ഷാരോണിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും നടി ഷംന കാസിം. ‘‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ. മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം.’’–ഷംന സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.
അതേസമയം പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നടൻ ഹരീഷ് പേരടിയും അഭിപ്രായപ്പെട്ടു. ‘ദൈവവും ദൈവവമില്ലായമയും പ്രണയമാണ്.പ്രണയമില്ലാതെ മനുഷ്യൻ എന്ന ജന്തുവിന് ജീവിക്കാൻ പറ്റില്ലാ.പക്ഷേ പ്രണയം സ്വകാര്യസ്വത്തവകാശമല്ലെന്നും അത് മനുഷ്യനെ മനുഷ്യനാക്കുന്ന സ്വാതന്ത്ര്യമാണെന്നും അവൻ, അവൾ പഠിച്ചേ പറ്റു. പ്രണയം പഠിക്കാത്തവന് പ്രണയിക്കാൻ അവകാശമില്ലാ എന്നും അവൻ,അവൾ പഠിച്ചേ മതിയാകു.’ ഹരീഷ് കുറിച്ചു.
യുവത്വത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്ന് നടൻ ചന്തുനാഥ് പറഞ്ഞു. പ്രണയപ്പകയിൽ കണ്ണൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേർത്തായിരുന്നു ചന്തുവിന്റെ പ്രതികരണം.
അതേസമയം ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് പ്രതി ചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിൽ ആണ്. തെളിവു നശിപ്പിക്കാൻ ഇവർ കൂട്ടുനിന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു.
Shamna Kasim facebook post about Sharon murder case