വെറും 18 മണിക്കൂർ കൊണ്ട് 25.54 കിലോമീറ്റർ ദേശീയപാത നിർമിച്ച് ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ) രചിച്ചതു പുതുചരിത്രം. ദേശീയപാത 52ൽ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിർമാണത്തിനിടയിലാണ് എൻ എച്ച് എ ഐ ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയാണ് റോഡ് നിർമാണത്തിലെ ഈ തകർപ്പൻ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്; 18 മണിക്കൂറിൽ 25.54 കിലോമീറ്റർ പുതിയ പാത നിർമിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
സോലാപ്പൂർ – വിജപൂർ നാലുവരിപ്പാത ഈ ഒക്ടോബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു നിർമാണ ജോലികൾ പുരോഗമിക്കുന്നത്. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് റെക്കോഡ് നേട്ടം കൈവരിക്കാനായതെന്ന് വിശദീകരിച്ച മന്ത്രി ഗഢ്കരി, കരാറുകാരെയും അഭിനന്ദിച്ചു. ബെംഗളൂരു–വിജയപുര– ഔറംഗബാദ് – ഗ്വാളിയർ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂർ — വിജപൂർ നാലുവരിപ്പാതിയുടെ നിർമാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ ദേശീയപാത വികസിപ്പിക്കുന്നത്.
ഈ മാസം ആദ്യം നാലുവരിപ്പാത നിർമാണത്തിനിടെ 24 മണിക്കൂർ സമയത്തിനകം ഏറ്റവുമധികം കോൺക്രീറ്റ് വിരിച്ചും എൻ എച്ച് എ ഐ റെക്കോഡ് സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡൽഹിക്കും മുംബൈയ്ക്കുമിടയിൽ നിർമിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിർമാണ കരാറുകാരായ പട്ടേൽ ഇൻഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂർണമായും ഓട്ടമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്നതുമായ കോൺക്രീറ്റ് പേവർ ഉപയോഗിച്ചുള്ള ഈ കോൺക്രീറ്റിങ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിലും ഇടംപിടിക്കുകയും ചെയ്തു.
യാത്രാസമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയപാതാ വികസന പദ്ധതികൾ എൻ എച്ച് എ ഐ ഏറ്റെടുത്തു നടത്തിവരുന്നുണ്ട്. ഇരുനൂറോളം സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന എൻ എച്ച് എ ഐ, ഗവേഷണത്തിനായി ഹൈവേ ഭാഗങ്ങൾ ഏറ്റെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതിനോടകം 18 ഐ ഐ ടികളും 27 എൻ ഐ ടികളും 207 എൻജിനീയറിങ് കോളജുകളും ഗവേഷണ ആവശ്യങ്ങൾക്കായി ഹൈവേ ഭാഗങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.