കമലഹാസന്റെ 'വിക്രം' റിലീസ് ചെയ്ത് മൂന്ന് മാസത്തിനിപ്പുറവും സിനിമയുടെ ഹാങ്ങോവറിൽ നിന്ന് ആരാധകർ ഇതുവരെ പുറത്തുവന്നിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വിക്രം തരംഗമാണ്. അതിന്റെ ഭാഗമാകുകയാണ് നടന് ജോജുവും മകൾ സാറയും. പലപ്പോഴും മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ പാത്തു എന്ന് വിളിപ്പേരുള്ള സാറ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിക്രമിലെ ‘പത്തലെ പത്തലെ’ പാട്ടിനൊപ്പം ചുവട് വയ്ക്കുകയാണ് അപ്പയും മകളും.
ഫെയ്‌സ്ബുക്കിലാണ് ഈ മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവർക്ക് പ്രോത്സാഹനവുമായി ജോജുവിന്റെ മകനും ഒപ്പമുണ്ട്. അച്ഛനെയും മക്കളെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മുന്‍പ് മകളോടൊപ്പമുള്ള പാട്ടിന്റെ വിഡിയോകള്‍ ജോജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ പാട്ടിൽ മാത്രമല്ല നൃത്തത്തിലും തനിക്കു കഴിവുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം. പാത്തുവിനും അപ്പയ്ക്കും ആശംസകളുമായി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ.