നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കൂട്ടുകാരും ഉറ്റവരും. നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില് ഒരാളായിരുന്നു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രമേശിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സംവിധായകനായ കണ്ണൻതാമരക്കുളം. ‘മൂന്ന് ദിവസം അദ്ദേഹം വരാലിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. പ്രകാശ് രാജ് സാറുമൊക്കെയുള്ള കോമ്പിനേഷന്‍ സീനായിരുന്നു. ഭയങ്കര ഹാപ്പിയായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശമുണ്ടായിരുന്നു. വരാലില്‍ അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. കണ്ണൻമൂല ശരത് എന്ന രാഷ്ട്രീയനേതാവിന്റെ കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് ഞാനും അനൂപ് മേനോനും തമ്മില്‍ പറയുകയും ചെയ്തു. എന്നെ കെട്ടിപ്പിടിച്ച്, സന്തോഷത്തോടെയാണ് പോയത്. എന്താണ് പെട്ടെന്നിങ്ങനെ സംഭവിക്കാനുള്ള കാരണമെന്ന് മനസിലാകുന്നില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ല.’
‘ഒന്നര മാസം മുമ്പ് രമേശ് എന്നെ വിളിച്ച് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ് സിനിമയില്‍ അഭിനയിക്കണം എന്നത്. വിരുന്ന് എന്ന സിനിമ അനൗൺസ് ചെയ്ത സമയത്താണ് വിളിക്കുന്നത്. പിന്നീട് വരാൽ സിനിമയുടെ ഷൂട്ട് തുടങ്ങാറായപ്പോൾ നല്ലൊരു കഥാപാത്രം അദ്ദേഹത്തിനായും മാറ്റിവച്ചു.’
‘ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമതൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. നിർമാതാവ് ഗിരീഷേട്ടനാണ് മരണവിവരം വിളിച്ച് പറഞ്ഞത്. ഉറക്കത്തില്‍ നിന്നുണര്‍ന്ന്, ഞാന്‍ ഞെട്ടലോടെ ആ ഇരുപ്പ് ഒരു മണിക്കൂര്‍ ഇരുന്നു. ഷോക്കായിപ്പോയി. ഇരുപതു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. ഞാൻ സീരിയൽ ചെയ്തു നടക്കുന്ന കാലം മുതലേ അദ്ദേഹവുമായി ബന്ധമുണ്ട്.
‘ഇന്നലെ ഒരുദിവസം മുഴുവന്‍ എടുത്തു പ്രിയ സുഹൃത്തേ നിങ്ങളുടെ വിയോഗം വിശ്വസിക്കാന്‍. നിങ്ങളുടെ വര്‍ക്ക് മുഴുവന്‍ തീര്‍ക്കാതെ വിട്ടിരുന്നെങ്കില്‍ അത് ഓര്‍ത്തെങ്കിലും ആ നശിച്ച നിമിഷത്തെ അതിജീവിക്കുമായിരുന്നില്ലേ. ഞാന്‍ ഏറെ നേരം ഇങ്ങനെ ചിന്തിച്ചു. ഒരു ആദരാഞ്ജലി പോസ്റ്റ് ഇടാന്‍ എനിക്ക് ഒട്ടും മനസുണ്ടായിട്ടല്ല. സുഹൃത്തുക്കളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. ഒരുപാടു വേദനയോടെ ആത്മാവിന് ‘നിത്യ ശാന്തി’ എന്ന് ഒന്ന് ഉണ്ടെകില്‍ അതിനായി പ്രാർഥിക്കുന്നു.’
വളരെ ഓപ്പണ്‍ മൈന്‍ഡ് ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ എന്തെങ്കിലും പ്രശ്നം ഉള്ളതായി അടുത്തൊന്നും ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാവുന്നില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നത്, കുറച്ച് സീനുകള്‍ ബാക്കി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ എങ്കിലും പേരില്‍ അദ്ദേഹം മാറി ചിന്തിച്ചേനെ എന്നാണ്. എന്ത് ചെയ്യാന്‍ പറ്റും.’