സിനിമാ ജീവിതത്തിൽ വിജയിച്ച് നിൽക്കുമ്പോൾ തന്നെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ലഹരിയ്ക്ക് അടിമപ്പെട്ടുപോയ അവസ്ഥയെ കുറിച്ച് ഒരിക്കൽ ഡെന്നീസ് ജോസഫ് തുറന്നുപറഞ്ഞിരുന്നു. സഫാരി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ജീവിത്തിലെ ആ കറുത്ത ദിനങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

‘ലോകത്തിലെ ഏറ്റവും അപകടകരമായ ദുശീലമെന്തെന്ന് ചോദിച്ചാൽ ഞാൻ പറയുക ഒറ്റക്കിരുന്നുള്ള മദ്യപാനമാണെന്ന്. ജീവിതത്തിൽ ഒരു ഭാഗം ഞാൻ അങ്ങനെയായിരുന്നു. എന്റേതായ സ്വകാര്യമായ ഒരിടത്ത് ഒതുങ്ങിയിരുന്ന് ഞാൻ മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്തു. പതിയെ ഞാൻ അതിന് അടിമയായി. ഒരു ദിവസം 100–120 ഇടയിൽ ഞാൻ‌ സിഗററ്റ് വലിച്ചിരുന്നു. രാവിലെ എഴുനേൽക്കുമ്പോൾ തന്നെ രണ്ടു പെഗ് അടിക്കാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് ഞാനെത്തി. അങ്ങനെ പൂർണമായും മദ്യത്തിനും സിഗറ്റിനും അടിമയായി. പക്ഷേ അന്നൊന്നും വീട്ടിലോ ഷൂട്ടിങ് സെറ്റിലോ മദ്യപിച്ച് വഴിക്കിട്ടില്ല. 

എന്റെ ജീവിതം എനിക്ക് തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലേക്ക് പോകുന്നതായി എനിക്ക് തന്നെ മനസിലായി. എങ്ങനെയും ഇതിൽ നിന്നും മോചനം നേടാൻ പല വഴിയും നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ ആരോഗ്യപ്രശ്നങ്ങൾ എന്നെ ബാധിച്ചു തുടങ്ങി. മദ്യപാനം നിർത്താൻ ശ്രമിച്ചിട്ടും എനിക്ക് അതിന് കഴിയാത്ത അവസ്ഥ. അങ്ങനെ സിനിമകൾ ഇല്ലാതായി തുടങ്ങി. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായി. വീണ്ടും സിനിമയിൽ സജീവമാകാൻ ഞാൻ എഴുതാനിരുന്നു. അപ്പോഴാണ് ഞാൻ എത്രത്തേളം മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നുവെന്ന് തിരിച്ചറിയുന്നത്. എഴുതാനിരുന്നാൽ അക്ഷരം മറന്നുപോകുന്ന അവസ്ഥ. സീൻ എന്നെഴുതാൻ ഇരുന്നാൽ ‘സ’ എന്ന അക്ഷരം മറന്നുപോകുന്ന അവസ്ഥയിലേക്ക്  ഞാൻ എത്തി. പിന്നെ മദ്യപിച്ചാൽ മാത്രം കുറച്ച് നേരം നോർമലാകും. പതിയെ പതിയെ ഇക്കാര്യങ്ങൾ എല്ലാവരും അറിയാൻ തുടങ്ങി. 

മരിക്കുന്നതിനെ കുറിച്ച് പോലും ഞാൻ ചിന്തിച്ചു. ധൈര്യമില്ലാത്തത് കൊണ്ട് ‍ഞാൻ ആത്മഹത്യ ചെയ്തില്ല. ഒടുവിൽ ജീവിതത്തിന്റെ കയ്പേറിയ നിമിഷങ്ങൾ അവസാനിപ്പിച്ച് തരുന്നത് കോര ജേക്കബ് എന്ന മനുഷ്യനാണ്. അദ്ദേഹമാണ് മദ്യത്തിന്റെയും ,സിഗറ്റിന്റെയും ആസക്തിയിൽ നിന്നും എന്നെ മോചിപ്പിച്ചത്. ഇപ്പോൾ 19 വർഷം പിന്നിട്ടിരിക്കുന്നു. ഞാൻ മദ്യപിച്ചിട്ട്..പുകവലിച്ചിട്ട്.. തകർന്ന് പോയ എന്റെ ജീവിതം മടക്കി തന്നതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് കോരസാറിനോടാണ്..’ ഡെന്നീസ് ജോസഫ് അന്ന് പറഞ്ഞു.