പിടയ്ക്കുന്ന സ്വപ്നങ്ങളാണ് ഹനാന് ജീവിതം. ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികൾ. സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം. ചൂണ്ടയിൽ കുടുങ്ങിയ മീൻ വേദന കൊണ്ട് പിടയുന്നതു പോലെ ഹനാൻ പിടഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിൽ ഏതു തിരിച്ചടികളേയും തോൽപ്പിക്കാമെന്നു ഈ പെൺകുട്ടി കാണിച്ചു തന്നു. പഠനത്തിനൊപ്പം ഉപജീവനത്തിനായി തെരുവിൽ മീൻ വിൽപനക്കിറങ്ങി ശ്രദ്ധേയായ ഹനാൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. വിഡിയോ കാണാം 

ഒരിക്കൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്ന ഹനാൻ. പിന്നെ കണ്ടില്ല. എവിടെയായിരുന്നു ? 

ഇവിടെത്തന്നെയുണ്ടായിരുന്നു. ഇപ്പോൾ ബി.എ. മ്യൂസിക് ചെയ്യുന്നു. ബി.എസ്.സി കെമിസ്ട്രി ആയിരുന്നു ചെയ്തു കൊണ്ടിരുന്നത്. അത് പൂർത്തിയാക്കി. വാഹനാപകടത്തെത്തുടർന്ന് ഒരു വർഷം നഷ്ടമായി. സംഗീതം എന്റെ പാഷനാണ്. അതുകൊണ്ടാണ് ആ വഴി തിരഞ്ഞെടുത്തത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനാണ് ആഗ്രഹം. നേരത്തെ ചെന്നൈയിലെ എ.ആർ റഹ്മാന്റെ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ശനിയും ഞായറുമുള്ള ക്ളാസുകൾക്കായിരുന്നു പോയിരുന്നത്. ട്രെയിനിലായിരുന്നു യാത്ര. തിങ്കളാഴ്ച മടങ്ങും. എന്നാൽ ഈ പഠനം മാത്രം പോരെന്നു തോന്നി. അതുകൊണ്ടാണ് മ്യൂസിക് കോഴ്സിനു ചേർന്നത്. ലോക്ഡൗൺ തുടങ്ങുന്നതു മുൻപ് വരെ പട്ടിമറ്റത്ത് ഒരു കോഫി ഷോപ്പ് ഇട്ടിരുന്നു. അത്ര വിജയിച്ചില്ല. ലോക്ഡൗൺ തുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. അതോെട ഷോപ്പ് നിർത്തി. വീണ്ടും ഒരു ബിസിനസ് തുടങ്ങാൻ നിലവിലുള്ള സാഹചര്യത്തിൽ മടിയുണ്ട്. വിജയിക്കുമോ എന്ന് ഉറപ്പില്ല. റിസ്കെടുക്കാൻ പറ്റില്ല. 

മീൻ വിൽപ്പന ഉപേക്ഷിച്ചോ ?‌

ആരോഗ്യസ്ഥിതി അൽപം മോശമാണ്. ദിവസവും പുലർച്ചെ മാർക്കറ്റിൽ പോയി മീനെടുക്കാൻ ബുദ്ധിമുട്ടാണ്. രണ്ടു കിലോ ഭാരം പോലും എടുക്കരുതെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. 

പ്രതിസന്ധികൾ നിരവധി നേരിട്ടു. അന്ന് ചേർത്തു പിടിച്ചവർ ഇന്നുമുണ്ടോ ?

ഇപ്പോഴും വിളിച്ച് അന്വേഷിക്കുന്നവരുണ്ട്. 

വാഗ്ദാനം നൽകിയവരൊക്കെ അതു പാലിച്ചോ ?

കിട്ടിയ മിക്ക ചെക്കുകളും മടങ്ങി. ദുബായിൽ ഒരു സംഘടനയുടെ പരിപാടിയ്ക്കു പോയിരുന്നു. അഞ്ചു ലക്ഷം രൂപയായിരുന്നു നൽകാമെന്നേറ്റത്. രണ്ടര ലക്ഷം രൂപയുടെ ചെക്കായിരുന്നു കിട്ടിയത്. അത് മടങ്ങി. പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രതിഫലം മാത്രമാണ് കൈപ്പറ്റിയത്. സംഘാടകരോടു പാവം തോന്നി ഞാൻ പിന്നെ കാശ് വാങ്ങിയില്ല. പ്രളയസമയമത്ത് ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയിരുന്നു. സമ്പാദിക്കണമെന്നു തോന്നിയിട്ടില്ല.

വാഗ്ദാനങ്ങൾ നൽകി പറ്റിച്ചെന്നു തോന്നിയിട്ടുണ്ടോ ?

ആരേയും കുറ്റപ്പെടുത്തുന്നില്ല. കോൺഗ്രസിനെതിെര ഞാൻ ഒരു പ്രതികരണം നടത്തിയിരുന്നു. എനിക്കു വീട് നിർമിച്ചു തന്നെന്നായിരുന്നു അവരുടെ വാദം. അവർ കൈമാറിയ വീട്ടിലാണ് ഞാൻ താമസിക്കുന്നതെന്നും പറഞ്ഞു. അതോടെയായിരുന്നു എനിക്കു പ്രതികരിക്കേണ്ടി വന്നത്. കൈപ്പറ്റാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് അതിനെതിരെ സംസാരിച്ചത്. അപകടം സംഭവിച്ച സമയത്തായിരുന്നു എനിക്കു വീട് നൽകാമെന്ന് അവർ ഏറ്റത്.  സ്ഥലം നൽകാമെന്നേറ്റ വ്യക്തിയും എന്നെ വിളിച്ചു. അതെല്ലാം ഞാൻ സ്നേഹത്തോടെ നിരസിച്ചു. 

 

സിനിമയിൽ അവസരം നൽകാമെന്നേറ്റവരുണ്ടായിരുന്നു ?

സംഗീത സംവിധായകൻ അരുൺ ഗോപി സർ ആയിരുന്നു അവസരം നൽകാമെന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടൊന്നും തുടങ്ങിക്കണ്ടില്ല. അതുകൊണ്ടായിരിക്കാം വിളിക്കാത്തത്. ലിറിക്സിലാണ് താൽപര്യം. ഞാനെഴുതിയ പാട്ട് സിനിമയിൽ വരിക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അഭിനയത്തിലും താൽപര്യമുണ്ട്. 

 

കോളജ് യൂണിഫോമിൽ മീൻ വിറ്റത് ‘ഷോ’ ആണെന്നു പറയുന്നവരോട് 

 

ആരേയും ഭയക്കേണ്ട കാര്യമില്ല. എന്റെ മനസാക്ഷിക്കു ബോധ്യമായ കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ആരേയും നോവിച്ചിട്ടില്ല. എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ അപമാനിക്കുന്നതെന്ന് ആലോചിച്ച് അന്നൊക്കെ കരയുമായിരുന്നു. എന്നെ മനസിലാക്കാനും പിന്തുണയ്ക്കാനും ഒരുപാട് പേരുണ്ടെന്നു പിന്നീട് മനസിലായി. കോളജിൽ നിന്നു തന്നെ യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ച് ഇറങ്ങുമ്പോൾ മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പിന്നെ രണ്ടു വസ്ത്രം മാറിയിട്ട് രാത്രി വൈകി വീട്ടിലെത്തി ഇവ അലക്കുകയെന്നു പറഞ്ഞാൽ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് യൂണിഫോമിൽ കച്ചവടം ചെയ്യേണ്ടി വന്നത്.

ഭാവിയിൽ ആരാകണം ?

ഡോക്ടറാകണം എന്നായിരുന്നു ആഗ്രഹം. പക്ഷെ പലരും എന്നെ പിന്തിരിപ്പിച്ചു. ജോലിയൊക്കെ കിട്ടി വരുമ്പോഴേക്കും 35 വയസാകും. പിന്നെ ജോലി സാധ്യതയുള്ള കോഴ്സ് തന്നെയാണ് ബിഎ മ്യൂസിക്. പുറത്തും അവസരങ്ങളുണ്ട്. 

 

ഇപ്പോൾ എങ്ങനെയാണ് ചിലവുകൾക്കു പണം കണ്ടെത്തുന്നത്  ?

മീൻ കച്ചവടം ലാഭകരമായിരുന്നു. പാലാരിവട്ടം, ഇടപ്പള്ളി, തിരുവാങ്കുളം റൂട്ടുകളിൽ ഹോം ഡെലിവറി നടത്തിയിരുന്നു. ഓരോ വീടുകളിലും കയറി മീൻ വേണോയെന്നു ചോദിക്കുമായിരുന്നു. ബ്രാഹ്മണരുടെ വീടുകളിൽ വരെ പോയി മീൻ വേണോയെന്നു ചോദിച്ച് ചീത്ത കേട്ടിട്ടുണ്ട്. അന്നൊക്കെ കഷ്ടപ്പെട്ടതിന്റെ ഫലം കിട്ടിയിട്ടുണ്ട്. 

 

ആരോഗ്യസ്ഥിതി ?

മോശമാണ്. നട്ടെല്ലിന്റെ മധ്യഭാഗത്താണ് പരുക്ക്. സംഗീതക്ളാസിനു പോകുമ്പോൾ തബല എടുക്കാൻ പോലും പറ്റാത്ത സ്ഥിതി. 

യൂ ട്യൂബ് ചാനൽ തുടങ്ങിയെന്നു കേട്ടു

ഹനാൻസ് ടേക്ക് ഓഫ് എന്നാണ് ചാനലിന്റെ പേര്. യാത്രയാണ് വിഷയം. ഞാനൊരു സോളോയാണ്. താമസം, യാത്രകൾ എല്ലാം തനിച്ച്. യാത്ര ചെയ്യുമ്പോഴുള്ള അനുഭവം ചാനലിൽ പങ്കുവയ്ക്കും. യാത്ര ചെയ്യുമ്പോൾ എത്തിച്ചേരുന്നിടങ്ങളിലെ സംസ്കാരത്തിനനുസരിച്ച് ഭക്ഷണം ഒരുക്കുക എന്ന വേറിട്ട രീതിയാണ് പരീക്ഷിക്കുന്നത്. 

എവിടെയൊക്കെ പോകണമെന്നാണ് ആഗ്രഹം ?

എല്ലാവരും എന്നെ വിളിക്കുന്നത് നടുവൊടിഞ്ഞ കുട്ടിയെന്നാണ്. അതിനു മുൻപ് അയൺ ഗേളെന്നാണ് വിളിച്ചിരുന്നത്. ആദ്യം കാര്യം പിടി കിട്ടിയില്ല. പിന്നീട് കാര്യം മനസിലായി. ഞാൻ സ്ട്രോങ് ആണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. എന്നോടു സഹതപിക്കുന്നവരോടു സ്കൈ ഡൈവിങ് ചെയ്യാൻ പോകുമെന്നു പറയാറുണ്ട്. ദുബായ്, ലക്ഷദ്വീപ്, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യണമെന്നു ആഗ്രഹമുണ്ട്. 

 

ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ എന്താണ് അഭിപ്രായം

ശാന്തരും ക്ഷമാശീലരുമായ ജനതയാണ് അവിടെ. ലക്ഷദ്വീപ് മലിനമാക്കരുത് . നമ്മൾ അവർക്കൊപ്പം ചേർന്നു നിൽക്കേണ്ട സമയമാണ്. 

 

വിവാഹം ?

ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കുന്നില്ല. കുടുംബത്തെ നയിക്കുന്ന പടയാളിയാണ് ഭാര്യ. എല്ലാം കൊണ്ടും സ്ട്രോങ് ആയിരിക്കേണ്ടവൾ. നല്ല ആലോചനകൾ നിരവധി വരുന്നുണ്ട്. വിദ്യാഭ്യാസം ഉള്ളവർക്കാണ് പ്രാധാന്യം നൽകുന്നത്. 

പല സ്ഥലങ്ങളിലായി താമസം. എവിടെയെങ്കിലും മോശം അനുഭവം നേരിട്ടോ ?

സർക്കാർ നൽകിയ സുരക്ഷിതത്വം അനുഭവിച്ചത് അവിടെയാണ്. ആരും എവിടേയും ശല്യപ്പെടുത്താൻ വന്നിട്ടില്ല. സർക്കാർ സംരക്ഷിക്കുന്ന കുട്ടി എന്ന പരിഗണനയും വാൽസല്യവും എല്ലായിടത്തു നിന്നും കിട്ടി.