അവകാശവാദങ്ങൾക്കും ആശയങ്ങൾക്കും കൊടിയുടെ നിറത്തിനുമപ്പുറം സോഷ്യൽ മീഡിയയിൽ വൈറലായ ചില സ്ഥാനാർത്ഥികളെ കൂടി ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം കണ്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫിന്റെ സാരഥി അഡ്വ. വിബിത ബാബുവും അവരിലൊരാളായിരുന്നു. വിബിതയുടേതുൾപ്പെടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉറച്ച പിന്തുണ പ്രഖ്യാപിച്ച് നിരവധി പേർ പിന്നാലെ കൂടി. വിരലിൽ നീല മഷി പടരും മുന്നെ ചിരിയിൽ മുക്കിയ കമന്റുമായി ട്രോളൻമാരും എത്തിയതോടെ ത്രിതലം അടിമുടി ഗ്ലാമറായി. ‘പഞ്ചായത്ത് മാറിയിട്ടാണെങ്കിലും വേണ്ടില്ല സുന്ദരിമാരായ സ്ഥാനാർത്ഥിമാരെ ജയിപ്പിക്കുമെന്നായിരുന്നു’ പലരുടേയും തമാശനിറഞ്ഞ പ്രഖ്യാപനം.

 

ഇത്രയൊക്കെ ആയപ്പോഴേക്കും വൈറൽ സ്ഥാനാർത്ഥിമാരുടെ തെരഞ്ഞെടുപ്പ് കേരളവും സോഷ്യൽ മീഡിയയും ഒരു പോലെ ഉറ്റുനോക്കി. പക്ഷേ കാത്തിരുന്ന് കാത്തിരുന്ന് ഫലപ്രഖ്യാപനം വന്നപ്പോൾ ‘വൈറൽ പ്രഭാവം’ തെരഞ്ഞെടുപ്പിൽ ഏറ്റിട്ടേയില്ല എന്നതാണ് സത്യകഥ. വൈറലായ സ്ഥാനർത്ഥി അഡ്വ. വിബിത ബാബുവിന്റെ പരാജയമായിരുന്നു കൂട്ടത്തിൽ ഏവരേയും ഞെട്ടിച്ചത്. ഇതോടെ വൈറല്‍ താരങ്ങളെ വെട്ടി,  വിജയിച്ച സ്ഥാനാർത്ഥി ആരെന്ന് അറിയാനുള്ള ആകാംക്ഷയായി പലർക്കും.

 

ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷൻ നിലനിർത്താൻ എൽഡിഎഫ് രംഗത്തിറക്കിയ സി.കെ.ലതാകുമാരിയാണ് വിബിത ബാബുവിനെ തറപറ്റിച്ചത്. മല്ലപ്പള്ളി ഡിവിഷനിൽ 1995 മുതൽ 2015 വരെ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫാണ് ജയിച്ചു പോന്നിരുന്നത്. ആ പാരമ്പര്യം ലതാകുമാരി കാത്തു എന്നു മാത്രമല്ല, വിബിത ബാബുവിന്റെ താരത്തിളക്കം സോഷ്യൽ മീഡിയയിൽ ഒതുങ്ങിപ്പോയി എന്ന് മിന്നും ജയത്തിലൂടെ തെളിയിക്കുകയും ചെയ്തു. 10469 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ  സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ചതാകട്ടെ 9178 വോട്ടും.

 

സിപിഎം ലോക്കൽ കവിയൂർ ലോക്കൽ കമ്മിറ്റി അംഗം അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ്, . അങ്കണവാടി അധ്യാപിക, സിഐടിയു മുൻ സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ മേൽവിലാസങ്ങൾ നൽകിയ അനുഭവ പാടവവുമായാണ് ലതാകുമാരി മല്ലപ്പള്ളിയുടെ ഹൃദയങ്ങളിലേക്കിറങ്ങി ചെന്നത്. നാടിന്റെ ജനകീയ മുഖമായി മാറിയ ലതാകുമാകി കർഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു. മൂന്ന് ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു ചെയ്ത കൃഷിയിൽ നിന്നു 1800 ഏത്തക്കുലകൾ വെട്ടിയെടുത്ത് ‘കാർഷിക വിപ്ലവം’ നടത്തിയ പൂർവകാല ചരിത്രവും ലതാകുമാരിക്കുണ്ട്. സ്വന്തം നിലത്തിനു പുറമേ 28 വർഷമായി തരിശുകിടന്ന വെണ്ണീർവിള പാടശേഖരം പാട്ടത്തിനെടുത്തതും മറ്റൊരു കാർഷിക വിജയഗാഥ. അന്ന്  47 ഏക്കറിൽ നിന്നു 60 ടൺ നെല്ലാണ് ലതാകുമാരി കൊയ്തെടുത്തത്.

 

ഭർത്താവ്് വി.ആർ.സജി, മക്കളായ സജിത, അഞ്ജന, മരുമകൻ സുജിത് എന്നിവരും ലതാകുമാരിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഉറച്ച പിന്തുണയുമായുണ്ട്.