കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്ത അറിഞ്ഞ് ബന്ധുക്കളെയും ബാൻഡ്മേളക്കാരെയും കൂട്ടി യുവാവിന്റെ വീടിന് മുന്നിൽ യുവതിയുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് വിചിത്രപ്രതികാരം. മണിക്കൂറുകളോളം ബഹളം വച്ച യുവതിയെ പൊലീസ് എത്തിയാണ് മടക്കി അയച്ചത്.
സൈന്യത്തിൽ ജോലി കിട്ടിയ ശേഷം യുവാവ് തന്നെ വേണ്ടെന്ന് വച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് യുവതിയുടെ ആരോപണം. ഇതോടെ തന്റെ വീട്ടുകാരെയും ബാൻഡ്മേളക്കാരെയും കൂട്ടി യുവതി കാമുകന്റെ വീട്ടിലെത്തി ബഹളം തുടങ്ങി. കാമുകൻ സന്ദീപ് മൗര്യ പരിശീലനത്തിന്റെ ഭാഗമായി ഇപ്പോൾ മറ്റൊരിടത്താണ്. വീടിന് മുന്നിൽ യുവതി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ പൊലീസ് സ്ഥലത്തെത്തി. യുവതിയുടെ പരാതി സ്വീകരിച്ച് മടക്കി അയച്ചു. വിവാഹത്തിന് മുതിർന്നാൽ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നാണ് യുവതിയുടെ മുന്നറിയിപ്പ്. യുവാവിനെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.