വേദനകൊണ്ട് നിലവിളിക്കുന്നവര്‍ക്കും ഉറ്റവരുടെ അവസ്ഥ കണ്ട് ഉള്ളുപൊള്ളി നില്‍ക്കുന്നവര്‍ക്കും ഒപ്പം നിന്ന് ആശ്വാസത്തിന്റ പുഞ്ചിരി സമ്മാനിക്കുന്നവരാണ് ഭൂമിയിലെ മാലാഖമാരെന്ന് നമ്മളൊക്കെ വിളിക്കുന്ന നഴ്സുമാര്‍. അവരുടെ കരുതല്‍ നല്‍കുന്ന ഊര്‍ജത്തിനും വാക്കുകള്‍ പകരുന്ന ആത്മവിശ്വാസത്തിനും പലപ്പോഴും ഒരു ജീവന്‍ തിരികെപ്പിടിക്കാനുള്ള ശക്തിയുണ്ട്.
രോഗിയുടെ വേദനയില്‍ സ്വന്തം അവസ്ഥപോലും മറന്ന് വിളികേള്‍ക്കുന്നവരാണ് തങ്ങളെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ എസ്.അശ്വതി. സഞ്ചരിച്ച ബസിലെ യാത്രക്കാരന്‍ കുഴഞ്ഞു വീണപ്പോള്‍ നിറവയറുമായി തക്കസമയത്ത് പരിചരിച്ചായിരുന്നു അശ്വതിയുടെ സേവനം.
ഡ്യൂട്ടി കഴിഞ്ഞ് കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നുള്ള അവസാന ബസില്‍ കുണ്ടറ മുളവനയിലെ വീട്ടിലേക്ക് പുറപ്പെടുംവരെ അശ്വതിക്ക് അതൊരു സാധാരണദിവസമായിരുന്നു. എന്നാല്‍ ബസ് നീങ്ങി തുടങ്ങിയപ്പോള്‍ സഹയാത്രികരില്‍ ഒരാള്‍ ബോധംകെട്ടുവീണതോടെ മറക്കാനാവാത്ത ഒരു ദിനമായി അതുമാറി.
വീണയാളുടെ ചെവിയില്‍ നിന്ന് രക്തം വരുന്നെന്നും ബസില്‍ ആരോഗ്യപ്രവര്‍ത്തര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കണമെന്നും കണ്ടക്ടര്‍ വിളിച്ചു പറയുമ്പോള്‍ അശ്വതി മറ്റൊന്നും ചിന്തിച്ചില്ല. ഓടി പിന്‍സീറ്റിനടുത്ത് വീണുകിടന്ന യാത്രക്കാരനരികിലെത്തി. പരിശോധിച്ചപ്പോള്‍ പള്‍സ് ഇല്ല. എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്ന് അശ്വതി അറിയിച്ചു.
'ബസില്‍ ഉണ്ടായിരുന്നു വലിയ സഹകരണമാണ് എല്ലാവരും നല്‍കിയത്. മൂന്ന് നാല് ചെറുപ്പക്കാര്‍ ആദ്യം തന്നെ ഓടിയെത്തി. ഡ്രൈവര്‍ ചേട്ടന്‍ അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞു. ഇതിനിടയിലെ സ്റ്റോപ്പുകളില്‍ ഇറങ്ങണമെന്ന് ആരും പറഞ്ഞതേയില്ല. സഹയാത്രികരൊക്കെ ഒപ്പംനിന്നു'. അശ്വതി ഓര്‍ത്തെടുത്തു.
ആശുപത്രിയിലെത്തുംവരെ ആ ജീവന്‍ തന്റെ കൈകളിലാണെന്ന് തിരിച്ചറിഞ്ഞ അശ്വതി നിലത്തിരുന്ന് സിപിആര്‍ നല്‍കാന്‍ തുടങ്ങി. ഗര്‍ഭിണിയാണെന്നും ഇത്ര വലിയ വയര്‍ തനിക്കുണ്ടെന്നും അപ്പോള്‍ ഓര്‍ത്തില്ലെന്ന് അവര്‍ പുഞ്ചിരിയോടെ പറയുന്നു. ആ പരിശ്രമം വെറുതെയായില്ല. ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി. അശ്വതിയ്ക്കും ഒപ്പം നിന്നവര്‍ക്കും ആശ്വാസം.
ഗര്‍ഭിണിയല്ലേ.. സിപിആര്‍ നല്‍കുമ്പോള്‍ കോവിഡിനെക്കുറിച്ചൊന്നും പേടിച്ചില്ലേ എന്നുചോദിക്കുമ്പോള്‍ തന്റെ മുന്നില്‍ ആ ഒരൊറ്റ ജീവനേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു എന്ന് ഉറപ്പിച്ച് പറയുന്നു അശ്വതി.
തെങ്കാശിയിലേക്കുള്ള ടിക്കറ്റെടുത്ത പേരുപോലും അറിയാത്ത സഹയാത്രികനെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് അശ്വതിയടക്കം ആ വണ്ടിയിലുണ്ടായിരുന്നവരൊക്കെ മടങ്ങിയത്. അയാള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു അവരുടെയൊക്കെ ഉള്ളില്‍.
പിറ്റേന്ന് അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയേലേക്ക് മാറ്റിയതായി വിവരം ലഭിച്ചു. അപ്പോഴാണ് തലേദിവസം നടന്ന സംഭവങ്ങള്‍ അശ്വതി കൂടെ ജോലി ചെയ്തവരോട് പറഞ്ഞത്. എന്നാല്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴേക്കും അവിടെ നിന്നും അയാള്‍ ഡിസ്ചാര്‍ജ് വാങ്ങി പോയിരുന്നു. ആ അപരിചിതന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തിയ ബസിലെ ഡ്രൈവറും കണ്ടക്ടറും അശ്വതിയെപ്പോലെ തന്നെ നിരാശരായി മടങ്ങി.
ഏതായാലും കൂട്ടായ പ്രവര്‍ത്തനവും സമയോചിതഇടപെടലും കൊണ്ട് ഒരു ജീവന്‍ രക്ഷപെട്ടതിന്റെ സന്തോഷത്തിലാണ് അശ്വതി. അന്ന് ബസിലുണ്ടായിരുന്ന ഓരോ യാത്രക്കാരും അത് പങ്കുവയ്ക്കുന്നു. നിരവധിപേര്‍ ആശംസകളുമായി എത്തുമ്പോള്‍ ആദ്യമായി പൊതു ഇടത്തില്‍ ഇത്തരമൊരു അടിയന്തിര സാഹചര്യം വിജയകരമായി തരണംചെയ്തതിന്റെ സന്തോഷം ഈ മുപ്പത്തിമൂന്നുകാരി മറച്ചുവയ്ക്കുന്നില്ല.