TAGS

പെരിയ : രാവിലെ പത്രം ഏജന്റിന്റെ സ്കൂട്ടറിന്റെ ശബ്ദം കേട്ടാൽ പെരിയ വില്ലാരംപതിയിലെ ‘അശ്വതി ഭവന്റെ’ ഗേറ്റിനു സമീപത്തേക്ക് സ്ഥിരമായി ഓടിയെത്തുന്ന ഒരാളുണ്ട്. ഈ വീടിന്റെ കാവൽക്കാരനായ വളർത്തു നായ– ലിയോ. ഇവിടെ പത്രം വിതരണം ചെയ്യുന്ന ഏജന്റ് കരിഞ്ചാലിലെ ദാമോദരനിൽ നിന്ന് നേരിട്ട് പത്രം വാങ്ങി വീട്ടിലെത്തിച്ചാലേ കക്ഷിക്ക് ‘തൃപ്തി’ വരൂ. വീട്ടുടമ നാരായണനോ ഭാര്യയോ മക്കളോ പത്രം എടുക്കാൻ ചെന്നാൽ ലിയോ പിണങ്ങി ശബ്ദമുണ്ടാക്കും–‘അത് എന്റെ ഡ്യൂട്ടിയല്ലേ’ എന്ന ഭാവത്തിൽ.

 

റോഡിലൂടെ മറ്റു വാഹനങ്ങളാണ് പോകുന്നതെങ്കിൽ ലിയോ ‘മൈൻഡ്’ പോലും ചെയ്യില്ല. ദാമോദരന്റെ സ്കൂട്ടറിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ലിയോ ഗേറ്റിനു മുന്നിൽ ഹാജരായിരിക്കും. ഗേറ്റിനു പുറത്തു നിന്ന് നേരത്തേ പത്രം അകത്തേക്ക് എറിഞ്ഞു കൊടുത്തിരുന്ന ദാമോദരനെ ഇപ്പോൾ ലിയോ അതിനു സമ്മതിക്കില്ല. ഗേറ്റിലേക്ക് മുൻകാലുകൾ ഉയർത്തി നിൽക്കും. ദാമോദരൻ പത്രം മടക്കി ഗേറ്റിന് ഇടയിലൂടെ നീട്ടി നൽകിയാൽ മതി കടിച്ചുപടിച്ച് നേരെ വീട്ടുകാരുടെ അടുത്തെത്തിക്കും.

 

ഒരു വയസ്സായ, ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട ലിയോയെ മംഗളൂരുവിൽ നിന്നാണ് നാരായണൻ വാങ്ങിയത്. ഭാര്യ വിലാസിനിയും മക്കളായ അശ്വിനിയും അഭിനവും ഗേറ്റിലേക്ക് പത്രമെടുക്കാൻ പോകുമ്പോൾ ഒപ്പം പോകുമായിരുന്ന ലിയോ പിന്നെ ഇവരില്ലെങ്കിലും പോകുമെന്നായി. ഏജന്റ് ദാമോദരനുമായും ‘സൗഹൃദ’ത്തിലായ ലിയോ അങ്ങനെയാണ് നേരിട്ട് ‘ഇടപാട്’ തുടങ്ങിയത്.

 

വീട്ടുകാർ ആരുമില്ലെങ്കിലും ലിയോ ഉണ്ടെങ്കിൽ പത്രം കൃത്യമായി എടുത്തുകൊണ്ടുപോയി സൂക്ഷിക്കുമെന്നതിനാൽ ദാമോദരനും ‘ഹാപ്പിയാണ്’. പക്ഷേ രാവിലെ പത്രം കൊടുത്താലും പത്രത്തിന്റെ വരിസംഖ്യ പിരിക്കാനായി പിന്നീട് പോകേണ്ടി വന്നാലും ലിയോയ്ക്ക് പത്രം കൂടിയേ തീരൂ. അതിനാൽ ദാമോദരൻ ഒരു പഴയ പത്രവും കരുതിയാണ് ഇവിടേക്ക് വരിസംഖ്യയ്ക്കായി എത്തുക.