electric-scooter-845
തൃശൂര്‍ പൂമല ചെപ്പാറ സ്വദേശിയായ ജിജോ ജോണിയാണ് സ്വന്തമായി ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മിച്ചത്. എല്ലാ സ്പെയര്‍ പാര്‍ട്സുകളും വാങ്ങി സ്വയം നിര്‍മിച്ച സ്കൂട്ടര്‍. ആറു മാസമെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍. രണ്ടു യൂണിറ്റ് വൈദ്യുതി ചാര്‍ജ് കൊടുത്താല്‍ നൂറു കിലോമീറ്റര്‍ സ്കൂട്ടര്‍ ഓടിക്കാം. പെട്രോള്‍ വില നൂറു രൂപ കടന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമാണ് ഈ സ്കൂട്ടര്‍. യു ട്യൂബര്‍മാര്‍ ഈ സ്കൂട്ടറിന്‍റെ ദൃശ്യങ്ങളെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ഫോണ്‍ കോളുകളും സന്ദേശങ്ങളും ജിജോയ്ക്കു ലഭിച്ചു. സ്കൂട്ടറിന് അപ്രൂവല്‍ കിട്ടാനാണ് നിയമ തടസം. ഇലക്ട്രിക് സ്കൂട്ടറുകള്‍ വ്യാപകമായി ആളുകള്‍ ഉപയോഗിച്ചാല്‍ പെട്രോള്‍ വണ്ടികള്‍ ഉപേക്ഷിക്കപ്പെടും. ഇതു തിരിച്ചറിഞ്ഞാകണം ഇലക്ട്രിക് സ്കൂട്ടറുകള്‍ വ്യാപകമാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ താല്‍പര്യമില്ലാത്തതെന്ന് ജിജോ ജോണി പറയുന്നു. അന്‍പത്തിനാലു വര്‍ഷം വരെ ആയുസുള്ള പുതിയ ബാറ്ററികള്‍ ചൈനയില്‍ ഇറങ്ങി. അതും അഞ്ചു മിനിറ്റു കൊണ്ട് ചാര്‍ജ് കയറുന്ന തരം ബാറ്ററികള്‍. ഈ കണ്ടുപിടുത്തം ഇലക്ട്രിക് വാഹന വിപണിയെ ഉണര്‍ത്തുമെന്ന് ജിജോ പറയുന്നു. ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള ജിജോ ജോണിയാണ് ഇലക്ട്രിക് സ്കൂട്ടര്‍ സാധാരണക്കാരനെ സഹായിക്കുമെന്ന് തെളിയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. നിലവിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നാലു ആക്സസറീസ് ഘടിപ്പിച്ചാല്‍ ഇലക്ട്രിക് സ്കൂട്ടറാക്കി മാറ്റാം. സര്‍ക്കാര്‍ തലത്തില്‍ മുന്‍കയ്യെടുത്താല്‍ മാത്രമേ ഇതു ജനങ്ങളിലേക്ക് എത്തുകയുള്ളൂ. ഇലക്ട്രിക് സ്കൂട്ടറിന്‍റെ വീഡിയോ കാണാം