'മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്'. മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത ഫോൺനമ്പരാണിത്.  ഇറങ്ങിയ ശേഷം കോട്ടയം ചന്തക്കവലയിലെ ഈ ലാൻഡ്ഫോൺ നിർത്താതെ ബെല്ലടിച്ച് കൊണ്ടേയിരുന്നു. രാജാവിന്റെ മകനെ ചോദിച്ച് വിളിച്ചവരോടെല്ലാം രാജാവാണ് സംസാരിക്കുന്നത്, മകന് കൊടുക്കാമെന്ന് സരസമായി പറഞ്ഞു കൊല്ലാട് ചുള്ളിയിൽ പി.സി. സഖറിയ. മകൻ ഡോ. ഐക്കിന്റെ ക്ലിനിക്കിലെ നമ്പറായിരുന്നു ഡെന്നീസ് ജോസഫ് വിൻസെന്റ് ഗോമസിന്റേതായി എഴുതിവച്ചത്. അതും വെറും ഫാൻസി നമ്പരാകുമെന്നോർത്ത്.

എന്തു സഹായത്തിനും വിളിക്കാം എന്ന് മോഹൻലാലിന്റെ വിൻസെന്റ് ഗോമസ് ആ സിനിമയിൽ പറയുന്നുണ്ട്. സഹായം അഭ്യർഥിച്ചുള്ള വിളികൾ 2255 ലേക്ക് ഒഴുകിയെത്തിയ കഥ ഡോ.ഐക്ക് ‘മനോരമ’യിൽ എഴുതിയിരുന്നു. ഇത് വായിച്ച് ഡെന്നീസ് ജോസഫ് ഒരിക്കൽ നേരിട്ട് എത്തി. വെറുതേ  മനസ്സിൽ തോന്നിയ ഒരു നമ്പർ എഴുതിയതാണെന്നു ഡെന്നിസ് ജോസഫ് പറഞ്ഞതായി ഡോ. ഐക്ക് ഓർമിക്കുന്നു. പറയുമ്പോൾ കൗതുകം തോന്നുന്ന ഒരു നമ്പർ.

കോവിഡ് കാലമായതിനാൽ ചന്തക്കവലയിലെ ക്ലിനിക് കുറച്ചുനാളുകളായി പ്രവർത്തിക്കുന്നില്ല. പക്ഷേ രാജാവിന്റെ മകന്റെ നമ്പർ അവിടെ തന്നെയുണ്ട്.