ep-troll

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രഖ്യാപനം ട്രോൾ പേജുകളിൽ വൈറല്‍. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരെയും കാണാം. ഇതിനാെപ്പം കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇ.പി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്. അങ്ങനെ തലങ്ങും വിലങ്ങും ഇ.പി ട്രോളുകളിൽ നിറയുകയാണ്. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ നിലപാട്.

ep-new-troll

 

ep-troll-one

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇൻഡിഗോ കമ്പനി ടിക്കറ്റ് നൽകുകയായിരുന്നെന്ന് ഇ.പി.ജയരാജൻ ആരോപിച്ചു. ജൂൺ 13ന് താനും ഭാര്യയും ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനിൽക്കുന്ന ആളാണ് മുഖ്യമന്ത്രി. ആർഎസ്എസ് നേതാവ് രണ്ടു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്ക്കു വില പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം, കമ്പനിയുടെ ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പു ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിർദേശം. അന്ന് പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകൻ വിശദാംശങ്ങൾ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരു തരത്തിലുമുള്ള വിവരവും കമ്പനിയിൽനിന്ന് ലഭിച്ചില്ല. ഇന്ന് രാവിലെയാണ് വിലക്കേർപ്പെടുത്തിയ വാർത്ത കണ്ടത്. അപ്പോൾ തനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ ഇവിടുത്തെ ഇൻഡിഗോ കമ്പനിക്കു നിർദേശം അയച്ചു കൊടുത്തതായി അറിയാൻ കഴിഞ്ഞു. ഇൻഡിഗോ കമ്പനി നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്. 

 

സെഡ് കാറ്റഗറിയുള്ള ആൾ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനൽ കേസിലെ പ്രതി അടക്കം 3 അംഗ സംഘം ടിക്കറ്റ് എടുത്ത് കയറി. ഈ മൂന്നു പേർക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ഇൻഡിഗോയ്ക്കു പറ്റിയത്. കോണ്‍ഗ്രസിന്റെ കണ്ണൂർ ഓഫിസിൽനിന്ന് ടിക്കറ്റ് എടുക്കുമ്പോൾ ടിക്കറ്റ് കൊടുക്കാതിരിക്കണമായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയിൽനിന്ന് താൻ തടഞ്ഞതിനാൽ മുഖ്യമന്ത്രിക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കിൽ ഇൻഡിഗോ കമ്പനിക്കു കളങ്കം ഉണ്ടായേനേ. ഇതു വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനല്ല ഇൻഡിഗോയ്ക്കു താൽപര്യം. മാന്യമായി സർവീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെങ്കിൽ തനിക്ക് ഒന്നുമില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.