KOZHIKODE 28th August 2015 : Vineeth Sreenivasan - film actor - singer and director performing at DTPC Onam celebration / Photo: James Arpookara , CLT #

വേറിട്ട ആലാപനവും സ്വരവും കൊണ്ട് സംഗീത പ്രേമികൾക്കിടയിൽ സ്ഥാനം പിടിച്ച ഗായകനാണ് വിനീത് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പാട്ടിനെയും സമൂഹമാധ്യമക്കുറിപ്പിലൂടെ വിമർശിച്ച ഇടതു രാഷ്ട്രീയ ‌നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ വാക്കുകൾ വിവാദമായിരിക്കുകയാണ്. റെജിക്കെതിരെ സംഗീതസംവിധായകൻ കൈലാസ് മേനോൻ ശക്തമായ ഭാഷയിൽ രംഗത്തെത്തുകയും ചെയ്തു. 

 

വിനീതിനു കഴിവുള്ളതുകൊണ്ടാണ് സംഗീതംവിധായകർ പാടാൻ വിളിക്കുന്നതെന്നും ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ പാട്ട് ഇഷ്ടപ്പെടുന്നു എന്നും കൈലാസ് പ്രതികരിച്ചു. വിനീതിന്റെ പാട്ട് അരോചകവും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനവുമാണെന്നും കുറിച്ച് വിനീതിന്റെ ചിത്രമുൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു റെജി ലൂക്കോസിന്റെ സമൂഹമാധ്യമ പോസ്റ്റ്. ഞൊടിയിടയിൽ ശ്രദ്ധേയമായ പോസ്റ്റ് വിവാദമാവുകയും വലിയ ചർച്ചകൾക്കു വഴിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൈലാസ് മേനോന്റെ പ്രതികരണം. വിനീത് ശ്രീനിവാസനൊപ്പം പാട്ട് റെക്കോർഡ് ചെയ്തതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. 

 

‘ആദ്യമായി വിനീതിന്റെ പാട്ട് റെക്കോർഡ് ചെയ്യുന്നത് മൂന്ന് മാസം മുമ്പാണ്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂർ പോലും എടുക്കാതെ പാടി തീർത്തു. ഞാൻ ചെയ്തിട്ടുളളതിൽ ഏറ്റവും വേഗമേറിയ റെക്കോർഡിങ്ങ് സെഷൻ ആയിരുന്നു അത്. പാടുന്ന ഭൂരി ഭാഗം ടേക്കുകളും പെർഫക്ട് ആയിരുന്നു എന്നത് കൊണ്ടാണ് അത്രയും വേഗം റെക്കോർഡിങ്ങ് കഴിഞ്ഞത്. സിനിമ മേഖലയിലെ ബന്ധങ്ങളും അടുപ്പങ്ങളുമെല്ലാം വച്ച് ഒന്നോ രണ്ടോ മൂന്നോ പാട്ടുകൾ പാടാം, പക്ഷെ 18 വർഷമായി സംഗീത സംവിധായകർ അദ്ദേഹത്തെ പാടാൻ വിളിക്കുന്നുണ്ടെങ്കിൽ കഴിവ് എന്നൊരു സംഭവം ഉളളത് കൊണ്ട് തന്നെയാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ആളുകൾ ഉളളതു കൊണ്ടും കൂടിയാണ്’, കൈലാസ് മേനോൻ കുറിച്ചു. 

 

ചാനൽ ചർച്ചകളിലും മറ്റും സജീവസാന്നിധ്യമായ റെജി ലൂക്കോസ് ഇക്കഴിഞ്ഞ ദിവസമാണ് വിനീതിനെതിരെ പോസ്റ്റിട്ടത്. കുറിപ്പ് വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. വില കുറഞ്ഞ രാഷ്ട്രീയ കളിയിലെ പക തീർക്കാൻ ഇത്രയും സർഗ്ഗ പ്രതിഭയുളള കലകാരനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ പ്രതികരണം. ‌‌പോസ്റ്റ് വൈറലാകാനും അതിലൂടെ പ്രശസ്തി നേടാനും വേണ്ടിയാണ് റെജി ഇതുപോലെ നിലവാരമില്ലാത്ത തരത്തിൽ സംസാരിക്കുന്നത് എന്നും നിരവധി പേർ പറഞ്ഞു. ട്വന്റി ട്വന്റി പാർട്ടിയിൽ ചേർന്ന നടൻ ശ്രീനിവാസന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ചാണ് വിനീതിനെതിരെ സൈബർ ആക്രമണം നടക്കുന്നതെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.  

 

റെജി ലൂക്കോസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

 

‘എന്നോട് ആരെങ്കിലും എനിക്ക് അരോചകമായത് എന്തെന്ന് ചോദിച്ചാൽ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസൻ) പാട്ട് കേൾക്കുന്നതാണെന്ന് നിസംശ്ശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുളള ഇദ്ദേഹത്തിന്റെ പാട്ടുകൾ മലയാള സംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് എന്തെന്നറിയാത്ത മനുഷ്യനാണെന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവൻ പാട്ടുകളും ഇങ്ങേർ പാടുന്നത് എന്ത് അഡ്ജസ്റ്റുമെന്റാണ്. എത്രയോ മിടുമിടുക്കരുടെ അവസരമാണ് ഈ ലോബിയിങ്ങ് കാരൻ തകർക്കുന്നത്’.