ഗുജറാത്ത് സ്വദേശികളായ മാൽധാരിയുടെയും ജുവൻബെൻ റബാരിയുടെയും ജീവിതാഭിലാഷമായിരുന്നു ഒരു കുഞ്ഞ് എന്നുള്ളത്. എഴുപതാമത്തെ വയസ്സിൽ ഇപ്പോൾ ജുവൻബെൻ അമ്മയായിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരെപ്പോലും അമ്പരപ്പിച്ചാണ് ഈ പ്രായത്തിൽ ജുവൻബെൻ കുഞ്ഞിന് ജന്മം നൽകിയതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപൂർവങ്ങളിൽ അപൂർവമായ സംഭവം എന്നാണ് അവരെ ചികിൽസിച്ച ഡോക്ടർ നരേഷ് ബാനുശാലി പറയുന്നത്.
ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് 75–കാരനായ മാൽധാരിയും ഭാര്യ ജുവൻബെനും താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇവർ ഒരു കുഞ്ഞിനെ പ്രസവിച്ചത്. ഐവിഎഫ് ചികിൽസയിലൂടെയായിരുന്നു ഗർഭധാരണം. ആദ്യം ഈ പ്രായത്തിൽ പ്രസവം സാധ്യമല്ലെന്നാണ് ഡോക്ടർമാർ ഇവരോട് പറഞ്ഞത.് എന്നാൽ അവരുടെ നിർബന്ധത്തിന് ഡോക്ടർമാർ വഴങ്ങുകയായിരുന്നു.
ഐവിഎഫിലൂടെ ആരോഗ്യകരമായ ഗര്‍ഭപാത്രമുള്ള ഏതൊരു സ്ത്രീയ്ക്കും ഗർഭിണിയാകാൻ സാധിക്കും. എന്നാൽ ഇത്രയും പ്രായമായതിനാൽ ഇവരുടെ കാര്യത്തിൽ ഡോക്ടർമാർക്ക് സംശയം ഉണ്ടായിരുന്നു. എങ്കിലും പരീക്ഷണത്തിന് തയ്യാറായി. പരീക്ഷണം വിജയകരമായി. ഇവർ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.