മലയാളത്തിന് രണ്ട് സൂപ്പർതാരങ്ങളെ സമ്മാനിച്ച തിരക്കഥാകൃത്ത് എന്ന് നിസംശയം വിശേഷിപ്പിക്കാവുന്നയാളാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിയും മോഹൻലാലും അരങ്ങേറിയ ചിത്രങ്ങളല്ല, മറിച്ച് അവരെ ഇപ്പോൾ നാം കാണുന്ന അതികായന്മാരാക്കിയ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. ന്യൂഡൽഹിയിലെ ജി.കെയെയും രാജാവിന്റെ മകൻ എന്ന സിനിമയിലെ വിൻസന്റ് ഗോമസിനെയും മലയാളി ഒരിക്കലും മറക്കില്ല. ഇടക്കാലത്തെ തകര്‍ച്ചയില്‍ നിന്ന് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ പദവിയിലേക്ക് അതിവേഗം ഉയര്‍ത്തിയ ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹി എന്ന സിനിമ. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ എത്തിയ ചിത്രം അന്ന് തിയറ്റർ ഇളക്കിമറിച്ച് നേടിയത് ചരിത്രവിജയവും. അധോലോക നായകനായുളള മോഹൻലാലിന്റെ വേഷം അന്ന് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. രാജാവിന്റെ മകനിലെ സൂപ്പര്‍ താരത്തിന്റെ പഞ്ച് ഡയലോഗുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തിലെ സാധാരണ ഒരു നായകനില്‍ നിന്നും എല്ലാവരെയും അതിശയിപ്പിച്ച ഒരു വളര്‍ച്ചയാണ് രാജാവിന്റെ മകന്‍ പുറത്തിറങ്ങിയ ശേഷം മോഹന്‍ലാലിന് ഉണ്ടായത്. സൂപ്പർ താരം, സൂപ്പർ സംവിധായകൻ എന്ന് പറയുന്നതു പോലെ മലയാളത്തിലെ ആദ്യ സൂപ്പർ തിരക്കഥാരകൃത്ത് എന്ന വിശേഷണം ഡെന്നീസ് ജോസഫിന് സ്വന്തം. അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി ഒരുകാലത്ത് മലയാളികള്‍ കാത്തിരുന്നു.