‘മൂന്നുമാസത്തിലൊരിക്കൽ ഞാൻ യൂണിഫോം ടീ ഷർട്ട് ധരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ പോകാറുണ്ട്. പക്ഷേ ആരും എന്നെ തിരിച്ചറിയാറില്ല’– പ്രമുഖ ഫുഡ് ഡെലിവറി പാർട്ണറായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയലിന്റെ വാക്കുകളാണിത്. നൗകരി ഡോട് കോം സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
‘താൻ ദീപിന്ദറിനെയും സൊമാറ്റോ ടീമിനെയും കണ്ടുമുട്ടി. ദീപീന്ദർ ഉൾപ്പെടെയുള്ള എല്ലാ സീനിയർ മാനേജർമാരും ചുവന്ന സൊമാറ്റോ ടീ ധരിച്ച് മോട്ടോർ സൈക്കിളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. മൂന്നുമാസത്തിൽ ഒരിക്കൽ ഇതു നടക്കുന്നുണ്ട്. ആരും തന്നെ തിരിച്ചറിയാറില്ലെന്ന് ദിപിന്ദർ എന്നോട് പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ഈ പ്രവൃത്തി നടക്കുന്നുണ്ട്.’– സഞ്ജീവ് ബിഖ്ചന്ദാനി പറഞ്ഞു.
സഞ്ജീവിന്റെ ട്വീറ്റിനു പിന്നാലെ ദീപിന്ദറിനെ പുകഴ്ത്തി നിരവധിപ്പേർ രംഗത്തെത്തി. ‘മികച്ച പ്രവൃത്തി. ഉപഭോക്താവുമായി അടുക്കുന്നതുപോലെ മറ്റൊന്നുമില്ല. ഡെലിബോയുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം.’– ഒരാൾ കുറിച്ചു. ഒരു ജോലിയും ചെറുതല്ല. സഹപ്രവർത്തകരിലൊരാളായിനിന്ന് അനുഭവിച്ചറിയുക എന്നത് മികച്ചതാണെന്ന് മറ്റൊരാൾ കുറിച്ചു.