pencil-packing

സമൂഹമാധ്യമങ്ങൾ വഴി നിരവധി ജോലി തട്ടിപ്പുകൾ നടക്കാറുണ്ട്. അത്തരം തട്ടിപ്പുകളിലെ ഏറ്റവും പുതിയതാണ് പെൻസിൽ പാക്കിങ്ങ്. നടരാജ് പെൻസിലുകൾ പാക്ക് ചെയ്ത് കൊടുത്താൽ 20000 രൂപ മുതൽ 30000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും എന്ന തരത്തിലാണ് തട്ടിപ്പ് പ്രചരിക്കുന്നത്. ഈ ജോലി ചെയ്യുന്ന ആളുകളുടെ വ്യാജ ചിത്രവും പരസ്യത്തോടൊപ്പം നൽകിയിട്ടുണ്ടാകും. പാക്ക് ചെയ്യാനുള്ള പെൻസിലുകളുടെ ബോക്സ് ലഭിക്കാൻ 620 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശമായിരിക്കും ആദ്യം ലഭിക്കുന്നത്. 

 

പരസ്യം വിശ്വസിച്ച്, നൽകിയിരിക്കുന്ന വാട്സാപ്പ് നമ്പറിലേക്ക് പണം അയച്ചുനൽകിയാൽ നഷ്ടമാകുമെന്ന കാര്യം തീർച്ച. ഉത്തർപ്രദേശിലുള്ള നമ്പരിലേക്കാണ് പണം എത്തുന്നത്. ഐഡി കാർഡും പെൻസിൽ ബോക്സുകളും നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങുന്നത്. അതിനുശേഷം തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടും അഡ്രസ് വേരിഫിക്കേഷനായി 1400 രൂപ ചോദിക്കും. അതും നൽകി കഴിയുമ്പോൾ ഫോണിലേക്ക് വരുന്ന ഒടിപിയും ഒപ്പം കൊറിയർ ചാർജിനായി 2000രൂപയും ആവശ്യപ്പെടും. ഒടിപി നമ്പർ പറഞ്ഞുകൊടുക്കുന്നതോടെ അക്കൗണ്ട് വിവരങ്ങൾ ലഭിക്കും. പിന്നെ പണം പോകുന്ന വഴി അറിയില്ല. പറ്റിക്കപ്പെട്ട് കഴിയുമ്പോഴാകും തട്ടിപ്പിന്റെ ആഴം വ്യക്തമാകുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നേരിട്ട സംഭവം കൊച്ചി സൈബർ ക്രൈം പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയത് കൊണ്ടാണ് അധികം തുക നഷ്ടമാകാതിരുന്നത്. 

 

സമൂഹമാധ്യമത്തിൽ പോസ്റ്റുകളായും റീലുകളുമായിട്ടാണ് തൊഴിൽതട്ടിപ്പിന്റെ പരസ്യം പ്രചരിക്കുന്നത്. രജിസ്ട്രേഷൻ തുക ചെറുതായതിനാൽ ആളുകൾ സംശയിക്കാതെ തന്നെ അയച്ചുകൊടുക്കും. ഇതോടെ തട്ടിപ്പ്സംഘത്തിന്റെ വലയ്ക്കുള്ളിലാണ് എത്തിച്ചേരുന്നത്. പെൻസിൽ പാക്കിങ്ങിന്റെ പേരിലുള്ള തട്ടിപ്പുകൾ ശ്രദ്ധിക്കണമെന്ന് കൊച്ചി സൈബർ ക്രൈം വിഭാഗവും മുന്നറിയിപ്പ് നൽകുന്നുണ്ട്.