ആ ‘അമ്മച്ചീ’ എന്ന വിളിക്ക് പോലും മലയാളി അതുവരെ കേൾക്കാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു. വില്ലനാണെങ്കിലും ജോൺ ഹോനായി എന്ന പേരും ആ വില്ലത്തരവും പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും സൂപ്പർ ഹിറ്റാണ്. റിസബാവ വിടപറയുമ്പോൾ ഇൻ ഹരിഹർ നഗർ സിനിമയിൽ അദ്ദേഹം പറയുന്ന കഥയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 1990-ല്‍ റിലീസായ സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് റിസവാബ മലയാള സിനിമയില്‍ ശ്രദ്ധേയനായത്.
‘ഒരുവിരൽ തുമ്പിൽ എന്നെയും മറുവിരൽ തുമ്പിൽ ആണ്ട്രൂസിനെയും കൊണ്ട് അമ്മച്ചി നടക്കാനിറങ്ങുമ്പോൾ അമ്മച്ചി ഞങ്ങൾക്ക് ഒരു കഥ പറഞ്ഞ് തരുമായിരുന്നില്ലേ. ഭൂതത്താന്റെ കയ്യിൽ നിന്നും ഭൂമി നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് ഇപ്പോൾ അമ്മച്ചിയുടെ കയ്യിൽ ഇരിക്കുന്നത്. പ്ലീസ് അതിങ്ങ് തന്നേര് അമ്മച്ചീ..’ വില്ലൻ ഭാവത്തിലാണെങ്കിലും ഈ ഡയലോഗ് റിസബാവയുടെ ശബ്ദത്തിൽ മുഴങ്ങുമ്പോൾ അതിനൊരു നായകഭാവം ഏറെയാണ്. ഇപ്പോഴും ടെലിവിഷൻ ഷോകളിലും കോമഡി സ്കിറ്റുകളിലും ആവർത്തിക്കുന്ന കഥാപാത്രമാണ് ജോൺ ഹോനായി.
1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ച റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു. നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു.
ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍നഗര്‍, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.