shafna-post

ഉമ്മ തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷനിമിഷങ്ങളിലൊന്നിനെ കുറിച്ച് ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് ഷബ്ന ഹാരിസ്. നാൽപതിനോടടുത്ത പ്രായമുള്ള ഉമ്മ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കേൾക്കേണ്ടി വന്ന പരിഹാസ വാക്കുകളിൽ നിന്നുമാണ് ഷബ്നയുടെ കുറിപ്പ് തുടങ്ങുന്നത്. പ്രസവകാലത്ത് ഉമ്മ അനുഭവിച്ച വേദനകളും ഉമ്മയെ സ്നേഹത്തോടെ പരിചരിച്ചതുമൊക്കെ ഷബ്ന വാക്കുകളിൽ ചേർത്തുവയ്ക്കുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്കപ്പുറം ഉമ്മയുടെയും തങ്ങളുടെയും ജീവിതത്തിലേക്ക് കടന്നു വന്ന കൺമണിയെക്കുറിച്ചും അവൻ നൽകിയ സന്തോഷാശ്രുക്കളെ കുറിച്ചും ഷബ്ന കൂട്ടിച്ചേർക്കുന്നു. മാതൃദിനത്തിലാണ് ഹൃദയംതൊടും കുറിപ്പ് ഷബ്ന പങ്കുവച്ചത്.

ഷബ്നയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘മാഷേ അറിഞ്ഞോ "ഇവളെ ഉമ്മ പ്രെഗ്നന്റ്"ണെന്ന് . കോളേജ്ന്റെ മേലെന്നിന്നും താഴേക്കു ഒരു മാഷ് മറ്റൊരു മാഷോട് വിളിച്ച് പറയുന്നത് കേട്ടു ഫ്രണ്ട്‌സ് മൊത്തം എന്നെ ന്നോക്കി ചിരിച്ചു, "അല്ലങ്കിലും ഈ വയസാം കാലത്ത് ഇതെന്തിന്റെ കേടാ അന്റെ പേരെന്റ്സ്ന്........അന്റെ താത്താക്ക് കുട്ടികളായില്ലേ. ന്നിട്ടാണോ.... അയ്യേ",.

 

(ഫ്രെണ്ട്സ് കളിയാക്കി പറഞ്ഞു ).

 

ഇടക്കൊക്കെ ഫ്രണ്ട്സ് പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്കും തോന്നിട്ടുണ്ട്. ആകെ നാണക്കേടായെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്, അതെന്റെ അറിവില്ലായ്മ.  ഒരു കള്ള ചിരിയോടെ "ഉമ്മാനെ നല്ലോണം ന്നോക്കണട്ടോന്ന്" ഉപ്പ ഗൾഫിൽ പോവുന്ന തൊട്ടുമുന്നേ എന്നെ അരികിൽ വിളിച്ചു പറഞ്ഞു. ഓ ഇത് ഉപ്പാന്റെ സ്ഥിരം പരിവാടിയാ ഗൾഫിലേക്ക് തിരിച്ചു പോവുമ്പോ എന്നും പറയും ഉമ്മാനെ ന്നോക്കണം, ഉമ്മ പറയുന്നതൊക്കെ അനുസരിക്കണം എന്നൊക്കെ. അതുകൊണ്ട് അതൊന്നും ഞാൻ വല്ല്യ കാര്യമായെടുത്തില്ല."

 

കുറച്ചൂസം കഴിഞ്ഞപ്പഴ ഉമ്മാടെ ഭക്ഷണം പറ്റായ്കയും, ഇടക്കിടക്കുള്ള ക്ഷീണവും ശ്രദ്ധിച്ചേ... എന്തോ പന്തികേട് അപ്പഴേ തോന്നി. എന്നെയും കൂടെ കൂട്ടി ആദ്യമായി ചെക്കപ്പിന് പോയപ്പോ ഉമ്മ."ഉമ്മ പ്രെഗ്നന്റാട്ടോ അതുകൊണ്ട് ഉമ്മാനെ ന്നല്ലോണം കെയറെയ്യണ്ണം,കാര്യങ്ങളൊക്കെ കുറച്ച് ബുദ്ധിമുട്ടാ സിസേറിയൻ വേണ്ടി വരും, ഉമ്മാടെ ഗർഭപാത്രത്തിന്റെ ഇടത്തെ അറ്റത്തും താഴെയുമായി രണ്ട് മുഴകൾ കാണുന്നുണ്ട്, പിന്നെ ഉമ്മാക്ക് നാല്‍പതോടടുത്തു...അത്കൊണ്ട് എല്ലാം കൊണ്ടും ഉമ്മാനെ നല്ലോണം ശ്രദ്ധിക്കണം.. റസ്റ്റ്‌ അത്യാവശ്യമാ ഭാരപെട്ട ജോലിയൊന്നും ചെയ്യിപ്പിക്കരുത് "

 

ഡോക്ടർ നിസ്സാരമായി പറഞ്ഞുതീർത്ത കാര്യങ്ങൾ കേട്ട് തരിച്ചിരുന്ന് പോയി ഞാൻ. ഉമ്മയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നെ. നാളെ അതെല്ലാം ഞാൻ ചെയ്തു തുടങ്ങണം വീട്ടു ജോലി, അനിയത്തിയെ സ്കൂളിൽ വിടുക, സാധനം വാങ്ങിക്കുക, കോളേജിൽ പോവുന്നതിന്റെ മുന്നേ ഉമ്മാക്കുള്ള ഭക്ഷണം, അങ്ങനെ കുറേ ചോദ്യചിഹ്നങ്ങളുണ്ടായിരുന്നുമനസ്സിൽ... എന്നേ കൊണ്ട് എങ്ങനെ ഇതെല്ലാം,

 

ആദ്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നെങ്കിലും, പതുകെ പതുക്കെ എല്ലാ കൈകാര്യം ചെയ്തു തുടങ്ങി. എന്നാലും ശെരിക്കും പഠിച്ചു ഞാൻ ഉമ്മാടെ ജോലിഭാരം എത്രത്തോളം മായിരുന്നെന്ന്. പലപ്പോഴും ഇങ്ങള്ക്കിവിടെ എന്ത് പണിയാ ഉള്ളേന്ന് " ഞാൻ ഉമ്മാനോട് ചോദിച്ചിരുന്നു ...

 

(ഹോ !ഇപ്പഴല്ലേ മനസിലായെ എന്താ ഉമ്മാക്ക് ഉണ്ടായിരുന്നതെന്ന്, )

 

ഇടക്ക് ഗൾഫിന്ന് വിളിക്കുന്ന താത്താനോട് പറയും" എന്നെ ഒറ്റക്ക് കഷ്ടപെടുത്താതെ നിനക്ക് ഒന്ന് ഇങ്ങോട്ട് വന്നൂടെന്ന് ".....അത് കേൾക്കുമ്പോ ഉമ്മാടെ മനസ്സ് വേദനിച്ചുകാണും. ഞങ്ങൾ മൂന്ന് പെൺകുട്ടികളാ ഉപ്പ ഗൾഫിലും അത്കൊണ്ട്തന്നെ വീട്ടിലെ മൊത്തം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിവന്നു.

 

ഞാൻ വെക്കുന്ന ചോറും കറിയും കഴിച്ചയുടനെ ശർദ്ധിക്കുന്ന ഉമ്മാനോട് എനിക്ക് പലപ്പോഴും നീരസം തോന്നീട്ടുണ്ട് . സന്തോഷത്തോടെ എന്തേലും ഉണ്ടാക്കി മുന്നിൽ വെച്ചാൽ "നീ ഇത് എടുതൊണ്ടോയെ.... ഇതിന്റെ വാസന എനിക്ക് സഹിക്കാൻ പറ്റുന്നില്ല" എന്നൊക്കെ പറയുമ്പോ ഇത് എല്ലാ ഗർഭിണികൾക്കും ഉണ്ടാവുന്ന പ്രശ്നമാണെന്ന് മനസിലാക്കാനുള്ള അറിവ് അന്നില്ലായിരുന്നു.... അതുകൊണ്ട് ഇടക്കൊക്കെ ഉമ്മാനോട് വല്ല്യ ദേഷ്യം കാണിക്കും.....

 

ഒമ്പത് മാസം ഉമ്മാനെ അനങ്ങാതെ കിടത്തി പരിചരിച്ചെങ്കിലും ഉമ്മാന്റെ കുറ്റപെടുത്തലുകളിൽ എനിക്ക് വല്ല്യ സങ്കടം ഉണ്ടായിരുന്നു... പ്രസവത്തോടടുത്ത് ഉപ്പ വന്നപ്പോ എന്റെ പരാതിപ്പെട്ടി ഞാൻ തുറന്നു..... "ഗർഭിണികൾക്ക് ഇച്ചിരി ദേഷ്യവും പറ്റായികയുമൊക്കെ കാണു"മെന്ന് ഉപ്പ പറഞ്ഞപ്പോഴാ എനിക്ക് സമാധാനമായേ...

 

(ഡോക്ടർപറഞ്ഞ ഡേറ്റ് അടുത്തു....ഉമ്മാക്ക് പ്രയാസംകൂടി കൂടി വന്നു...)

 

പ്രസവവാർഡിലേക്ക് ഉമ്മാനെ കയറ്റിയപ്പൊ ഉപ്പ പറഞ്ഞു "ഓൾക്ക് ഓപറേഷൻ ഒന്നും വേണ്ടിവരില്ല ഡോക്ടറെ. ആദ്യം നിങ്ങളൊന്ന് ന്നോക്കീ എന്നിട്ട് ഓപറേഷൻ ചെയ്യാം...

 

"അതിന് ഒരു മിറാക്കിൾ സംഭവിക്കണം കാക്ക... കാരണം ഇങ്ങളെ ഭാര്യന്റെ വയറ്റിൽ കുട്ടിമാത്രല്ല രണ്ട് മുഴകളുണ്ട് കൂടെ അറിയാലോ "ഡോക്ടർ അതും പറഞ്ഞു പ്രസവ വാർഡിലേക്ക് പോയി

 

സുലൈഖയോടൊപ്പമുളള സ്ത്രീകൾ ആരേലുമുണ്ടോ? ....... അകത്തുന്നിന്നും ചോദിക്കുന്നത് കേട്ടു. അർധരാത്രിയായോണ്ട് കൂടെ നിന്ന അമ്മായിയും മൂത്തമ്മയും ഉറങ്ങാൻ പോയിരുന്നു. രണ്ടും കല്പ്പിച്ച് ഞാൻ പ്രസവവാർഡിലേക്ക് കയറി....... കൃഷ്ണനേയും , ഗുരുവായൂരപ്പനേയും , കർത്താവിനേയും,അല്ലാഹ് നേയും .... ഉറക്കെ ഉറക്കെ അലറി വിളിക്കുന്നുണ്ടായിരുന്നു ഓരോ കർട്ടന്റെ അകത്തുനിന്നും,

 

ഈ നിലവിളിക്കൾ കേട്ട് തല കറങ്ങുന്ന പോലെ തോന്നിപോയി. ഞാൻ പതുക്കെ ഉമ്മാടെ അടുത്ത് ചെന്നു "എന്തിനാ ഉമ്മാ ഇങ്ങള് വിളിച്ചേ". "എനിക്ക് നല്ലോണം വേദനിക്കുന്നുണ്ട് ഞാൻ മരിക്കോ... ആവോ.!! ന്റെ മോളേ, ഇജ്ജ് ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്"

 

(അതും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി,)

 

"സുലൈഖ മോളെ കണ്ടില്ലേ സമാധാനമായില്ലേ, ഇനി മോള് പൊക്കോ," ഡോക്ടർ പറഞ്ഞു. ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ എന്നേ വല്ലാണ്ട് വേദനിപ്പിച്ചു. അപ്പോഴാ ഉമ്മാടെ അടുത്ത് കിടക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചേ വല്ലാതെ വേദനിക്കുന്നുണ്ട് അവർക്ക് .

 

അവരുടെ കഴുത്തിലെ ഞരമ്പുകൾ കരയുമ്പോൾ പൊങ്ങിവന്നു, കൈകൾ ഞെരിക്കുന്നു, പല്ലുകൾ കടിച്ചു പൊട്ടിക്കുന്നു .... ആ സ്ത്രീ മരിക്കാൻ പോവാണെന്ന് തോന്നി പോയി എനിക്ക്. ന്റെദേവി.......ന്ന് വിളിച്ച് അലറി കരയാണവർ ഡോക്ടർ "നന്നായി പുഷ്ചെയൂ കുട്ടീ "ന്ന് അവരോടു പറയുന്നതു കേട്ടു. അതിനിടക്ക് രക്തത്തിൽ കുളിച്ച ഒരു കുഞ്ഞ്ന് ഞാൻ ന്നോക്കി നിൽക്കേയവർ ജന്മംനൽകി. ആദ്യമായിട്ടാ പ്രസവം നേരിട്ട് കണ്ടത് ഞാൻ വല്ലാണ്ട് ഭയന്നുപോയി, ഞാൻ അന്ധാളിച്ചു നിക്കുന്നത് ശ്രദ്ധയിൽ പെട്ട ഡോക്ടർ എന്നെ അവിടെന്ന് പുറത്ത് കൊണ്ടോവാൻ അവിടെ നിൽക്കുന്നവരോട് പറഞ്ഞു....ഞാനാക്കെ മരവിച്ചിരുന്നു...

 

അല്ലാഹ് ഇത്രയും പ്രയാസപ്പെട്ടാണൊ എന്റെ ഉമ്മ പ്രസവിച്ചേ. .ഞാൻ എന്ത് ചെയ്തു കൊടുത്താലും അധികമല്ലാന്നും, ഉമ്മ എന്ത് പറഞ്ഞാലും സഹിക്കാവുന്നതും പൊറുക്കാവുന്നതുമേ ഉള്ളൂ എന്നും എന്നേ പഠിപ്പിക്കാൻ അള്ളാഹു നേരിട്ട് കാണിച്ചു തന്ന നിമിഷങ്ങളാണെന്ന് തോന്നി.

 

"ഉമ്മ പ്രസവിച്ചുട്ടോ ആൺകുട്ടിയാ,... നിന്നെയാ ഉമ്മ പ്രസവം കഴിഞ്ഞ ഉടനെ തിരക്കിയെ വേഗം ഉമ്മാടെഅടുത്തേക്ക് ചെല്ല്. ആ.......പിന്നേയ്യ് മോള് ആള്ഉഷാറാട്ടാ..... ഉമ്മാനെ ഇത്രയും കെയറെയ്തതോണ്ടാ ഓപറേഷൻ ഇല്ലാതായെ."എന്ന് ഡോക്ടർ പറഞ്ഞപ്പോ. എനിക്ക് വല്ലാത്ത അഭിമാനം തോന്നി.

 

ഞാൻ വേഗം ഉമ്മാന്റെ അടുത്തേക്ക് ഓടി ചെന്നു "ഇമ്മാന്റെ കുട്ടിണ്ടായോണ്ടാ ഇമ്മാക്ക് ഒരാൺകുട്ടിനെ കിട്ടിയേ"ന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നിട്ട് കുറേ ഉമ്മയും തന്നു ! എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച വേറെ നിമിഷങ്ങൾ ഉണ്ടായിട്ടില്ല.

 

എന്റെ ഉമ്മ എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ സന്തോഷനിമിഷങ്ങൾ mother's day യിൽ പങ്കുവെക്കുന്നു!  (ഒരിക്കലെങ്കിലും നമ്മുടെ ഉമ്മാടെ പ്രസവനോവ് നേരിട്ടു കണ്ടാൽ.... ഒരു വൃദ്ധസദനത്തിലും ഒരമ്മയും കാണില്ല)