car-kidnap

മാസങ്ങൾക്ക് മുൻപ് ടിക്ടോക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായ സിഗ്നൽ ഒരു പെൺകുട്ടിയെ രക്ഷിച്ചു. ടിക് ടോക്കിൽ ഹിറ്റായ ഹാൻഡ് സിഗ്നലാണ് 61കാരൻ തട്ടിക്കൊണ്ടുപോയ 16കാരിയെ രക്ഷിക്കാൻ സഹായിച്ചത്. ആഷെവില്ലിൽ നിന്നാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയത്. കാറിൽ നിന്ന് ഒരു പെൺകുട്ടി സഹായത്തിനായി ഹാൻഡ് സിഗ്നൽ കാണിക്കുന്നത് ശ്രദ്ധയിൽപെട്ട മറ്റൊരു ഡ്രൈവറാണ് രക്ഷയ്ക്കെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് നോർത്ത് കരോലിനയിലെ ആഷെവില്ലിൽ നിന്ന് മകളെ കാണാതായതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിനൽകിയത്. കാണാതായി രണ്ട് ദിവസത്തിനും ശേഷമാണ് പെൺകുട്ടിയെ രക്ഷിക്കാനായത്. പെൺകുട്ടികൾക്ക് താൻ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് മറ്റുള്ളവരെ രഹസ്യമായി കാണിക്കാൻ ആണ് ഹാൻഡ് സിഗ്നൽ ഉപയോഗിക്കുന്നത്. ഇത് ടിക്ടോക്കിൽ വൻ ഹിറ്റായിരുന്നു.

 

കാറിൽ നിന്ന് പെൺകുട്ടിയുടെ ഹാൻഡ് സിഗ്നൽ കണ്ടതോടെ പെട്ടെന്ന് തന്നെ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാഹനം തടഞ്ഞുനിർത്തി കുറ്റവാളി ജെയിംസ് ഹെർബർട്ട് ബ്രിക്കിനെ അറസ്റ്റ് ചെയ്തു പെൺകുട്ടിയെ രക്ഷിച്ചു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ചിത്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.

 

അതിക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് പെൺകുട്ടികൾക്ക് രഹസ്യമായി മറ്റൊരാളെ അറിയിക്കാനുള്ള അടയാളമാണ് ഹാൻഡ് സിഗ്നൽ. കൈപ്പത്തിയുടെ ഉൾഭാഗം കണുന്ന രീതിയിൽ നിവർത്തിപ്പിടിച്ച് തള്ളവിരൽ അകത്തേക്ക് മടക്കി മറ്റു വിരലുകൾ മുഴുവൻ മടക്കുന്നതാണ് അതിക്രമത്തിനും പീഡനത്തിനും ഇരയാകുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള വഴി. സഹായം ആവശ്യമുള്ള സമയങ്ങളിലെല്ലാം പെൺകുട്ടികൾക്ക് ഈ സിഗ്നൽ ഉപയോഗിക്കാം.

 

കോവിഡ് സമയത്ത് വീടുകളിൽ കഴിഞ്ഞിരുന്ന പെൺകുട്ടികൾക്കു നേരെയുള്ള പീഡനങ്ങൾ വർധിച്ചിരുന്നു. ഈ സാഹചര്യം മുന്നിൽകണ്ടാണ് സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ സഹായം ആവശ്യമുള്ള പെൺകുട്ടികൾക്ക് ഇക്കാര്യം പുറംലോകത്തെ രഹസ്യമായി അറിയിക്കാൻ ഹാൻഡ് സിഗ്നൽ ക്യാംപെയിൻ തുടങ്ങിയത്. ഇത് ടിക് ടോക്കിൽ വൻ ഹിറ്റാകുകയും ചെയ്തിരുന്നു.