അയ്യപ്പനും കോശിയും എന്ന സിനിമയിലെ പൊലീസ് കഥാപാത്രത്തിലൂടെയാണ് അനിൽ പി നെടുമങ്ങാട് ജനപ്രിയനാകുന്നത്. പക്ഷേ അതിലും എത്രയോ മുന്നേ മലയാളി മനസ്സിൽ കണ്ടു പരിചയിച്ച മുഖമാണ് അനിലിന്റേത്. ടെലിവിഷൻ ലോകത്ത് അന്നുവരെ കണ്ടിട്ടില്ലാത്ത പല പരീക്ഷണങ്ങളുടെയും തുടക്കം അനിലിലൂടെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. കൈരളി ചാനലിൽ ആദ്യംകാലത്ത് സംപ്രേഷണം ചെയ്തിരുന്ന ജുറാസിക് വേൾഡ് എന്ന പരിപാടി അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു. ഇന്ന് നമ്മൾ കാണുന്ന ട്രോളുകളുടെ അല്ലെങ്കിൽ ആക്ഷേപഹാസ്യ പരിപാടികളുടെ ആദ്യ വെർഷൻ ആയിരുന്നു അനിലിന്റെ പരിപാടി. 

സിനിമകളിലെ പോപ്പുലർ രംഗങ്ങളും താരങ്ങളെയും ഉപയോഗപ്പെടുത്തി സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന പരിപാടികളാണ് അനിൽ ചെയ്തിരുന്നത്. അനിലിന്റെ രസകരമായ സ്ക്രിപ്റ്റും അവതരണവുമാണ് പരിപാടി ജനപ്രിയമാക്കിയത്. ഡ്രാക്കുളയുടെ വീട്ടിലെത്തുന്ന മലയാള താരങ്ങള്‍, മമ്മൂട്ടി-മോഹന്‍ലാല്‍ വാക്കേറ്റം, നരസിംഹം സിനിമയുടെ അനിമേഷന്‍ റീമിക്സുമൊക്കെ അനില്‍ അവതരിപ്പിച്ചു. സാങ്കേതികവിദ്യ ഇത്രത്തോളം വളര്‍ന്നിട്ടില്ലാത്ത കാലത്ത് അതിന്‍റേതായ വെല്ലുവിളികളെ സ്ക്രിപ്റ്റിംഗിലെയും അവതരണത്തിലെയും മികവു കൊണ്ടാണ് അദ്ദേഹം മറികടന്നത്. ഇപ്പോഴും ആ വിഡിയോകൾ യൂട്യൂപിലുണ്ട്. അനിൽ നായർ എന്ന യുട്യൂബ് പേജിൽ വിഡിയോകൾ കാണാം. 

സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുറത്തെത്തിയതിനു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിച്ച സമയത്ത് അദ്ദേഹം തന്നെ കണ്ടെത്തിയ വഴിയായിരുന്നു മിനിസ്ക്രീനിലെ നര്‍മ്മപരിപാടിയെന്ന് പലപ്പോഴും അനിൽ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അനിൽ സിനിമയിലെത്തുന്നതും മികച്ച വേഷങ്ങള്‍ ചെയ്യുന്നതും. അനിലിന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരോടെ പ്രണാമം അർപ്പിക്കുകയാണ് ഇപ്പോൾ മലയാളം ഒന്നടങ്കം.