടെ നടക്കുന്നതും സ്വപ്നം കണ്ട അവൾ മെല്ലെ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു.. അല്ല രണ്ടാം ജന്മത്തിലേക്ക്

 

15 ദിവസത്തെ ICUവാസവും 9 ദിവസത്തെ വെന്റിലേറ്റർ വാസവും കഴിഞ്ഞ് റൂമിലേക്ക് മാറ്റപ്പെട്ടത് ഒരു അസ്ഥിപഞ്ജരം ആയിരുന്നു... മുടി കൊഴിഞ്ഞ് കറുത്ത് മെലിഞ്ഞ് 30-35 കിലോ ഭാരമുള്ള ചലനമറ്റ ഒരു ശരീരം .. ചിത്രങ്ങൾ വരച്ചുകൂട്ടുന്ന തന്റെ പ്രിയപ്പെട്ട വിരലുകൾ മാത്രം ചലിക്കുന്നുണ്ട്.. ശിഷ്ടജീവിതത്തിന് കരുത്തേകാൻ ഈശ്വരൻ ബാക്കി വച്ച പ്രതീക്ഷയുടെ നാമ്പ്.. ആരും തിരിച്ചറിയാത്ത രൂപമായി അവൾ മാറിയെങ്കിലും ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു അവളുടെയും മനോജിന്റെയും വീട്ടുകാർ..

 

തന്റെ പ്രിയപ്പെട്ട ഭാര്യയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഹൃദയം നിറയെ സ്നേഹവും വാക്കുകളിൽ ധൈര്യവും നിറച്ച് മനോജ് അവൾക്കരികിൽ ഇരുന്നു.. ഏതൊരു ഭാര്യയും കൊതിക്കുന്ന സാമീപ്യം... ഡോക്ടറുടെ മരുന്നിനേക്കാൾ വലിയ സിദ്ധൗഷധം..... കുഞ്ഞു വിവാന്റെ അമ്മേ എന്ന വിളി കീമോയുടെ മരുന്നിനേക്കാൾ ഇരട്ടി ശക്തിയോടെ അവളുടെ സിരകളിലൂടെ പാഞ്ഞു.. അതിന്റെ ഉണർവിൽ ഇനി തനിക്ക് നടക്കാനാവുമോ എന്ന ചോദ്യം അവൾ വിഴുങ്ങി..

 

അച്ഛനും അമ്മയും അനുജത്തിയും മനോജിന്റെ കുടുംബാംഗങ്ങളും എന്തിനും ഏതിനും തയ്യാറായി കൂടെ നിന്നു

 

അവൾ കരഞ്ഞില്ല... ചലിക്കുന്ന വിരലുകളിലൂടെ പഴയ ജീവിതത്തെ തിരിച്ചുപിടിക്കാൻ തീരുമാനിച്ചു..

 

മോഷനും യൂറിനും എല്ലാം ബെഡ് പാനിലായിരുന്നു.. ദിവസങ്ങൾക്ക് ശേഷം അമ്മ അവളുടെ ഫോൺ കൊണ്ടു കൊടുത്തു. അതൊന്ന് കയ്യിൽ പിടിക്കാൻ പോലും അവൾക്ക് ശേഷിയുണ്ടായില്ല. എന്തിന് ഒരു സ്പൂൺ പോലും ഭാരമുള്ളതായി തോന്നി. അമ്മയുടെ സഹായത്തോടെ ഫോൺ തുറന്നു..

 

താനിനി ബെഡ് പാനിൽ യൂറിനം മോഷനും പാസ് ചെയ്യില്ലാന്ന് അവൾ തീരുമാനിച്ചു. അവളെ എടുത്തു കൊണ്ട് പോയി ടോയിലറ്റിൽ ഇരുത്താൻ നിർദ്ദേശിച്ചു. പഴയ അൽക്കയായി തിരിച്ചു വരാനുള്ള ഉറച്ച തീരുമാനത്തിന്റെ ആദ്യത്തെപടിയായിരുന്നു അത്. ഒരു ബുക്കും പേനയും അവൾ ആവശ്യപ്പെട്ടു.ചെറുതായി അനങ്ങുന്ന വിരലുകൾക്കിടയിലേക്ക് അമ്മ പേന വച്ചുനൽകി.. എന്നാൽ അതൊന്നു പിടിക്കാൻ വിരലിന്റെ മസിലുകൾ അനുവദിക്കുന്നുണ്ടായിരുന്നില്ല. അവൾ നിരാശപ്പെട്ടില്ല. വീണ്ടും വീണ്ടും പരിശ്രമിച്ചു.. അങ്ങനെ ബുക്കിൽ പതുക്കെ ലൈനുകൾ വരച്ചു തുടങ്ങി... ആ വര പഴയ ചിത്രകാരിയിലേക്കുള്ള യാത്രയായിരുന്നു.. വിരലുകളിലെ മസിലുകൾക്ക് ജീവൻ വച്ചു തുടങ്ങി... ടോയിലറ്റിലേക്ക് എടുത്ത് കൊണ്ടുപോയത് പിന്നീട് വീൽചെയറിലേക്കം വാക്കിങ് സ്റ്റിക്കിലേക്കും പുരോഗമിച്ചു. പതുക്കെ പതുക്കെ അവൾ പുതു ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി.

 

അതിനിടയിൽ വയറ്റിലെ വേദന അസഹനീയമായി. ബയോപ്സി ഉൾപ്പെടെ പല ടെസ്റ്റുകളും ചെയ്തു. ഒന്നിലും കുഴപ്പമുണ്ടായില്ല. വേദന കൂടിക്കൊണ്ടിരുന്നു.. കേളനോസ്കോപി ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു... അതോടെ വയറിന്റെ പ്രശ്നങ്ങൾ പൂർണ്ണമായി മാറി.

 

പല സൈക്കിൾ കീമോ കൾ തുടർന്നുകൊണ്ടിരുന്നു.. ഒപ്പം രക്തവും പ്ളേറ്റ്ലറ്റും മാറി മാറി കയറ്റി.ഛർദ്ദിൽ.. ലൂസ് മോഷൻ .. ഗുഹ്യഭാഗങ്ങളിലുണ്ടായ കുരുക്കൾ നൽകിയ അസഹനീയമായ വേദന.. എല്ലാത്തിനേയും അവൾ തന്റെ നിശ്ചയദാർഡ്യം കൊണ്ടും ആത്മധൈര്യം കൊണ്ടും ധരണം ചെയ്തു.

 

ആശുപത്രി കിടക്കയിൽ കിടന്ന് അവൾ ചിത്രങ്ങൾ ഒന്നൊന്നായി വരച്ചുകൂട്ടി.. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ഇൻസ്റ്റഗ്രാമിൽ ക്യാൻസർ ബോധവൽക്കരണ പോസ്റ്റുകൾ എഴുതാൻ തുടങ്ങി -littlelifewehave... ക്യാൻസർ തനിക്ക് വരില്ല എന്ന ചിന്ത മാറ്റി അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാമെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് ശരീരം കാണിക്കുന്ന ചെറിയ അടയാളങ്ങൾ പോലും നിസാരതയോടെ തള്ളിക്കളയരുതെന്ന് അവൾ ഇതിലൂടെ നിരന്തരം ഓർമിപ്പിക്കുന്നു..

 

ആശുപത്രി കിടക്കയിൽ തന്റെ പ്രിയ സുഹൃത്തിന്റെ ഉപദേശപ്രകാരം അവൾ സമ്മാനിച്ച വുഡൻ കോസ്റ്ററിൽ(wooden coaster) കാർട്ടൂൺ കാരിക്കേച്ചറുകൾ വരയ്ക്കാൻ തുടങ്ങി. ഇൻസ്റ്റഗ്രാമിൽ അതിനായി ഒരു പേജും തുറന്നു...Alka.doodlecorner. ..ഇതിലൂടെ കുറെ ഓർഡറുകൾ ലഭിച്ചു.. അങ്ങനെ പുതിയ ഒരു വരുമാനമാർഗം കൂടി തുറന്നുകിട്ടി...

 

6 സൈക്കിൾ ആയി 44 കീമോ കഴിഞ്ഞു.. അൽക്ക ക്യാൻസർ ഫ്രീ ആയി.അവളുടെ മുഖത്ത് വശ്യമായ ആ പഴയ പുഞ്ചിരി മടങ്ങിയെത്തി.. 2019 സെപ്റ്റംബറിൽ തുടങ്ങിയ ആശുപത്രിവാസം 2020 ഏപ്രിലോടെ ശുഭകരമായി പര്യവസാനിച്ചു. ഇനി 3 മാസം കൂടുമ്പോഴുള്ള ചെക്കപ്പ് മാത്രം.

 

സാത്താന്റെ പരീക്ഷണങ്ങളെ ധീരമായി നേരിട്ട് പൊരുതി നേടിയ പറുദീസയിലേക്ക് മനോജിന്റെയും വിവുവിന്റെയും കൈ പിടിച്ച് കുടുംബാംഗങ്ങളുടെ അകമ്പടിയോടെ അവൾ തിരികെ നടന്നു.... ഈശ്വരൻ അവളെ നോക്കി ചിരിച്ചു

 

ആ യാത്രയിൽ അവൾ നന്ദിയോടെ ഓർത്തെടുത്ത ചില മുഖങ്ങളുണ്ട്... തന്നെ മകളെപ്പോലെ സ്നേഹിച്ച്.. പരിചരിച്ച് ഒരു പുനർജന്മം നൽകിയ തന്റെ പ്രിയപ്പെട്ട ഗംഗാധരൻ ഡോക്ടർ.. ഡോക്ടർക്കൊപ്പം ഈശ്വരസാന്നിധ്യമായി കൂടെ നിന്ന ഡോ.അനുപമ. ഡോ.ഫവാസ്. ഡോ.സുനീഷ്. ഡോ. ശ്രീവല്ലി.... ആരും അറക്കുന്ന തന്റെ മലമൂത്ര വിസർജ്യങ്ങൾ അറപ്പും വെറുപ്പും കൂടാതെ എടുത്ത് മാറ്റി വൃത്തിയാക്കി, മരുന്നിനൊപ്പം സ്നേഹവും നൽകിക്കൊണ്ടിരുന്ന മാലാഖമാരായ നേഴ്സുമാർ.. തന്റെ ജീവൻ നിലനിർത്താൻ രക്തം നൽകിക്കൊണ്ടിരുന്ന നല്ലവരായ കുറെ മനുഷ്യർ.. ജാതി മതഭേദമെന്യേ തനിക്കായി ഉയർന്ന പ്രാർത്ഥനാ മന്ത്രങ്ങളിലൂടെ തന്നിലെ ആത്മവിശ്വാസത്തെയും മനോധൈര്യത്തെയും വാനോളം ഉയർത്തിയ നല്ലവരായ നാട്ടുകാർ.. കുടുംബസുഹൃത്തുക്കൾ.. ആത്മമിത്രങ്ങൾ..

 

ഇനിയൊരു ജന്മമുണ്ടെങ്കിൽ ലേക്‌ഷോറിലെ നേഴ്സുമാരെ പോലെ.. ഗംഗാധരൻ ഡോക്ടറെ പോലെ അർപ്പണ മനോഭാവവും നിസ്വാർത്ഥ സേവന സന്നദ്ധതയുമുള്ള മെഡിക്കൽ പ്രൊഫഷണൽ ആയി മറ്റുള്ളവരെ സേവിക്കണം എന്ന ആഗ്രഹം ഒരു നിവേദനമായി അൽക്ക ഈശ്വരന് സമർപ്പിച്ചു കഴിഞ്ഞു.

 

വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ തനിക്കേറെ പ്രിയപ്പെട്ട സോഫ്റ്റ് വെയർ എൻജിനീയുടെ പഴയ കുപ്പായം എടുത്തണിഞ്ഞു.. ജോലിയുടെ പ്രഷർ ഒരു സൈഡിൽ ഉണ്ടായിക്കൊണ്ടിരുന്നു... മരണത്തെ ജയിച്ചെത്തിയവളെ തോൽപിക്കാനാവില്ലല്ലോ. കുടുംബം, ആരോഗ്യം, ജോലി, വര. ..എല്ലാം അവൾ ഒരേ ക്യാൻവാസിൽ മനോഹരമായി ചാലിച്ചെടുക്കുന്നു.

 

ജീവിതത്തിന്റെ ഓരോ നിമിഷവും ഇന്നവൾക്ക് അമൂല്യമാണ്.. ഒരു പൂവ് വിരിയുന്നതു പോലും നോക്കി നിന്ന് മതിയാവോളം ആസ്വദിക്കും..

 

നിന്റെ മുടിയാ നിന്റെ രൂപ മോ അല്ല.. നിന്റെ മനസ്സാണ് പ്രധാനം. നിനക്കു മുന്നിലെത്തുന്ന പ്രശ്നങ്ങളെ നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് നിന്റെ വിജയം... ഇന്നലകളിൽ നിന്ന് പാഠം പഠിച്ച് നാളകളെക്കുറിച്ച് ആകുലപ്പെടാതെ വീണു കിട്ടുന്ന ഈ നിമിഷങ്ങളെ ആവോളം നുകരുക.. ഇൻസ്റ്റഗ്രാമിൽ അൽക്ക കോറിയിട്ട ഈ വാക്കുകൾ മതി നമുക്ക് ജീവിതത്തെ സ്നേഹിച്ചു തുടങ്ങാൻ..

 

കടുംനിറങ്ങളെ പ്രണയിച്ച അൽക്ക എന്ന സുന്ദരികുട്ടി തന്റെ ക്യാൻവാസിൽ പകർത്തിയതിലേറെയും അസ്തമയ സൂര്യന്റെ നിറഭേദങ്ങളായിരുന്നു.. എന്നാലിന്നവൾ ക്യാൻവാസ് ഉദയസൂര്യനിലേക്ക് തിരിച്ചു വച്ചിരിക്കുന്നു..

 

ഇനി അൽക്കയെ തോൽപിക്കാൻ ആർക്കുമാവില്ല.. മരണത്തിനു പോലും. അനുഭവങ്ങളുടെ തീച്ചൂളയിൽ അടിച്ചും പരത്തിയും മൂർച്ച കൂട്ടി എടുത്തിരിക്കുകയാണ് ഈശ്വരൻ അവളെ.

 

വേദനകളും രോഗങ്ങളും പ്രശ്നങ്ങളും കൊണ്ട് ജീവിതം കൈവിട്ടു പോകുന്നവർക്ക് ഇവളുടെ അതിജീവന കഥ പ്രചോദനമാകാതിരിക്കില്ല.

 

ലിജി പന്തലാനി