‘അയ്യാ..വീരപ്പനയ്യ..സ്വാമി..’ ആരാധനയും ഭക്തിയും നിറഞ്ഞ സ്വരത്തിൽ നൂറിലേറെ പേരാണ് ഇന്ന് മൂലക്കാട്ടിലുള്ള വീരപ്പൻ ശവകുടീരത്തിൽ പ്രാർഥനകളും പൂജയുമായി എത്തുന്നത്. കൊല്ലപ്പെട്ട് 16 വർഷം പിന്നിടുമ്പോഴും ഇതിഹാസമാനമുള്ള മനുഷ്യനും ചിലർക്ക് ആരാധനാപാത്രവുമായി മാറുന്നു, പതിറ്റാണ്ടുകൾ മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച ഈ കാട്ടുക്കൊള്ളക്കാരൻ. വീരപ്പന്റെ ഫോട്ടോയിൽ മാല ചാർത്തി, ദീപം തെളിയിച്ച്, ശവകുടീരം പൂക്കളും മാലകളും കൊണ്ട് അലങ്കരിച്ചാണ് വീരപ്പൻ കൊല്ലപ്പെട്ട ദിനം ഒരു ജനത കൊണ്ടാടുന്നത്. കൊള്ളക്കാരനോടുള്ള ഭയമോ അറപ്പോ അവർക്കില്ല. മറിച്ച് ഭക്തിയും വിനയവും ആരാധനയുമാണ് വീരപ്പനോട്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും നൂറിലേറെ പേരാണ് വീരപ്പന് ആദരമർപ്പിക്കാൻ എത്തിയത്. പൂക്കളും മാലകളും കൊണ്ട് ശവകുടീരം നിറഞ്ഞു. ചിലർ നിറകണ്ണുകളോടെ പ്രാർഥിച്ചു. വീരപ്പന്റെ കുടുംബവും എല്ലാവർഷവും ആദരമർപ്പിക്കാൻ ഇവിടെ എത്താറുണ്ട്. ഇത്തവണ വരുന്നവരുടെ പേരും ഫോൺനമ്പറും േമൽവിലാസും എഴുതി വാങ്ങാൻ പൊലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ദൈവത്തിന്റെ അനുഗ്രഹമുള്ള മായാജാലക്കാരൻ എന്നാണ് വലിയ ഒരു വിഭാഗം വീരപ്പനെ വിശേഷിപ്പിക്കുന്നത്. സ്മൃതി മണ്ഡപമൊന്നുമില്ലെങ്കിലും വീരപ്പനെ സംസ്കരിച്ച സ്ഥലം ഇഷ്ടികകൾ െകാണ്ട് വേർതിരിച്ചിട്ടുണ്ട്. ഇവിടെയാണ് എല്ലാ വർഷവും നൂറിലേറെ പേർ വീരപ്പൻ ഓർമകളുമായി എത്തുന്നത്. 

എവിടെയാണ് വീരപ്പന്റെ സമ്പാദ്യം, മഹാനിധി?

ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ 18 വരെ കർണാടക, തമിഴ്നാട്, കേരള പൊലീസ് സേനകൾ അയാൾക്കു മുൻപിൽ തോറ്റുപോയതിന്റെ ‘രഹസ്യം’ ഇപ്പോഴും വ്യക്തമല്ല. 21 വർഷം പൊലീസ് ഉദ്യോഗസ്ഥരെയും കൊമ്പനാനകളെയും അറപ്പില്ലാതെ കൊന്നുതള്ളിയ വീരപ്പൻ സത്യമംഗലം കാടും നാടും അടക്കിവാണു. 2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതിൽ 31 പേർ പൊലീസുകാർ.  2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകൾ, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികൾ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരമുണ്ടാക്കി. എന്നാൽ ഇതെല്ലാം എവിടെ എന്ന ചോദ്യം ഇപ്പോഴും നിറയുന്നുണ്ട്. ഉത്തരമില്ലാതെ.

ചന്ദനത്തടിയും ആനക്കൊമ്പും വിറ്റുകിട്ടുന്ന പണം വലിയ ഇരുമ്പുപെട്ടികളിലാക്കി വനത്തിൽ കുഴിച്ചിടുന്ന പതിവും വീരപ്പനുണ്ടായിരുന്നു. 5 വർഷം മുൻപു സത്യമംഗലം വനത്തിൽ ട്രക്കിങ്ങിനിടയിൽ കൂടാരം കെട്ടാൻ കുഴിയെടുത്ത യുവാക്കളുടെ സംഘത്തിനു പണപ്പെട്ടി കിട്ടിയതായി രഹസ്യവിവരമുണ്ടായിരുന്നു. സത്യമംഗലം വനം 21 വർഷം അടക്കിവാണ വീരപ്പൻ കുഴിച്ചിട്ട പണപ്പെട്ടികളും ആനക്കൊമ്പുകളും ആയുധങ്ങളും ഇപ്പോഴും വനത്തിൽ ഉറങ്ങിക്കിടപ്പുണ്ട്. ഏതാനും കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയ വിവരം മാത്രമാണ് ഇതുവരെ ‘ഔദ്യോഗികമായി’ പുറത്തറിഞ്ഞത്.