ആഭരണമെടുക്കലും വസ്ത്രങ്ങളെടുക്കലും ഹൽദി പോലുള്ള ആഘോഷങ്ങളും ഫൊട്ടോഷൂട്ടുകളുമെന്നിങ്ങനെ ദിവസങ്ങളും ആഴ്ചകളും നീളുന്ന ചടങ്ങായി വിവാഹം മാറിയിരിക്കുകയാണല്ലോ. ഇതിനിടയിൽ ആവശ്യത്തിന് വിശ്രമിക്കാൻ വധൂ–വരന്മാർക്ക് സമയം കിട്ടുക എന്നത് ആലോചനയിൽ പോലുമില്ലാത്ത കാര്യമാണ്. ഇന്ത്യയിലെ രീതി അനുസരിച്ച് വിവാഹ ദിനത്തിന് ദിവസങ്ങൾക്ക് മുൻപോ ഒരുപക്ഷേ ആഴ്ചകൾക്കു മുൻപുതന്നെയോ ആരംഭിക്കുന്ന ആഘോഷങ്ങളുമുണ്ട്. ചിലയിടങ്ങളിൽ വിവാഹം പകൽ സമയത്ത് ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന ചടങ്ങാണെങ്കിൽ മറ്റുചിലയിടങ്ങളിൽ രാത്രി ഏറെ വൈകി ആരംഭിച്ച് പുലർച്ചെ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.
അത്തരത്തിലുള്ള ഒരു വിവാഹ ചടങ്ങിനിടെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ക്ഷീണം മൂലം വിവാഹ വേദിയിലിരുന്ന് വധു ഉറങ്ങുന്നു, വരൻ മറ്റ് ചടങ്ങുകൾ തുടരുന്നു. രാത്രി ഏറെ വൈകി ആരംഭിച്ച ചടങ്ങുകൾ പുലർച്ചെയും തുടർന്നതോടെ ഉറക്കം പിടിച്ചു നിർത്താനാവാതെ വിവാഹ വേദിയിലിരുന്ന് അറിയാതെ വധു ഉറങ്ങി പോവുകയായിരുന്നു. ഷിംലയിലെ ഒരു വിവാഹാഘോഷത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. വധുതന്നെയാണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
വരൻ വിവാഹ ആചാരങ്ങൾ തുടരുന്നുണ്ട്. ചുറ്റും നിൽക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഈ കാഴ്ച കാണുന്നുണ്ടെങ്കിലും അവരാരും വധുവിനെ ശല്യപ്പെടുത്താൻ മുതിർന്നതുമില്ല. സമയം പുലർച്ചെ ആറര പിന്നിട്ടിട്ടും വിവാഹ ചടങ്ങുകൾ അവസാനിക്കാതിരുന്നതിനാലാണ് തനിക്ക് ഉറക്കം പിടിച്ചു നിർത്താൻ പറ്റാതെ പോയത് എന്നും വീഡിയോ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ വധു കുറിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
വധുവിന്റെ അവസ്ഥ പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്ന തരത്തിലാണ് പലരുടെയും പ്രതികരണങ്ങൾ. ഹൽദിയും മെഹന്തിയും എല്ലാമായി കല്യാണ തലേന്ന് ഏറെ വൈകി ഉറങ്ങാൻ കിടന്ന ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വിവാഹ ഒരുക്കങ്ങൾ നടത്തുമ്പോൾ തളർച്ച തോന്നിയാൽ അത്ഭുതമില്ല എന്ന് ചിലർ കുറിക്കുന്നു. സമാനമായ സാഹചര്യങ്ങളിലൂടെ തങ്ങളും കടന്നുപോയിട്ടുണ്ട് എന്ന് പറയുകയാണ് മറ്റു ചിലർ. വരനും ഈ അവസ്ഥ ബാധകമാണ് എന്നും പ്രതികരണങ്ങളുണ്ട്. അതേസമയം കൂടുതൽ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് മണിക്കൂറുകൾ നീണ്ട ഒരുക്കങ്ങൾ നടത്തേണ്ടി വരുമ്പോൾ പലപ്പോഴും വധുവിന് ഭക്ഷണം കഴിക്കാൻ പോലുമാവാറില്ല എന്ന കാര്യവും വീഡിയോ കണ്ടവരിൽ പലരും ഓർമിപ്പിക്കുന്നുണ്ട്.