കൊച്ചിയിൽ സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതി വൻവാർത്താ പ്രാധാന്യം നേടിയിരുന്നു. അന്വേഷണത്തിനൊടുവിൽ ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായി. ടാറ്റൂ പതിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്തു. 

 

വിഷയത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷഷും രംഗത്തെത്തി.തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെൺകുട്ടികൾക്കും ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലിൽ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു.

 

സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താൻ കേട്ടതെന്നും അതു വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. സുജീഷിൽ നിന്നും തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടൽ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. സുജീഷിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി വിഡിയോയിൽ പറഞ്ഞു. 

 

ഓരോ പെൺകുട്ടിയും ലൈംഗികാതിക്രമങ്ങൾക്കെതിരെ ധൈര്യപൂർവം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നിൽക്കേണ്ടതും എങ്ങനെയെന്നും അഭിരാമി വിഡിയോയിൽ പറയുന്നുണ്ട്. ഇക്കാലത്ത് പെൺകുട്ടികൾ പെപ്പർസ്പ്രേ കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക ഓർമിപ്പിച്ചു. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ ആ സമയത്ത് ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി പറയുന്നു.