കടയ്ക്കൽ ∙ തിളക്കം കണ്ട് കടയ്ക്കൽ ചന്തയിൽ നിന്ന് ഇന്നലെ മത്സ്യം വാങ്ങിയവർ എല്ലാം വെട്ടിലായി. മത്സ്യം വീട്ടിൽ കൊണ്ടുപോയി കറിവയ്ക്കാൻ മുറിച്ചപ്പോൾ പുഴുക്കൾ മൂടിയ നിലയിൽ. പരാതി എത്തിയപ്പോൾ കടയ്ക്കൽ പഞ്ചായത്ത് അധികൃതർ ചന്തയിൽ എത്തി മത്സ്യം പിടികൂടി. പിന്നീട് നശിപ്പിച്ചു. കടയ്ക്കൽ ചന്തയിൽ രണ്ടാഴ്ച മുൻപ് പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും എത്തി പഴകിയ മത്സ്യം പിടികൂടിയിരുന്നു. ഇത്തരം മത്സ്യം വിൽക്കുന്നവർക്കെതിരെ നടപടി താക്കീതിൽ  ഒതുക്കുന്നു എന്നാണ് പരാതി. 150 രൂപ മുതൽ 350 രൂപ വരെ നൽകി വാങ്ങിക്കൊണ്ടു പോയ ചൂര മീനിൽ ആണ് പുഴു കണ്ടത്. മീനുമായി തിരിച്ചെത്തിയവർ ചന്തയിൽ പ്രതിഷേധിച്ചു.

 

കൊഴിയാള, നത്തോലി, അയല, പാര, കൊഞ്ച്, ചാള തുടങ്ങിയ മീനാണ് കൂടുതലും ഇവിടെ ചന്തയിൽ എത്തുന്നത്. കമ്മിഷൻ കടകളിൽ നിന്നു കൊണ്ടു വരുന്ന മീനുകളാണ് കൂടുതലും. കടയ്ക്കൽ പഞ്ചായത്തിലും മറ്റു പഞ്ചായത്തുകളിലും വാഹനങ്ങളിൽ കൊണ്ടു പോയി വിൽക്കാതെ വരുന്ന മത്സ്യം വീണ്ടും ചന്തയിൽ വിൽപനയ്ക്ക് എത്തിക്കുകയാണ്. പ്രധാന ചന്തയിൽ മാത്രമല്ല പരിസരത്തുള്ള സമാന്തര ചന്തകളിലും ഇത്തരത്തിലുള്ള മത്സ്യം വിൽക്കുന്നതായി പരാതി ഉണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ പഴകിയ മത്സ്യം പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ മറ്റ് പഞ്ചായത്ത് അംഗങ്ങളും ചേർന്നു പിടികൂടിയത്.