poster-issue-response

സമൂഹമാധ്യമങ്ങളിൽ വന്‍ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവച്ച് 'ന്നാ താന്‍ കേസ് കൊട്' സിനിമയുടെ പത്രപ്പരസ്യം‍. ‘തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകം സര്‍ക്കാര്‍ അനുകൂലികള്‍ രോഷമുയര്‍ത്തി രംഗത്തെത്തി. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സമൂഹമാധ്യമങ്ങളില്‍ സജീവമായി.  വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ട്രോളുകളും പോസ്റ്റുകളും കമന്റുകളും സമൂഹമാധ്യമങ്ങളെ അടക്കിവാഴുകയാണ്.

 

വി.ഡി സതീശൻ മുതല്‍ വി.ടി ബൽറാം വരെയുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ‘കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ, ഇവന്മാർക്ക് പ്രാന്താണ് !’ എന്നാണ് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

 

റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്കാര സ്വതന്ത്ര്യമായി കാണണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുന്നവര്‍ ഇൗ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്തിനെന്നും ഇത്തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വഴിയിൽ കുഴിയുണ്ട്, മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്. ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആൾരൂപങ്ങൾക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കിൽ ‘ന്നാ താൻ കേസ് കൊട്’ എന്നാണ് സിനിമാതാരം ജോയ് മാത്യു പങ്കുവച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്.