ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യചിത്രം ‘സെക്കന്‍ഡ് ഷോ’ റിലീസു ചെയ്ത ദിവസം പിരിമുറുക്കം പുറത്തുകാട്ടാതെ ശ്രദ്ധിച്ചു ദുല്‍ഖറിന്‍റെ ബാപ്പ. പൊതുവേ നല്ല അഭിപ്രായം ദുല്‍ഖറിനെക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ബാപ്പയോടുതന്നെ അഭിപ്രായം ചോദിച്ചു. ‘എന്‍റെ മകനായതുകൊണ്ടു പറയുകയല്ല, എന്‍റെ അമ്പതാമത്തെ ചിത്രത്തിന്‍റെ പക്വത അവന് ആദ്യചിത്രത്തിലേ ഉണ്ടെന്നു തോന്നി’ – മമ്മൂട്ടി പറഞ്ഞു. പെരുമാറ്റത്തിലും ബാപ്പയുടെ അമ്പതാം വയസ്സിലെ പക്വത അവനുണ്ടെന്നാണു സംസാരം എന്നുപറഞ്ഞു പ്രകോപിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി ഒരു ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു – ‘ഞാനിപ്പോഴും കുട്ടിക്കളിയല്ലേ?’
സ്യൂട്ടിട്ട്, കൂളിങ് ഗ്ലാസ്സ്‍വച്ച്, ആഡംബരകാറില്‍ ജാഡയില്‍ അവതരിക്കുന്ന നായകനെ സ്വപ്നംകണ്ട വൈക്കംകാരന്‍ ആ മുഹമ്മദുകുട്ടി മമ്മൂട്ടിയായെന്ന് വിശ്വസിക്കാന്‍ കഴിയാത്ത ഒരു കുട്ടി ഇന്നും മമ്മൂട്ടിയില്‍ ഉണ്ട്. ബാപ്പയുടെ കരിയറിനെ ബാധിക്കുമോ എന്നു ശങ്കിച്ചു അഭിനയരംഗത്തേക്കു വരാന്‍ മടിച്ച മകനോടും മത്സരിച്ചുകളയും എന്ന യൗവ്വനയുക്തിയില്‍ നില്‍ക്കുന്ന ആ കുട്ടിക്കാണ് എഴുപതുവയസു തികയുന്നത്. വിഡിയോ കാണാം.
ഒരു സിനിമയില്‍ അച്ഛനും മകനുമായി മമ്മൂട്ടിയെയും ദുല്‍ഖറിനെയും അഭിനയിപ്പിക്കാനായി സമീപിച്ച സംവിധായകനോട് മകന്‍റെ റോളില്‍ താന്‍ ഓക്കെയാണ്, പക്ഷേ അച്ഛനായി വേഷമിടാന്‍ താല്‍പര്യമുണ്ടോ എന്ന് ദുല്‍ഖറിനോട് എന്തായാലും ഒന്നു ചോദിച്ചേക്കൂ എന്നു മമ്മൂട്ടി പറഞ്ഞതായി ഒരു കഥയുണ്ട്. ദുല്‍ഖറിനെയും മമ്മൂട്ടിയെും താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞതാണ് അതിന്‍റെ സത്യം – എക്കാലത്തെയും പുതുമുഖനടനാണ് മമ്മൂട്ടി.
ഈ പുതുമുഖനടന്‍റെ സെറ്റില്‍ എല്ലാദിവസവും പരിചയം പുതുക്കേണ്ടിവരും എന്നു പറയുന്നവരുണ്ട്. മമ്മൂട്ടിയെക്കുറിച്ച് സിനിമാക്കാര്‍ രഹസ്യമായി പറയുന്നതാണ് ഈ തമാശ – ഒരു പുതിയ സിനിമയുടെ സെറ്റില്‍ ആദ്യദിവസം എല്ലാവരും പരസ്പരം പരിചയപ്പെടും. പിന്നീട് ആ പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍. മമ്മൂട്ടിയുടെ സെറ്റിലാണെങ്കില്‍ എല്ലാ ദിവസവും പരിചയപ്പെടണം.
മമ്മൂട്ടിക്ക് എല്ലാം അറിയണം. പ്രത്യേകിച്ചും മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന്. സെറ്റില്‍ 10 മണിക്കു വരാന്‍ പറഞ്ഞാല്‍ മമ്മൂട്ടി എട്ടുമണിക്കേ എത്തുമെന്നാണ് സിനിമാവൃത്തങ്ങളിലെ മറ്റൊരു തമാശ. താന്‍ വരുന്നതുവരെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് അറിയണമല്ലോ!
ഇത്തരം തമാശകളൊക്കെ മമ്മൂട്ടിയും ആസ്വദിക്കും. ഒരു ദിവസം മമ്മൂട്ടി പറഞ്ഞു – ‘ആരു വന്നാലും അവരുടെ കഥയെന്താണെന്നറിയാനും അതു കേള്‍ക്കാനുമുള്ള ആകാംക്ഷ എനിക്കുണ്ട്. ഞാന്‍ അഭിനയിക്കാത്ത സിനിമകളുടെ കഥകള്‍പോലും കേള്‍ക്കും. കഥയോ കഥാപാത്രമോ ചിത്രീകരണരീതിയോ വ്യത്യസ്തമാണെങ്കില്‍ എനിക്കിഷ്ടപ്പെടാറുണ്ട്. ഒരു സംവിധായകന്‍ വന്നുപറയുന്നു സിനിമയുടെ പേര് ‘ഉണ്ട’ എന്നാണെന്ന്. കേള്‍ക്കുമ്പോഴേ കൗതുകമാണ്. അരിയുണ്ട, എള്ളുണ്ട, ഗോതമ്പുണ്ട അങ്ങനെ ഉണ്ടകള്‍തന്നെ പലതുണ്ട്. കഥയിലെ ഉണ്ട ഇതൊന്നുമല്ല. വെടിയുണ്ടയാണ്. അപ്പോള്‍ അതൊന്നു പരീക്ഷിച്ചുനോക്കാന്‍ തോന്നും.’
മമ്മൂട്ടി ഇങ്ങനെ കഥ കേട്ടുകേട്ടാണ് മമ്മൂട്ടിയുടെ ആസ്ഥാനമായ കൊച്ചി മലയാളസിനിമയുടെ തലസ്ഥാനമായത്. നായകനെ കാണണമെങ്കില്‍ സിനിമയിലെ ഏതു ദിവ്യനും കൊച്ചിയില്‍ വരണം. തിരുവനന്തപുരത്തുകാരായ നടന്മാരും നിര്‍മാതാക്കളുമൊക്കെ കൊച്ചിയില്‍ താവളം തേടി. അങ്ങനെയങ്ങനെ കൊച്ചി മലയാളസിനിമയുടെ നായകസ്ഥാനത്തായി.
മമ്മൂട്ടി വളരെ ഋജുവായ ഒരു മനുഷ്യനാണ്. എന്നാല്‍ മറിച്ചു തോന്നിപ്പിക്കുന്ന ട്വിസ്റ്റുകളാണ് സ്വഭാവത്തില്‍ കൊണ്ടുനടക്കുന്നത്. ഈ സ്വഭാവവിശേഷം കൊണ്ടാണ് മമ്മൂട്ടിയും ജാഡയും ഒന്നിച്ചുപോകുന്ന വാക്കുകളായത്. അറിയപ്പെടുന്നവരെ അകാരണമായി വെറുക്കുക എന്ന മലയാളിയുടെ സഹജ സ്വഭാവംകൂടിയായപ്പോള്‍ ഇതിനു പ്രചാരം ലഭിച്ചു. മമ്മൂട്ടിയെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ ആരൊക്കെയോ പറയുന്നതുകേട്ട് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം രൂപവല്‍ക്കരിച്ചിട്ടുണ്ട്. കോഴിക്കോട് പരിചയപ്പെട്ട ഒരാളെക്കുറിച്ച് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയിട്ടുണ്ട്. മമ്മൂട്ടിയെപ്പറ്റി നല്ല വാക്ക് എന്തോ ശിഹാബുദ്ദീന്‍ പറഞ്ഞുപോയതും കേട്ടുനിന്നയാളിന്‍റെ മുഖം പെട്ടെന്ന് കനത്തു. വെറുപ്പിന്‍റെ കാരണം അന്വേഷിച്ചപ്പോഴാണ് ശിഹാബുദ്ദീന് മലയാളി അപരനെ അളക്കുന്നത് എങ്ങനെയെന്നു മനസ്സിലായത്. മമ്മൂട്ടി കോഴിക്കോട് ഒരു ചടങ്ങിനു വന്നപ്പോള്‍ ഒപ്പം സെല്‍ഫി എടുക്കാന്‍ സമ്മതിച്ചില്ല. അതായിരുന്നു പരാതിക്കാരന്‍റെ പകയ്ക്കു കാരണം !
മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ജാഡ ഒരു കൗതുകം മാത്രമാണ് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞതുപോലെ – ‘പല നടന്മാരും ലാളിത്യം അഭിനയിക്കുന്നു. മമ്മൂട്ടിയാവട്ടെ ജാഡ അഭിനയിക്കുന്നു.’
ഈ ജാഡ മറികടക്കാന്‍ മോഹന്‍ലാല്‍ നിര്‍ദേശിക്കുന്ന ഒരു മരുന്നുണ്ട് മോഹന്‍ലാല്‍ ഇച്ചാക്ക എന്നു വിളിക്കുന്ന മമ്മൂട്ടിയുടെ കുറുമ്പിന് ഉദാഹരണസഹിതം മോഹന്‍ലാല്‍ നിര്‍ദേശിക്കുന്ന മറുമരുന്ന്. അടുത്ത പതിനാറാം തിയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തിയതി വരാമോ എന്നു ചോദിച്ചാല്‍, ഇല്ല പറ്റില്ല എന്ന ഉത്തരം ഉറപ്പ്. മറിച്ച് ആദ്യം പന്ത്രണ്ടാം തിയതിയോ പതിമൂന്നാം തിയതിയോ ചോദിക്കുക. പറ്റില്ല എന്നു പറയും. അപ്പോള്‍ പതിനാറാം തിയതി ചോദിക്കുക. അത് ഓക്കെ ആയിരിക്കും.
ശങ്കരാടിയോട് ഒരിക്കല്‍ മോഹന്‍ലാല്‍ സ്നേഹപൂര്‍വം ചോദിച്ചു – ചേട്ടന് എന്നെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം?
തെല്ലും സംശയമില്ലാതെ ശങ്കരാടി പറഞ്ഞു – മമ്മൂട്ടി.
ലാല്‍ ചോദിച്ചു – അതെന്താ ചേട്ടാ അങ്ങനെ?
ശങ്കരാടി പറഞ്ഞു – മമ്മൂട്ടിക്ക് ദേഷ്യം വരും. അതു നമുക്ക് കണ്ടറിയാം. നിനക്കത് ഇല്ലല്ലോ. അഥവാ വന്നാലും നമ്മള്‍ അതറിയില്ലല്ലോ.
ദേഷ്യം വിശുദ്ധിയുള്ള വികാരമാണ്. ഉള്ളില്‍ അതു വന്നാല്‍ മമ്മൂട്ടിയുടെ മുഖത്തും വരും. ആരോടും പിണങ്ങും. ഇഷ്ടമുള്ളവരോട് പ്രത്യേകിച്ചും. പ്രണയകാലത്ത് സുല്‍ഫത്തുമായി പിണങ്ങി സെറ്റില്‍വരുന്ന ദിവസം മമ്മൂട്ടിയുടെ മുഖം കാണുമ്പോഴേ ജോഷിയെപ്പോലെ അടുപ്പമുളള സംവിധായകര്‍ക്കു കാര്യം പിടികിട്ടും. ജോഷി ചോദിക്കും –‘ഇന്നു സുല്‍ഫത്തുമായി പിണങ്ങിയിട്ടു വന്നിരിക്കുകയാ അല്ലേ? ഉടനെ ഫോണില്‍ വിളിച്ചിട്ട് പിണക്കം തീര്‍ക്ക്. മുഖത്തുനിന്ന് ആ വിഷമം മാറ്റിയിട്ടേ തനിക്ക് അഭിനയിക്കാന്‍ കഴിയൂ.’ ജോഷി പറഞ്ഞത് നൂറുശതമാനം ശരിയായിരുന്നുവെന്ന് മമ്മൂട്ടി എന്നോടു പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയെ ഒരു കാര്യം പറഞ്ഞു സമ്മതിപ്പിക്കാനുളള പാട് പാടുപെടുന്നവര്‍ക്കേ അറിയൂ. വക്കീലല്ലേ വാദിക്കം. കാര്യം എന്തായാലും ആദ്യം എതിര്‍ക്കുക എന്നൊരു നടപടിക്രമമുണ്ട്. മണിരത്നം ‘ദളപതി’യുടെ കഥ പറഞ്ഞുപോയതിന്‍റെ പിറ്റേന്ന് സെറ്റില്‍ ജോഷിയോട് മമ്മൂട്ടി കട്ടായം പറഞ്ഞു, താന്‍ പോവില്ലെന്ന്. രജനികാന്തിനൊപ്പം തുല്യപ്രാധാന്യമുളള റോളായിട്ടും. ജോഷിയുടെ നിര്‍ബന്ധത്തിലാണ് ഒടുവില്‍ മണിരത്നത്തെ സമ്മതം അറിയിച്ചത്. ദൃശ്യത്തിലെ ജോര്‍ജുകുട്ടിയുടെ വേഷം ചെയ്യാന്‍ സമീപിച്ച ജിത്തുജോസഫിനോട് മമ്മൂട്ടി പറഞ്ഞത് നന്മയുടെ റോളുകള്‍ കൂടിപ്പോകുന്നതുകൊണ്ട് തല്‍ക്കാലം ഇല്ല എന്നായിരുന്നു.
പ്രകോപിതനാവുമ്പോഴാണു മമ്മൂട്ടി നല്ല തമാശ പറയുക എന്നു സാക്ഷ്യപ്പെടുത്തുന്നതു പ്രകോപനത്തിനായി പിറന്ന ശ്രീനിവാസന്‍ തന്നെയാണ്. ഒരു സിനിമസെറ്റില്‍വച്ച് ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ചു – ‘നിങ്ങള്‍ ഈ പണമെല്ലാം കൂട്ടിവച്ചിട്ട് എന്തു ചെയ്യാന്‍ പോകുന്നു?’
‘ഇങ്ങനെ അട്ടിയിട്ടു അട്ടിയിട്ടു കുറെയാവുമ്പോള്‍ പഴയ കടലാസു വാങ്ങാന്‍ വരുന്നവര്‍ക്കു തൂക്കിവില്‍ക്കും. എന്നിട്ട് അവര്‍ തരുന്ന കാശുകൊണ്ടു ജീവിക്കും. എന്താ തനിക്കു തൃപ്തിയായോ?’ – തല്‍ക്ഷണമായിരുന്നു മമ്മൂട്ടിയുടെ കൗണ്ടര്‍.
ഏതെങ്കിലും വിധത്തില്‍ നേരിയ പരിചയമുള്ളവര്‍പോലും തന്നെപ്പറ്റി ഭാവനയ്ക്കൊത്ത് കഥകള്‍ ഉണ്ടാക്കുന്നത് കണ്ടിട്ട് കുറച്ചു കഥകള്‍ മമ്മൂട്ടിതന്നെ പുസ്തകത്തിലൂടെ പറഞ്ഞു. എന്നിട്ടും അതേ കഥകളുടെ പല വ്യാഖ്യാനങ്ങളും പ്രചരിച്ചു. ചിലതിലെ പൊടിപ്പും തൊങ്ങലും കണ്ട് മമ്മൂട്ടി തന്നെ ചിരിച്ചു. കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു സമ്മേളനത്തിനു കൂട്ടുകാര്‍ നിര്‍ബന്ധിച്ചു മമ്മൂട്ടിയെ ബസില്‍കയറ്റി കോട്ടയത്തിനു കൊണ്ടുപോയപ്പോള്‍ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയില്‍നിന്നു വാങ്ങിയ മാല കയ്യിലിട്ടു കറക്കി തോട്ടില്‍ കളഞ്ഞതിനെക്കുറിച്ചു പല കഥകളും ഇറങ്ങി. അന്നു മമ്മൂട്ടി പരിഭ്രമിച്ചുവെന്നതും പലരോടും കടം വാങ്ങി മാലയുടെ പണം കൊടുത്ത് വിദ്യാര്‍ത്ഥിനിെയ സമാധാനിപ്പിച്ചുവെന്നതും ശരി. എന്നാല്‍ മാല മുക്കുപണ്ടമായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. അന്നു വലിയ വിലയുളള ചെറിയ തുക തന്ന് സഹായിച്ചവരെയൊക്കെ മമ്മൂട്ടി പിന്നീട് കൈയയച്ച് സഹായിച്ചിട്ടുണ്ടെന്നത് അധികമാരും അറിഞ്ഞിരിക്കില്ല.
പരിചയപ്പെട്ടവരെയൊക്കെ സുഹൃത്തുക്കളാക്കുന്ന മായികവിദ്യയൊന്നുമില്ല മമ്മൂട്ടിക്ക്. പക്ഷേ സുഹൃത്തുക്കളില്‍നിന്ന് മൗനം ആവശ്യപ്പെടുന്ന മഹാത്മാവ് അല്ല. വര്‍ഗശത്രുക്കളിലും സര്‍ഗമിത്രങ്ങളുണ്ട് അദ്ദേഹത്തിന്. മമ്മൂട്ടി മഹാന്‍ എന്നു പറയുന്നവരെക്കാള്‍ അദ്ദേഹം വിലമതിക്കുന്നത് തന്നോടു തര്‍ക്കിക്കുകയും തന്നെ വിമര്‍ശിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെയാണ്. പ്രശംസയ്ക്കു തലയില്‍ സിംഹാസനം ഇട്ടു കൊടുത്തിട്ടില്ല. സാമ്യമകന്ന അഹന്ത എന്നു തോന്നിപ്പിക്കുംവിധം ആരാധകരോടുപോലും ചിലപ്പോള്‍ പെരുമാറും. പിന്നീട് അതോര്‍ത്തു വിഷമിക്കും. മനസ്സങ്ങനെ മാറിക്കൊണ്ടിരിക്കും. മാറുന്നില്ലെങ്കില്‍ പിന്നെന്തിനാണ് മനസ്സ്?
മനുഷ്യനായാല്‍ എന്തെങ്കിലുമൊക്കെ ഭ്രാന്തുവേണം. മമ്മൂട്ടി തന്‍റെ ഭ്രാന്ത് ഉപയോഗപ്പെടുത്തിയതു സിനിമയിലാണ്. വലിയ നടനായിരിക്കുക എന്ന അതിഗംഭീര അവസ്ഥയിലും വിളിച്ചുവരുത്തുന്ന അതിതീവ്രചിന്തകളാല്‍ ജനനിബിഡമായ ഒരു ഏകാന്തത അനുഭവിക്കുന്നു മമ്മൂട്ടി. വന്നതിനെ ആസ്വദിക്കാനോ, നഷ്ടപ്പെട്ടതിനോട് എളുപ്പം യാത്രപറയാനോ കഴിയുന്ന മനസ്സ് അല്ല. അതതു നിമിഷത്തില്‍ ജിവിച്ചിട്ടില്ല എന്നു പറയാം. കലഹകുതൂഹലമുണ്ട്. ചോദ്യങ്ങളെ ചോദ്യം ചെയ്യും. മിക്കപ്പോഴും ആരോടെങ്കിലും തര്‍ക്കത്തിലായിരിക്കും. അതിലേറെ തര്‍ക്കങ്ങള്‍ തന്നോടുതന്നെയുണ്ട്. മാധ്യമബന്ധിതന്‍ ആയതുകൊണ്ട് വാര്‍ത്തകള്‍ ഏല്‍പിക്കുന്ന സമ്മര്‍ദ്ദം വേറെ.