‘സൂപ്പർഹിറ്റുകൾ സമം ഡെന്നീസ് ജോസഫ്...’ മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ െകാണ്ട് തിയറ്ററുകൾ ഇളക്കി മറിച്ച തൂലികയുടെ പേരു കൂടിയായിരുന്നു ഡെന്നീസ് ജോസഫ്. മമ്മൂട്ടിയുടെ സിനിമാജീവിതത്തിൽ വലിയ വഴിത്തിരിവായ ന്യൂഡൽഹിയിലെ ജി. കൃഷ്ണമൂർത്തി അക്കൂട്ടത്തിലൊന്നാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട രജനികാന്ത് നേരിട്ടെത്തി ഡെന്നീസിനോട് സിനിമ ചോദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അത്രമാത്രം പൊന്നും വിലയുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. 

അന്ന് ന്യൂഡൽഹി നേടിയ അമ്പരപ്പിക്കുന്ന വിജയം തെന്നിന്ത്യ ആകെ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ വമ്പൻ തിരിച്ചുവരവ്. ഏത് ഭാഷയിലും മിന്നുന്ന വിജയം നേടുമെന്ന് ഉറപ്പമുള്ള കഥ. മറ്റെന്തിനെക്കാളും ജനങ്ങളുടെ കയ്യടിക്ക് ഇടം കണ്ടെത്തുന്ന കഥപാത്രങ്ങൾ ഏറ്റെടുത്ത് ഗംഭീരമാക്കുന്ന രജനികാന്തിന് ജി.കെ ആകാനും മോഹമുണ്ടായി. അങ്ങനെ അദ്ദേഹം ഡെന്നീസ് ജോസഫിനെ കാണാൻ നേരിട്ടെത്തി. ചെന്നൈയിൽ താമസിക്കുന്ന സമയത്താണ് ഹോട്ടലിൽ നിന്നും ഒരു ഫോൺ കോൾ എത്തുന്നത്. താങ്കളെ കാണാൻ ഒരു വിഐപി എത്തിയിട്ടുണ്ടെന്ന്. സാക്ഷാൽ രജനികാന്തായിരുന്നു ആ അതിഥി. ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കിനുള്ള അവകാശത്തിനായാണ് അന്ന് രജനി കാണാൻ വന്നത്. പക്ഷേ അപ്പോഴേക്കും സിനിമയുടെ കന്നഡ, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു. നടക്കാതെ പോയ രജനി ചിത്രത്തിന്റെ കഥ അടുത്തിടെ അദ്ദേഹം പങ്കുവച്ചിരുന്നു.