കൈ നിറയെ അവാർഡുകൾ വാരിക്കൂട്ടിയാണ് കേരളം ഇത്തവണ തലയെടുപ്പോടെ ദേശീയ പുരസ്കാര വേദിയിൽ നിന്ന് മടങ്ങിയത്. അപർണ ബാലമുരളിയെ പോലെ മലയാള സിനിമയിൽ മാത്രമല്ല മലയാളി മാറ്റുരച്ച് അവാർഡ് നേടിയിരിക്കുന്നത്. മികച്ച തുളു ചിത്രത്തിന്റെ സംവിധായകനെന്ന പുരസ്കാരം നേടി അഭിമാനമായിരിക്കുകയാണ് മലയാളിയായ സന്തോഷ് മാട.

 

മികച്ച തുളു ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ജീടിഗെ'യുടെ സംവിധായകനാണ് കണ്ണൂർ കൈതപ്രം സ്വദേശിയായ സന്തോഷ് മാട തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരീ പുത്രൻ കൂടിയാണ്.

 

ആദ്യ സംവിധാനത്തിന് തന്നെ ഇത്ര വലിയൊരു അംഗീകാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് സന്തോഷ് മാട.' ഒരിക്കലും ഇത്തമൊരു അവാർഡ് പ്രതീക്ഷിച്ചില്ല. കൊറോണ പ്രതിസന്ധിയിൽ വളരെ ചുരുങ്ങിയ സാഹചര്യങ്ങളിൽ ഒരുക്കിയ ചിത്രമാണ്. അംഗീകരിക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്. അവാർ‍‍ഡ് എന്റെ ഗുരുക്കന്മാർക്കായി സമർപ്പിക്കുകയാണ്.' സംവിധായകൻ മനസ് തുറന്നു.

 

കോവിഡ് കാലത്തെ പ്രതിസന്ധികളും ആളുകൾ അനുഭവിച്ച സമ്മർദങ്ങളുമെല്ലാം ചേരുന്നതാണ് 'ജീടിഗെ'. സംവിധായകന്റെ ആദ്യ സ്വതന്ത്ര സിനിമയാണ് ഇത്. മുൻപ് സംവിധായകൻ ജയരാജിനും കമലിനുമൊപ്പം പല ചിത്രങ്ങളിലും സഹ സംവിധായകനായി പ്രവർത്തിച്ച അനുഭവ സമ്പത്തും സന്തോഷിന് ആത്മവിശ്വാസം പകർന്നു.

 

മഞ്ചേശ്വത്തെ കന്നട മീഡിയം സ്കൂളിലെ വിദ്യാഭ്യാസമാണ് സന്തോഷിന് തുളു ഭാഷയിലേക്ക് അടുപ്പിച്ചത്. നിരവധി മലയാള ചിത്രങ്ങൾക്കായി പ്രവർത്തിച്ചപ്പോഴും ആദ്യ സംവിധാനം തുളു ഭാഷയിലാണ് നടന്നത്. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. മികച്ച സഹനടനടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ കന്നഡ നടൻ നവീൻ ഡി പടീലാണ് നായകൻ. നായിക മലയാളിയായ റൂപ വർക്കാടിയാണ്. ടെക്നീഷ്യൻമാരടക്കം നിരവധി മലയാളികളാണ് ചിത്രത്തിലുള്ളത്.

 

ഇന്ദ്രൻസും ദിലീഷ് പോത്തനുമടക്കം വലിയ താരനിരയുള്ള മലയാള ചിത്രത്തിന്റെ പണിപ്പുരയായിലാണ് സന്തോഷിപ്പോൾ.