ആമസോണിലെ പിരാനകള്‍ അവയുടെ ആകമണ സ്വഭാവം കൊണ്ട് കുപ്രസിദ്ധി നേടിയവയാണ്. കൂര്‍ത്ത പല്ലുകളുള്ള, നിമിഷ നേരം കൊണ്ട് ഇരയെ ആക്രമിച്ച് എല്ലുകള്‍ മാത്രം ബാക്കിയാക്കുന്ന ഇവ ഇക്കാരണം കൊണ്ടു തന്നെ മനുഷ്യര്‍ ഏറ്റവും ഭയക്കുന്ന ജീവികളിലൊന്നുമാണ്. തടാകത്തിലേക്ക് ചാടിയ യുവാവിനെ പിരാനകൾ തിന്നുതീർത്ത വാർത്തയാണ് ഇപ്പോൾ ബ്രസീലിൽ നിന്നും പുറത്തുവരുന്നത്. തെക്കൻ ബ്രസീലിലെ ബ്രസീലാൻഡെ ഡി മിനാസിലാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഒഴിവു ദിവസം ആഘോഷിക്കാനായി രണ്ട് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഫാമിലെ തടാകക്കരയിൽ മീൻ പിടിക്കാനെത്തിയതായിരുന്നു 30കാരനായ യുവാവ്.

 

ഇതിനിടയിലാണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം ഇവരെ ആക്രമിച്ചത്. തേനീച്ചകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇവർ എടുത്തുചാടിയത് പിരാനകൾ നിറഞ്ഞ തടാകത്തിലേക്കായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അപകടമൊന്നും പറ്റാതെ നീന്തി രക്ഷപ്പെട്ടു. എന്നാൽ യുവാവ് പിരാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. തീരത്തു നിന്നും 4 മീറ്റർ മാറിയാണ് ഇയാളുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

 

പിരാനകളുടെ ആക്രമണത്തിൽ വികൃതമാക്കപ്പെട്ട നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. മുങ്ങിമരിച്ചതിനു ശേഷമാണോ പിരാനകൾ ആക്രമിച്ചത് അതോ ഇവയുടെ ആക്രമണത്തിലാണോ യുവാവ് കൊല്ലപ്പെട്ടതെന്നുള്ള വിവരം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സൗത്ത് അമേരിക്കയിലെ ആമസോൺ നദികളിൽ ഏകദേശം 30 വിഭാഗത്തിലുള്ള പിരാനകൾ ഉണ്ടെന്നാണ് കണക്കുകൾ. ഒരു കാട്ടുപോത്തിനെ പോലും കൂട്ടമായി ആക്രമിച്ചാല്‍ മിനിട്ടുള്‍ക്കകം തിന്നു തീര്‍ക്കാന്‍ കഴിയുന്നവയാണ് പിരാനകള്‍. അതുകൊണ്ട് തന്നെ പിരാനകള്‍ കാണപ്പെടുന്ന തടാകങ്ങളോ നദികളോ മനുഷ്യര്‍ക്ക് സുരക്ഷിതമല്ല.