വെള്ളപ്പൊക്കം രൂക്ഷമായ അപ്പര്‍ കുട്ടനാട്ടില്‍ കല്യാണച്ചടങ്ങിന് ക്ഷേത്രത്തിലേക്ക് പോകാനായി ചെമ്പില്‍ കയറി നവവരനും വധുവും. തലവടി പഞ്ചായത്തിലെ പനയന്നൂര്‍ കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുപ്പത്തിലായിരുന്ന ഇരുവരുടേയും വിവാഹത്തിന്‍റെ റജിസ്ട്രേഷന്‍ കഴിഞ്ഞമാസം ന‌ടത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിനി ഐശ്വര്യയും തകഴി സ്വദേശി ആകാശുമാണ് ചെമ്പില്‍ കയറി ക്ഷേത്രത്തിലെത്തി വിവാഹിതരായത്. വെള്ളക്കെട്ടിലൂടെ വിവാഹ വസ്ത്രങ്ങളുമണിഞ്ഞ് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സൂഹൃത്തുക്കള്‍ ചെമ്പിനെ വള്ളമാക്കിയത്.

 

നാഷണല്‍ ഹെല്‍ത്ത് മിഷനിലെ താല്‍ക്കാലിക ജീവനക്കാരാണ് ഇരുവരും. കോവിഡ് കാലത്ത് ഇരുവരും അടുപ്പത്തിലായി. ഐശ്വര്യയുടെ വീട്ടുകാര്‍ എതിരുനിന്നതോടെ കഴിഞ്ഞമാസം ഏഴിന് വിവാഹം റജിസ്റ്റര്‍ ചെയ്തു. തുലാമാസമെത്തിയതോടെ ക്ഷേത്രത്തില്‍ വച്ച് താലികെട്ടാനാണ് തലവടിയിലെത്തിയത്. വിവാഹം ശേഷം ഇരുവരും ആകാശിന്‍റെ വീട്ടിലേക്ക് പോയി.