ആരും കൊതിക്കുന്ന ആഡംബര വാഹനം, അതാണ് റോൾസ് റോയ്സ് ഫാന്റം. കണ്ടാൽ തീരാത്ത കാഴ്ചകളും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളും ഒരു കാറിൽ സമ്മേളിക്കുമ്പോൾ അതിനെ ലോകം ഇങ്ങനെ മാത്രമേ വിളിക്കൂ – റോൾസ് റോയ്സ്. ആഡംബരത്തിന്റെയും കരുത്തിന്റെയും വിസ്മയാവതാരമാണ് ഈ ബ്രിട്ടിഷ് കാർ. ഈ പേരോടു കൂടി അവസാനിക്കും കാറുകളുടെ ലോകത്തെ ആഡംബരത്തിന്റെ അന്വേഷണം. ഈ സ്വപ്നവാഹനത്തിന്റെ വളയം പിടിക്കണമെങ്കിൽ ആഗ്രഹം മാത്രം പോര. കോടികളുടെ ബാങ്ക് ബാലൻസ് കൂടി വേണം.
ഇന്ത്യൻ വില ഏകദേശം 10 കോടി രൂപ വരുന്ന ഫാന്റം സ്വന്തമാക്കിയിരിക്കുകയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല. കോവിഷീൽഡ് വാക്സീന്റെ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ. സൈറസ് പൂനവാലയുടെ മകനാണ് അദാർ. സൂപ്പർകാറുകളുടേയും ആഡംബര കാറുകളുടേയും നീണ്ട നിര തന്നെയുള്ള അദാർ പൂനവാലയുടെ രണ്ടാമത്തെ ഫാന്റം 8 എസ്ഡബ്ല്യുബി (ഷോർട്ട് വീൽ ബെയിസ്) ആണ് ഇത്. 2019 ലാണ് ആദ്യ ഫാന്റം 8 സ്വന്തമാക്കിയത്. വാഹന ചരിത്രത്തിൽ ഇതിഹാസ മാനങ്ങളുള്ള ഫാന്റത്തിന്റെ എട്ടാം തലമുറ റോൾസ് റോയ്സ് അനാവരണം ചെയ്തത് 2017ലാണ്. ആഡംബരത്തിനും സ്ഥലസൗകര്യത്തിനും വിലയ്ക്കും മാത്രമല്ല ശബ്ദരഹിതമായ പ്രവർത്തനത്തിനും കീർത്തി കേട്ടതാണ് മോഡൽ.