police-karnataka

പണം കയ്യിലില്ലെന്ന് പറഞ്ഞിട്ടും കേൾക്കാത്ത ട്രാഫിക് പൊലീസിന് സ്വന്തം താലിമാല ഉൗരി നൽകി യുവതി. കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോൾ കന്നട വാർത്താ ചാനലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ പൊലീസ് പിടിച്ചത്. 500 രൂപ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. എന്നാൽ  ഈ സമയം  പണം അവരുടെ കയ്യിൽ ഇല്ലായിരുന്നു. 

എന്നാൽ കയ്യിൽ പണം ഇല്ലെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇത് വിശ്വസിക്കാൻ അവർ തയാറായില്ല. രണ്ട് മണിക്കൂറോളം ദമ്പതികളെ പൊലീസ് പിടിച്ചുനിർത്തി. ഇവർ അപേക്ഷിച്ചിട്ടും വിടാൻ പൊലീസ് തയാറായില്ല. ഇതോടെയാണ് കഴുത്തിൽ കിടന്ന താലി യുവതി ഊരി പൊലീസുകാരനെ നേർക്ക് നീട്ടിയത്. ഇത് വിറ്റ് കിട്ടുന്ന പണം പിഴ ഇനത്തിൽ ഇൗടാക്കിക്കോളൂ എന്നായി ദമ്പതികൾ. ഇതോടെ പൊലീസുകാർ കുടുങ്ങി. ഇതിന്റെ വിഡിയോയും ചിലർ പകർത്താൻ തുടങ്ങിയതോടെ പൊലീസുകാർക്ക് അപകടം മനസിലായി. ഇതോടെ സ്ഥലത്ത് എത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദമ്പതികളെ പോകാൻ അനുവദിക്കുകയായിരുന്നു. ഹുക്കേരി സ്വദേശിയായ ഭാരതി വിഭൂതി എന്ന യുവതിയാണ് പിഴ അടക്കാനില്ലാത്തതിനാല്‍ താലിമാല ഊരിനല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.