ആര്‍ത്തവ നാളുകള്‍ സമ്മാനിക്കുന്ന വേദനയും മാനസിക സമ്മർദ്ദവും പെൺകുട്ടികളെ ഏറെ അലട്ടാറുണ്ട്. കാലം എത്ര പുരോഗമിച്ചാലും ചുമന്ന് പൂക്കുന്ന ആ ദിനങ്ങള്‍ ചിലർക്കെങ്കിലും പേടിസ്വപ്നമാണ്. ആർവത്ത നാളുകളിലെ മാനസിക അവസ്ഥയെക്കുറിച്ച് തുറന്നെഴുതുകയാണ് അന്‍സി വിഷ്ണു. 

 

പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ തല കറങ്ങി വീണിട്ടുണ്ട്. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ എനിക്ക് ബ്ലീഡിങ് കൂടുതലായിരിക്കും. സ്കൂളിൽ വെച്ച് യൂണിഫോം ചുരിദാറിൽ രക്തം പറ്റിപിടിച്ചിട്ടുണ്ട്. ആരോടേലും പറയാനോ ബാത്റൂമിൽ പോകാനോ പേടിയായിരുന്ന ദിവസങ്ങളിൽ ലാസ്റ്റ് അവർ കഴിഞ്ഞ് ക്ളാസ് വിട്ട് അവസാനത്തെ കുട്ടിയും ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി കഴിയുമ്പോൾ, പുറകിൽ പറ്റിയ രക്ത കറ ബാഗ് കൊണ്ട് മറച്ച് വീട്ടിലേക്ക് നടന്ന ഒരു ദിവസം റോഡിൽ വെച്ച് എന്റെ തന്നെ പ്രായമുള്ള ഒരാൺകുട്ടി നീ എന്താണ് പതിയെ നടക്കുന്നെ. എന്താണ് ബാഗ് ഇങ്ങനെ ഇട്ടത്,പുറകിൽ ചോരയുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ തുടങ്ങി. 

 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

 

പേടിയാണ് എനിക്ക് ഈ ചോരയോഴുകും ദിവസങ്ങളെ.

 

ആദ്യമായി ഋതുമതി ആയപ്പോൾ ആ പതിമൂന്ന് വയസുകാരി അനുഭവിച്ച എല്ലാ പേടിയും വേദനയും എനിക്കിപ്പോഴും ഉണ്ട്

 

ചുമന്ന് പൂക്കുന്ന ആ ദിനങ്ങൾ അഭിമാനത്തിന്റേതാണെങ്കിലും എനിക്ക് പേടിയാണ്. എല്ലാ മാസങ്ങളിലും പീരിയഡ്സ് ആകുമ്പോൾ ആദ്യത്തെ മൂന്ന് ദിവസങ്ങൾ തള്ളി നീക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെടാറുണ്ട്. കല്യാണത്തിന് മുൻപ് രാത്രിയിൽ അമ്മയും വെല്ലിമ്മിച്ചിയും എന്റെ കാലിനും വയറിനും ചൂട് പിടിക്കുകയും ഉലുവ വറുത്തിട്ട വെള്ളവും തന്ന് അരികിൽ ഇരിക്കാറുണ്ട്.

 

പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ തല കറങ്ങി വീണിട്ടുണ്ട്. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ എനിക്ക് ബ്ലീഡിങ് കൂടുതലായിരിക്കും. സ്കൂളിൽ വെച്ച് യൂണിഫോം ചുരിദാറിൽ രക്തം പറ്റിപിടിച്ചിട്ടുണ്ട്. ആരോടേലും പറയാനോ ബാത്റൂമിൽ പോകാനോ പേടിയായിരുന്ന ദിവസങ്ങളിൽ ലാസ്റ്റ് അവർ കഴിഞ്ഞ് ക്ളാസ് വിട്ട് അവസാനത്തെ കുട്ടിയും ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി കഴിയുമ്പോൾ, പുറകിൽ പറ്റിയ രക്ത കറ ബാഗ് കൊണ്ട് മറച്ച് വീട്ടിലേക്ക് നടന്ന ഒരു ദിവസം റോഡിൽ വെച്ച് എന്റെ തന്നെ പ്രായമുള്ള ഒരാൺകുട്ടി നീ എന്താണ് പതിയെ നടക്കുന്നെ. എന്താണ് ബാഗ് ഇങ്ങനെ ഇട്ടത്,പുറകിൽ ചോരയുണ്ടല്ലോ എന്നൊക്കെ പറഞ് കളിയാക്കാൻ തുടങ്ങി. 

 

അന്നൊന്നും ഒന്ന് ഉറക്കെ ചിരിക്കാൻ പോലും എനിക്ക് പേടിയായിരുന്നു, പേടിച്ച് കരഞ്ഞ് വീട്ടിലേക്ക് ഓടിക്കിതച്ചെത്തി. കട്ടിലിലേക്ക് കിടന്നപ്പോഴക്കും എന്റെ ബോധം മറഞ്ഞു, അധികവും പേടികൊണ്ടാണ്, കൂടെ സഹിക്കാൻ പറ്റാത്ത വയറുവേദന, ഇനി ഞാൻ സ്കൂളിലേക്ക് ഇല്ലെന്ന് പറഞ്ഞു കൊണ്ടേയിരുന്നു. പഠിത്തം നിർത്തിയെന്ന് ഞാൻ തന്നെ തീരുമാനിച്ചു. ചുരിദാറിൽ ചോര കറ കണ്ട കാര്യം അവൻ സ്കൂളിൽ എല്ലാവരോടും പറയുമെന്നായിരുന്നു എന്റെ പേടി. ഒരു തരത്തിലും ഇനി ഞാൻ സ്കൂളിലേക്ക് ഇല്ലെന്ന് വാശി പിടിച്ചു. പക്ഷെ അമ്മ സമ്മതിച്ചില്ല. വീണ്ടും ക്ലാസിന്റെ മൂലയിലെ ബെഞ്ചിലേക്ക് ഞാൻ ഇരുന്നു. ആ ആൺകുട്ടി എന്നോട് വന്ന് സോറി പറഞ്ഞു. അവൻ കരഞ്ഞു, ഞാൻ ചിരിച്ചു..

 

പിന്നെയൊരിക്കൽ വയറുവേദനയും ഛർദ്ദിയുമായി ഞാൻ തലകറങ്ങി വീണപ്പോൾ ഒരു ക്ലാസ്സ്‌ മുഴുവൻ എനിക്ക് കരുതലും സ്നേഹവുമായി വന്നു. എന്റെ അധ്യാപകർ എനിക്ക് ചൂട് കഞ്ഞിവെള്ളം തന്നു. ക്ലാസ്സിന്റെ പുറകിലേ ബെഞ്ചിൽ തളർന്നു കിടന്ന് ഉറങ്ങിയപ്പോൾ കരുതലുമായി എന്റെ കൂട്ടുകാർ വന്നു.

 

പിന്നെയും പലപ്പോഴും വയറുവേദന വന്നു. പരീക്ഷകൾ എഴുതാതെ ഇരുന്നു. ഞാൻ വെല്യ കുട്ടിയായി, ജോലിക്ക് കയറി അപ്പോഴും വയറുവേദനയും തലകറക്കവും വോമിറ്റിങ്ങും പീരിയഡ്‌സിന്റെ കൂടെ മറക്കാതെ വന്ന് കൊണ്ടിരുന്നു, അങ്ങനെ പീരിയഡ്‌സിന്റെ ആദ്യ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള ബസ് നോക്കി നിൽക്കുമ്പോൾ കണ്ണുകളിൽ ഇരുട്ട് കയറി. പിന്നെ ബോധം വന്നപ്പോൾ ഞാൻ ഒരു പെട്രോൾ പമ്പിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കിടക്കുവായിരുന്നു. അരികിൽ ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുവെള്ളവുമായി ഒരു ചേച്ചി. അമ്മയുടെ കരുതലോടെ എനിക്ക് ചായയും ഒരു പാരസെറ്റമോളും തന്നിട്ട് കിടന്നോളാൻ പറഞ്ഞു. ക്ഷീണം മാറിയപ്പോൾ എന്നെ ബസ് കയറ്റി വിട്ടു

 

പിന്നെ കുറെ കാലം ഞാൻ ആർത്തവ സമയത്തെ ഈ വയറുവേദനക്ക് ആയുർവേദം കഴിച്ചു. ചെറിയ ഒരു ആശ്വാസം ഉണ്ടായിരുന്നു...ഇന്ന് വീണ്ടും ഞാൻ ആ ചോരയൊഴുകുന്ന ദിവസങ്ങളെ പേടിയോടെ നോക്കുന്നു

 

ഇന്ന് വെളുപ്പിന് പീരിയഡ്സ് ആയി. ബാത്‌റൂമിൽ പോയി വസ്ത്രം ഒക്കെ മാറ്റി മറ്റൊന്ന് എടുത്തിട്ട് കഴിഞ്ഞപ്പോഴേക്കും കണ്ണുകളിൽ ഇരുട്ട് കയറി വീഴുമെന്ന അവസ്ഥയായി ചുമരിൽ പിടിച്ച് പിടിച്ച് എങ്ങനെയോ മുറിയിൽ എത്തി. കിടക്കയിലേക്ക് കിടന്നു. ശക്തിയായ വയറുവേദന. കയ്യും കാലും തളർന്നു. അമ്മ ചൂടുവെള്ളം തന്നു . അച്ഛൻ കഷായം തന്നു ഒരു കുറവുമില്ല. ഒടുവിൽ ഒരു പാരസെറ്റമോൾ കഴിച്ചു. ഇപ്പോഴൊന്ന് എഴുന്നേറ്റതേ ഉള്ളു. വേദനകൾ അതിനൊപ്പം മൂഡ് സ്വിങ്സ്, ദേഷ്യം കരച്ചിൽ, വിഷാദം, എനിക്ക് വയ്യ ഞാനിപ്പോൾ മരിക്കുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഈ ദിവസങ്ങളിൽ വേദനകൾ ഇല്ലാതിരുന്നെങ്കിൽ ഞാൻ ഉൾപ്പെടുന്ന എത്ര പെൺകുട്ടികൾ സന്തോഷത്തിലായിരുന്നേനെ..