അഗളി (പാലക്കാട്) : കതിർമണ്ഡപത്തിലേക്കു കയറുമ്പോഴും രേഖയുടെ മിഴികൾ കല്യാണമണ്ഡപത്തിന്റെ വാതിൽക്കൽ അച്ഛനെ തിരയുകയായിരുന്നു. താലി ചാർത്താനായി നിഖിലിന്റെ മുന്നിൽ നിൽക്കുമ്പോഴും ‘മോളേ’ എന്ന വിളിക്ക് അവർ കാതോർത്തു. സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ കാണാതായ വനം വാച്ചർ രാജന്റെ മകൾ രേഖയുടെ വിവാഹമായിരുന്നു ഇന്നലെ.
രാജന്റെ പേരിൽ അച്ചടിച്ച ക്ഷണക്കത്ത് സ്വീകരിച്ചവരെല്ലാം എത്തിയെങ്കിലും അവരെ സ്വീകരിക്കാൻ രാജനുണ്ടായിരുന്നില്ല. മുക്കാലി പുളിക്കാഞ്ചേരി വീട്ടിൽ രാജനെ (56) മേയ് 3നാണു കാണാതായത്. സൈരന്ധ്രിയിൽ പാചകപ്പുരയിൽനിന്നു ഭക്ഷണം കഴിച്ച് ഉറങ്ങാനായി ക്യാംപ് ഷെഡിലേക്കു പോയ രാജനെ പിന്നെ ആരും കണ്ടിട്ടില്ല. രാജന്റെ ചെരിപ്പും ടോർച്ചും മുണ്ടും പോക്കറ്റിൽ കരുതിയിരുന്ന മരുന്നും കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തി. രാജനെ കണ്ടെത്താൻ വനപാലകരും പൊലീസും നാട്ടുകാരും വിദഗ്ധരുടെ സഹായത്തോടെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
കല്യാണക്കുറി അച്ചടിക്കാൻ കൊടുത്താണു രാജൻ ജോലിക്കു പോയത്. കാണാതായ വിവരം രാജന്റെ അമ്മയെ അറിയിച്ചിട്ടില്ല. മുക്കാലിയിൽ വനം വകുപ്പിന്റെ ഡോർമട്രി ഹാളിലായിരുന്നു വിവാഹം. മണ്ണാർക്കാട് അക്കിപ്പാടത്ത് വീട്ടിൽ ഗോപാലന്റെ മകൻ നിഖിലാണു വരൻ. രാജന്റെ അഭാവത്തിലും കുറവുകളില്ലാതെ വിവാഹം നടത്താൻ സഹോദരങ്ങളും ബന്ധുക്കളും പ്രയത്നിച്ചു. സഹപ്രവർത്തകരും സുഹൃത്തുക്കളും കൈത്താങ്ങായി.