കൈകൾ കോർത്ത് മരങ്ങളെ പ്രാണനെപ്പോലെ ചേർത്തുപിടിച്ച വനിതകൾ. കാലങ്ങൾക്കിപ്പുറവും മണ്ണിന്‍റെയും മനുഷ്യന്‍റെയും അതിജീവനപ്പോരാട്ടത്തിന്‍റെ അടയാളപ്പെടുത്തലും ഊർജ്ജവുമായി ചിപ്കോ മുന്നേറ്റം നിറഞ്ഞുനിൽക്കുന്നു. അതിന്‍റെ അമരക്കാരനായ സുന്ദർലാൽ ബഹുഗുണയും. വനനശീകരണത്തിന് എതിരായ ചിപ്കോ മുന്നേറ്റത്തിന്‍റെ നായകനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ചാണ് മരിച്ചത്. 94 വയസായിരുന്നു.
1970കളിൽ ഹിമാലയൻ കാടുകളിലെ മരങ്ങൾ മുറിക്കാൻ യുപി സർക്കാർ അനുവദിച്ചതിനെതിരെയായിരുന്നു ഗ്രാമീണരെ അണിനിരത്തി ചിപ്കോ എന്ന് പേരിട്ട സമാനതകളില്ലാത്ത സഹനസമരം. ചിപ്കോ എന്നാൽ ചേർന്നു നിൽക്കുക അല്ലെങ്കിൽ ഒട്ടിനിൽക്കുക. പച്ചപ്പിന്‍റെ പെൺപോരാട്ട രാഷ്ട്രീയം ചിപ്കോ പതിറ്റാണ്ടുകൾക്ക് മുൻപേ മുന്നോട്ടുവച്ചു. 1974 മാർച്ച് 26 ന് ആരംഭിച്ച സമരം ഇന്ത്യയിലെ പരിസ്ഥിതി മുന്നേറ്റങ്ങളിലെ നാഴികക്കലായി.
1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത് മറോഡയിലാണ് ബഹുഗുണയുടെ ജനനം. ബംഗാളിൽ നിന്ന് കുടിയേറിയതായിരുന്നു കുടുംബം. തൊട്ടുകൂടായ്മയ്ക്കും മദ്യത്തിനുമെതിരായ ശബ്ദമുയർത്തി സമരജീവിതം ആരംഭിച്ചു. ഗ്രാമങ്ങളിലെ മനുഷ്യർക്കായി എന്നും ഒന്നിച്ചു നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്ത് വിമലയെ ജീവിത സഖിയാക്കി. അളകനന്ദ നദിക്കരയിലെ 2500 മരങ്ങൾ മുറിക്കാൻ 1974 ജനുവരിയിൽ സർക്കാർ നീക്കം തുടങ്ങിയതാണ് ചിപ്കോ സമരത്തിന് വഴിയൊരുക്കിയത്. 1980ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി മരം മുറിക്കുന്നതിന് 15 വർഷത്തെ വിലക്കേർപ്പെടുത്തി. പിന്നീട് തെഹ്‌രി അണക്കെട്ടിനെതാരായ പ്രക്ഷോഭത്തിന് ബഹുഗുണ നേതൃത്വം നൽകി. പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവുവും എച്ച്.ഡി ദേവഗൗഡയും പദ്ധതി പുനപരിശോധിക്കാൻ ഒരുങ്ങിയത് ബഹുഗണയുടെ ഉപവാസ സമരങ്ങളുടെ ഫലമായാണ്.
1981ൽ പത്മശ്രീയും 2009ൽ പത്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. പരിസ്ഥിതിയാണ് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ, വികസനം വിനാശകരമാകരുത് എന്നതാണ് ബഹുഗുണ പകർന്നുനൽകിയ വലിയ പാഠം. ഗാന്ധിയൻ സമരരീതി കാലഹരണപ്പെട്ടിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി. പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന സങ്കൽപ്പം അവതരിപ്പിച്ച മുൻപേ പറന്ന പക്ഷി. മേയ് 8 നാണ് ബഹുഗുണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഋഷികേശ് എയിംസിൽ ചികിൽസയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തും അടക്കം പ്രമുഖർ അനുശോചിച്ചു.